കോട്ടയം: കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെക്കിട്ടിയില്ലെന്ന് പറയുന്നത് വിവരക്കേടാണെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. ബാങ്കിലെ ആധാരങ്ങളെല്ലാം ഇ ഡി കൊണ്ടുപോയതുകൊണ്ടാണ് പണം നൽകാൻ വൈകുന്നതെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 208 കോടിരൂപയില്‍ 76 കോടിരൂപ നിക്ഷേപകർക്ക് മടക്കിക്കൊടുത്തുവെന്നും 110 കോടിയുടെ നിക്ഷേപങ്ങൾ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
'ബാങ്കിലെ ആധാരങ്ങൾ പെറുക്കിക്കൊണ്ടുപോയതിനാലാണ് പണം നൽകാൻ കാലതാമസം നേരിടുന്നത്. 162 ആധാരങ്ങളാണ് അവർ കൊണ്ടുപോയത്. ബാങ്കിൽ നിന്ന് ആധാരം കൊണ്ടുപോകാൻ ഇ ഡിക്ക് എന്താണ് അവകാശം. പണം അടയ്ക്കാനുള്ളവർ അടയ്ക്കാൻ എത്തിയാൽ അവർക്ക് ആധാരം മടക്കിക്കൊടുക്കണ്ടേ? ഇ ഡി കൊണ്ടുപോയ ആധാരം തിരിച്ചുകിട്ടാതെ എങ്ങനെയാണ് കൊടുക്കുക. അതൊരു പ്രശ്നമായി വന്നിട്ടുണ്ട്. ഒരുരൂപപോലും നഷ്ടപ്പെടാതെ തിരികെ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് നടപ്പാക്കും' വാസവൻ പറഞ്ഞു.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ്, തൃശൂർ സഹകരണബാങ്ക് സെക്രട്ടറി ബിനു, അറസ്റ്റിലായ പി. സതീഷ്കുമാറിന്റെ ഭാര്യ ബിന്ദു എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെയും ഇവരെ ചോദ്യംചെയ്തിരുന്നു.
ചൊവ്വാഴ്ച അറസ്റ്റിലായ അരവിന്ദാക്ഷൻ, ജിൽസ് എന്നിവരെ ഇന്നലെ വൈകിട്ട് കസ്റ്റഡിയിൽ കിട്ടിയശേഷമാണ് ചോദ്യംചെയ്യുന്നത്. ട്ടിപ്പിലെ മുഖ്യപ്രതി സതീഷ്കുമാറുമായുള്ള ബന്ധം, സാമ്പത്തിക, ബിനാമി ഇടപാടുകൾ എന്നിവയുടെ വിവരങ്ങളാണ് ചോദിച്ചത്. തട്ടിപ്പിലെ കള്ളപ്പണ ഇടപാടുകൾ, ഉന്നതരുടെ ബന്ധങ്ങൾ തുടങ്ങിയവ സംബന്ധിച്ചും ഇന്ന് വൈകിട്ട് കസ്റ്റഡി തീരുംവരെ ചോദിക്കുമെന്നാണ് സൂചന. ഇരുവരും നടത്തിയ സംശയകരമായ പണമിടപാടുകൾ സംബന്ധിച്ചും ഇ.ഡി പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലും ചോദ്യംചെയ്യുന്നുണ്ട്.
സതീഷ്കുമാർ തൃശൂർ സഹകരണബാങ്കിൽ നടത്തിയ ഇടപാടുകൾ സംബന്ധിച്ചാണ് ബിനുവിനോട് ചോദിച്ചത്. കഴിഞ്ഞദിവസം ആവശ്യപ്പെട്ട കൂടുതൽ രേഖകളും ബിനു ഹാജരാക്കി.സതീഷ്കുമാർ നേരിട്ടും ബിനാമിയായും തൃശൂർ ബാങ്കിൽ നടത്തിയ ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. സതീഷ്കുമാറിന്റെ ബിനാമി സ്വത്തുക്കൾ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഉന്നതരുമായുള്ള ബന്ധം തുടങ്ങിയവയാണ് ബിന്ദുവിനോട് ചോദിച്ചതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |