ന്യൂഡൽഹി: സൈനിക ആശുപത്രിയിലെ അനാസ്ഥയാൽ എച്ച്.ഐ.വി ബാധിതനായ വിമുക്തഭടന് 1,54,00,000 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് സുപ്രീംകോടതി. ഓപ്പറേഷൻ പരാക്രമിന്റെ ഭാഗമായിരുന്നപ്പോൾ സൈനിക ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ചതിനെ തുടർന്നാണ് നാവികസേനാ വിമുക്തഭടന് എച്ച്.ഐ.വി ബാധിച്ചത്. സംഭവത്തിൽ കര, വ്യോമ സേനകൾ തുല്യ ഉത്തരവാദികളാണെന്ന് ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. ആറാഴ്ചയ്ക്കകം നഷ്ടപരിഹാരതുക വ്യോമസേന കൈമാറണം. കരസേനയിൽ നിന്ന് പകുതി തുക വ്യോമസേനയ്ക്ക് ആവശ്യപ്പെടാം. പെൻഷൻ കുടിശ്ശികയും ആറാഴ്ചയ്ക്കകം കൊടുക്കണം. അന്തസോടെയും ബഹുമാനത്തോടെയും സൈനികർ പരിഗണിക്കപ്പെടുക തന്നെ വേണം. സേനയിലേക്ക് വരുന്ന യുവതീ യുവാക്കൾ അത് പ്രതീക്ഷിക്കുന്നുമുണ്ട്. പക്ഷെ വിമുക്തഭടന്റെ കാര്യത്തിൽ അതുണ്ടായില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഓപ്പറേഷൻ പരാക്രമിനിടെ
2001ലെ പാർലമെന്റ് ആക്രമണത്തിന് പിന്നാലെ ഇന്ത്യ - പാക് അതിർത്തിയിലുടനീളം യുദ്ധസമാനമായ അന്തരീക്ഷം ഉടലെടുത്തിരുന്നു. 2001 ഡിസംബർ മുതൽ 2002 ജൂൺ വരെ 'ഓപ്പറേഷൻ പരാക്രം" എന്ന പേരിൽ ഇന്ത്യ യുദ്ധസന്നാഹം നടത്തി. അതിൽ പങ്കെടുത്തയാളാണ് വ്യോമസേന മുൻ ഉദ്യോഗസ്ഥൻ. 2002 ജൂലായിൽ ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് സാംബയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വച്ച് രക്തം സ്വീകരിക്കേണ്ടി വന്നു. 2014ൽ അസുഖബാധിതനായപ്പോൾ നടത്തിയ പരിശോധനയിലാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. രോഗം ബാധിച്ചത് സൈനിക ആശുപത്രിയിലെ രക്തം സ്വീകരിക്കലിൽ നിന്നാണെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തി. സർവീസ് നീട്ടിനൽകണമെന്ന ആവശ്യം അനുവദിക്കാത്തതിനെ തുടർന്ന് 2016 മേയിൽ സർവീസിൽ നിന്ന് പിരിയേണ്ടി വന്നു. ഡിസെബിലിറ്റി സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും നിരസിച്ചു. തുടർന്ന് 95 ലക്ഷം നഷ്ടപരിഹാരം തേടി ദേശീയ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചു. സൈനിക ആശുപത്രിയിലെ വീഴ്ചയിലൂടെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തമാകുന്ന തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |