ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിനം പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ടാണ് കുതിരപ്പുറത്തേറി ഒരു സ്വർണമെഡലെത്തിയത്. ഇക്വിസ്റ്റേറിയനിൽ അവസാനമായി ഇന്ത്യ ഒരു മെഡൽ നേടിയത് 1986ലെ ഏഷ്യൻ ഗെയിംസിലാണ്. അതൊരു വെങ്കലമായിരുന്നു. അവസാനമായി സ്വർണം നേടിയതാകട്ടെ 1982ൽ ഏഷ്യാഡിന് ഡൽഹി ആതിഥ്യമരുളിയപ്പോഴും. പിന്നീടിത്രയും കാലം അകന്നുനിന്ന മെഡലാണ് ഇന്നലെ ഡ്രെസേജ് ഇനത്തിൽ സുദീപ്തി ഹലേജ,ദിവ്യാകൃതി സിംഗ്,വിപുൽ ചെദ്ദ,അനുഷ്അഗർവാല എന്നിവർ ചേർന്ന് നേടിയെടുത്തത്. ആതിഥേയരായ ചൈനയെ പിന്നിലാക്കിയാണ് ഇന്ത്യൻ കുതിരക്കാർ സ്വർണത്തിലേക്ക് കടിഞ്ഞാൺ വലിച്ചത്. 209.205 പോയിന്റാണ് ഇന്ത്യൻ ടീം ചേർന്ന് നേടിയത്. ചൈനീസ് ടീമിന് 204.882 പോയിന്റേ നേടാനായുള്ളൂ. ഹോംഗ്കോംഗ് ചൈനയ്ക്കാണ് വെങ്കലം.
കഴിഞ്ഞ ദിവസങ്ങളിലായി നടന്നുവരുന്ന സെയ്ലിംഗിൽ ഇന്നലെ പ്രതീക്ഷിച്ചിരുന്ന മെഡലാണ് നേഹ നേടിയെടുത്തത്. പെൺകുട്ടികളുടെ ഡിങ്കി ബോട്ട് ഉപയോഗിച്ചുള്ള ഐ.എൽ.സി.എ -4 കാറ്റഗറിയിൽ ആകെ 11 റേസുകളാണ് ഉണ്ടായിരുന്നത്. ഇന്നലെ 11-ാമത്തെ റേസ് പൂർത്തിയായപ്പോഴാണ് നേഹയ്ക്ക് വെള്ളി ഉറപ്പായത്. വിൻഡ് സർഫിംഗിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണ് ഇബാദ് അലിയുടെ വെങ്കലം.മലയാളിയായ പി.മധുവാണ് സെയ്ലിംഗിലെ ഇന്ത്യൻ സംഘത്തിന്റെ പരിശീലകൻ.
ഇന്നലെ ഇന്ത്യയെ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയത് വോളിബാളും ജൂഡോയിലെ തൂലിക മന്നുമാണ്. വോളിയിൽ മെഡലിന് വേണ്ടിയുള്ള പോരാട്ടമായിരുന്നില്ലെങ്കിൽക്കൂടി പാകിസ്ഥാനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് അടിപതറിയത് സങ്കടകരമായി മാറി. കോമൺവെൽത്ത് ഗെയിംസിലെ വെള്ളിമെഡൽ ജേതാവായ തുലികയുടെ പരാജയം അപ്രതീക്ഷിതമായിരുന്നു. പ്രീക്വാർട്ടറിൽ ചൈനീസ് താരത്തെ 10-0ത്തിന് തോൽപ്പിച്ച് മുന്നേറിയ തുലിക ക്വാർട്ടറിൽ അതേസ്കോറിന് ജാപ്പനീസ് താരത്തോട് തോൽക്കുകയായിരുന്നു. തുടർന്ന് റെപ്പഷാഗെ റൗണ്ടിൽ ജയിച്ച് വെങ്കലത്തിനായുള്ള മത്സരത്തിന് യോഗ്യത നേടിയെങ്കിലും അവിടെ മംഗോളിയൻ താരം അദിയാസുരനോട് തോറ്റു.
ഹോക്കിയിൽ ദുർബലരായ സിംഗപ്പൂരിനെയും 16 ഗോളടിച്ച് ഇന്ത്യ പറപ്പിച്ചപ്പോൾ ബോക്സിംഗിൽ പുരുഷ 92 കിലോ വിഭാഗത്തിൽ നരേന്ദർ ക്വാർട്ടറിലെത്തി. ചെസിൽ വനിതകളുടെ അഞ്ചാം റൗണ്ടിൽ കൊനേരു ഹംപി ഉസ്ബക്കിസ്ഥാന്റെ നിലുഫറിനെ തോൽപ്പിച്ചപ്പോൾ ഡി.ഹരിക വിയറ്റ്നാമിന്റെ തി കിം ഫുംഗിനെ തോൽപ്പിച്ചു.
അച്ഛന്റെ മെഡൽ,
മകന്റേയും
21കൊല്ലം മുമ്പ് ബുസാൻ ഏഷ്യൻ ഗെയിംസിൽ ഇന്ദർപാൽ സിംഗ് തുഴഞ്ഞ് വെങ്കലം നേടുമ്പോൾ മകൻ പർമീന്ദർ മുട്ടിലിഴയാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ആ പർമീന്ദർ കഴിഞ്ഞ ദിവസം ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസ് റോവിംഗിലെ വെങ്കലമെഡലണിഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്നു അച്ഛൻ ഇന്ദർപാൽ, ഇന്ത്യൻ ടീമിന്റെ പരിശീലകനായി.
റോവിംഗിൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്ന ഇന്ത്യക്കാരായ ആദ്യ അച്ഛനും മകനും എന്ന അപൂർവ നേട്ടത്തിനുടമകളാണ് ഇന്ദർപാലും പർമീന്ദറും. ഇന്ദർപാൽ 2002 ബുസാൻ ഏഷ്യൻ ഗെയിംസിൽ കോക്ലെസ് ഫോർ ഇവന്റിലാണ് വെങ്കലം നേടിയത്. 23കാരനായ പർമീന്ദർ മെൻസ് ക്വാഡ്രാപ്പിൾ സ്കൾസ് ടീമിലാണ് മത്സരിച്ചത്. ഇന്ത്യയുടെ ആദ്യകാല ഒളിമ്പിക് റോവിംഗ് താരങ്ങളിലൊരാളാണ് ഇന്ദർപാൽ. 2000 സിഡ്നി ഒളിമ്പിക്സിൽ ഇന്ദർപാൽ മത്സരിച്ചിരുന്നു. തുടർന്ന് കോച്ചിംഗിലേക്ക് തിരിയുകയായിരുന്നു.
സ്ക്വാഷിൽ പാകിസ്ഥാനെ പറപ്പിച്ച് ഇന്ത്യ
ഇന്നലെ രാവിലെവനിതാ വിഭാഗം സ്ക്വാഷിലെ ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യ 3-0ത്തിന് പാകിസ്ഥാനെ തകർത്തു. അനാഹത്ത് സിംഗ്, ജോഷ്ന ചിന്നപ്പ, തൻവി ഖന്ന എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. പൂൾ എയിലെ ആദ്യമത്സരത്തിൽഅനാഹത്ത് 11-6,11-6,11-3ന് സാദിയ ഗുലിനെയാണ് തോൽപ്പിച്ചത്. നൂറുൽ ഹുദാ സാദിഖിനെ ജോഷ്ന 11-2,11-5,11-7ന് കീഴടക്കിയപ്പോൾ തൻവി 11-3,11-6,11-2ന് നൂറുൽ ഐനെ മറികടന്നു. ഇന്ന് പൂൾ എയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ നേരിടും.
പുരുഷ വിഭാഗത്തിലെ പൂൾ എ മത്സരത്തിൽ ഇന്ത്യ ഇന്നലെ സിംഗപ്പൂരിനെ കീഴടക്കിയതും 3-0 എന്ന സ്കോറിനാണ്. ഹരീന്ദർപാൽ സിംഗ് സന്ധു,സൗരവ് ഘോഷാൽ,അഭയ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയങ്ങൾ നേടിയത്
എന്താണ് ഡ്രെസേജ് ?
കുതിരയോട്ടത്തിലെ ഒരു പ്രധാന മത്സരഇനമാണ് ഡ്രെസേജ്.
പരിശീലനം ലഭിച്ച കുതിരയുടെ ജിംനാസ്റ്റിക്, അത്ലറ്റിക് മികവുകൾക്കൊപ്പം പരിശീലിച്ച കാര്യങ്ങൾ മുറതെറ്റാതെ അവതരിപ്പിക്കുന്നതിലുള്ളകഴിവും വിലയിരുത്തപ്പെടുന്നു. ഇതിനായി കുതിരപ്പുറത്തിരിക്കുന്ന ആളുടെ പരിശ്രമം എത്ര കുറച്ച് മതിയാകുമോ ആ കുതിരയാണ് വിജയിക്കുക.
കുതിരയോട്ടക്കാരന് നിയന്ത്രിക്കാൻ കൂടുതൽ ശ്രമം വേണ്ടിവന്നാൽ പോയിന്റിൽ പിന്നിലാകും.
യൂറോപ്യൻ കുതിരകളെയാണ് പ്രധാനമായും ഡ്രെസേജിന് ഉപയോഗിക്കുക.
സ്ഥിരമായി പരിശീലിപ്പിക്കുന്ന കുതിരയെ മാത്രമേ മത്സരത്തിന് ഉപയോഗിക്കാനാവൂ
. വിദേശത്ത് മത്സരങ്ങൾക്ക് സ്വന്തം കുതിരയെ ചരക്കുവിമാനത്തിൽ പ്രത്യേക പേടകത്തിലാക്കി ഭക്ഷണമുൾപ്പടെ സജ്ജീകരിച്ചാണ് കൊണ്ടുപോകുന്നത്.
ഇൗ യാത്രകൾ പലപ്പോഴും കുതിരകൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.
വഞ്ചിയുമായി വെള്ളി
വെളിച്ചത്തിൽ കർഷകപുത്രി
മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച നേഹാ താക്കൂർ എന്ന പതിനേഴുകാരിയാണ് ഇന്നലെ സെയ്ലിംഗിൽ വെള്ളിമെഡൽ നേടി ഇന്ത്യയുടെ അഭിമാനം കാത്തത്. ഡിങ്കി വഞ്ചി ഉപയോഗിക്കുന്ന 11 റേസുകൾ ഉള്ള ഐ.എൽ.സി.എ-4 മത്സരത്തിലായിരുന്നു നേഹയുടെ വെള്ളി. ഇന്നലെയാണ് 11-ാമത്തെ റേസ് പൂർത്തിയായത്.
അഞ്ചാമത്തെ റേസിലൊഴിച്ച് മറ്റെല്ലാ റേസുകളിലും മികവ് പുലർത്തിയ നേഹ 27 നെറ്റ് പോയിന്റുകൾ നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. തായ്ലാൻഡിന്റെ നെപ്പോസാനാണ് സ്വർണം നേടിയത്. ഭോപ്പാലിലെ നാഷണൽ സെയ്ലിംഗ് സ്കൂളിലാണ് നേഹ പരിശീലനം നടത്തുന്നത്.
പാകിസ്ഥാനിലെ ചുള്ളന്മാരും
ചൈനയിലെ പെൺകുട്ടികളും
ടെക്സ്റ്റൈൽ സിറ്റി സ്റ്റേഡിയത്തിലെ വോളിബാൾ കോർട്ടിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ തോറ്റതിന്റെ സങ്കടത്തിൽ പുറത്തിറങ്ങുമ്പോൾ കളിക്കാരും പത്രക്കാരും തമ്മിൽ സംസാരിക്കാനുള്ള ഇടമായ മിക്സഡ് സോണിന് സമീപത്ത് വോളണ്ടിയർമാരുടെ ഒരു കൂട്ടം. പാകിസ്ഥാൻ ടീമിനെ അഭിനന്ദിക്കാനുള്ള ആവേശത്തോടെ നിൽക്കുന്ന വോളണ്ടിയർമാരിൽ മിക്കവരും പെൺകുട്ടികളാണ്. എല്ലാവരും പാകിസ്ഥാൻ ടീമിന്റെ വരവ് ചിത്രീകരിക്കാനും സെൽഫിയെടുക്കാനും മൊബൈൽ ഫോണുമായി നിൽക്കുകയാണ്.
മെഡൽ മാച്ചായിരുന്നില്ലെങ്കിൽക്കൂടി ഇന്ത്യയെ തോൽപ്പിച്ചതിനാൽ സ്വർണം നേടിയതിനേക്കാൾ ആവേശത്തിലായിരുന്നു പാകിസ്ഥാൻ താരങ്ങളുടെ വരവ്. തങ്ങളെ കാത്തുനിൽക്കുന്ന പെൺകുട്ടികളെ കണ്ടപ്പോൾ നല്ല ചുള്ളന്മാരായ പാക് ചെക്കന്മാരുടെ ഉള്ളിലും ലഡുപൊട്ടി.ആരാധകർക്ക് കൈ കൊടുത്തും സെൽഫിയെടുത്തും ചെക്കന്മാരും അർമാദിക്കാൻ തുടങ്ങി.ഒടുവിൽ കോച്ച് എത്തിയാണ് താരങ്ങളെ ഓടിച്ച് ടീം ബസിൽ കയറ്റിയത്. ഇതൊന്നും കണ്ട് നിൽക്കാനുള്ള ത്രാണിയില്ലാത്തതുകൊണ്ടാകണം കളി തോറ്റപ്പോൾതന്നെ ഇന്ത്യൻ ടീം കളം കാലിയാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കൊറിയയെ തോൽപ്പിച്ചപ്പോൾ പത്രക്കാരുടെ മുന്നിൽ ഏറെനേരം ചെലവിട്ട ഇന്ത്യൻ ചീഫ് കോച്ച് ജയ്ദീപ് സർക്കാർ ഇന്നലെ തനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞ് ഡ്രസിംഗ്റൂമിലേക്ക് പോവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |