ചണ്ഡീഗഡ്: കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ കൊണ്ട് മറ്റൊരു പ്രതിയുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിപ്പിച്ച പഞ്ചാബ് പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും മറ്റ് രണ്ട് പൊലീസുകാരുമാണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ലുധിയാന പൊലീസ് കമ്മിഷണർ മൻദീപ് സിംഗ് സിദ്ദുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
അഭിഭാഷകൻ നേരിട്ട ക്രൂര പീഡനത്തെ കുറിച്ച് പഞ്ചാബ് ബാർ അസോസിയേഷനാണ് പരാതി നൽകിയത്. പിന്നാലെ മുഖ്യമന്ത്രി ഭഗവന്ത് മാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്‌പി റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥൻ അടങ്ങുന്ന ആറംഗ സംഘമാണ് അഭിഭാഷകനെ ഉപദ്രവിച്ചത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രകൃതി വിരുദ്ധ പീഡനം, അന്യായമായി തടങ്കലിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മുക്ത്സർ എസ്പി രമൺദീപ് സിംഗ് ഭുള്ളർ, ഇൻസ്‌പെക്ടർ രമൺ കുമാർ കാംബോജ്, കോൺസ്റ്റബിൾമാരായ ഹർബൻസ് സിംഗ്, ഭൂപീന്ദർ സിംഗ്, ഗുർപ്രീത് സിംഗ്, ഹോം ഗാർഡ് ദാരാ സിംഗ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എസ്പി രമൺദീപ് സിംഗ് ഭുള്ളർ, ഇൻസ്‌പെക്ടർ രമൺ കുമാർ കാംബോജ്, കോൺസ്റ്റബിളായ ഹർബൻസ് സിംഗ് എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായത്.
സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിച്ചതിന് ശേഷം റിപ്പോർട്ട് സമർപ്പിക്കും. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ചുള്ള ആരോപണം പുറത്തുവരുന്നത്. പിന്നാലെ സഹപ്രവർത്തകന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ബാർ അസോസിയേഷൻ കോടതി ബഹിഷ്‌കരിച്ചു. അഭിഭാഷകനെ ഉപദ്രവിച്ച പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ആവശ്യം.
അതേസമയം, ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ചുമതലയുള്ള രമൺ കുമാർ കാംബോജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സെപ്തംബർ 14 ന് ആണ് അഭിഭാഷകനെ അറസ്റ്റ് ചെയ്യുന്നത്. അഭിഭാഷകരുടെ സംഘം പൊലീസുകാരെ ആക്രമിക്കുകയും ചില ഉദ്യോഗസ്ഥരുടെ യൂണിഫോം വലിച്ചുകീറുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി.
അഭിഭാഷകനൊപ്പം മറ്റൊരാളെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളോടൊപ്പമാണ് അഭിഭാഷകനെ നിർബന്ധിപ്പിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തിയത്. അഭിഭാഷകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുക്ത്സർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് സെപ്റ്റംബർ 22ന് പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |