SignIn
Kerala Kaumudi Online
Wednesday, 06 December 2023 4.34 AM IST

എം.എസ്. സ്വാമിനാഥൻ ഹരിതസ്‌മരണയായി

swaminathan

ചെന്നൈ: ഹരിത വിപ്ലവത്തിലൂടെ ഇന്ത്യയുടെ പട്ടിണിമാറ്റാൻ ജീവിതം സമർപ്പിച്ച ലോകപ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ ‌ഡോ. എം.എസ്.സ്വാമിനാഥൻ ഹരിതസ്‌മരണയായി. ഇന്നലെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 98 വയസായിരുന്നു. വാർദ്ധക്യസഹജമായ അവശതകളുമായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ ചെന്നൈയിൽ.

ഭക്ഷ്യക്ഷാമവും പട്ടിണി മരണങ്ങളും കൊണ്ട് വീർപ്പുമുട്ടിയ ഇന്ത്യയുടെ മണ്ണിൽ പൊന്നു വിളയിച്ചാണ് എം. എസ്. സ്വാമിനാഥൻ ശ്രദ്ധേയനായത്. അത്യുത്പാദന ശേഷിയുള്ള ഗോതമ്പും നെല്ലും ഉരുളക്കിഴങ്ങും വികസിപ്പിച്ച് രാജ്യത്തെ അദ്ദേഹം സ്വയംപര്യാപ്തതയിലേക്ക് നയിച്ചു. 1943ലെ ബംഗാൾ മഹാക്ഷാമത്തിൽ ലക്ഷക്കണക്കിനു മനുഷ്യർ പട്ടിണിമരണത്തിന് ഇരയാവുന്നതുകണ്ട് മനസുലഞ്ഞ സ്വാമിനാഥൻ ലോകത്തിന്റെ വിശപ്പില്ലാതാക്കാൻ ജീവിതം സമർപ്പിക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് മങ്കൊമ്പിലാണ് തറവാട്ട് വീട്. തമിഴ്നാട്ടിലെ കുഭകോണത്ത് 1925 ഓഗസ്റ്റ് 7നാണ് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്. സ്വാമിനാഥൻ ജനിച്ചത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അച്ഛൻ എം. കെ. സാംബശിവൻ ഡോക്ടറായിരുന്നു. അമ്മ പാർവതി തങ്കമ്മാൾ.

കുംഭകോണത്തായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ (പഴയ മഹാരാജാസ് കോളേജ് )​ നിന്ന് ജന്തുശാസ്ത്രത്തിലും കോയമ്പത്തൂർ അഗ്രികൾച്ചറൽ കോളേജിൽ (ഇന്നത്തെ തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ) നിന്ന് കൃഷി ശാസ്‌ത്രത്തിലും ബിരുദം. 1949ൽ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സൈറ്റോ ജനിറ്റിക്സിൽ ബിരുദാനന്തര ബിരുദം. തുടർന്ന് കേംബ്രിഡ്‌ജിൽ നിന്ന് പിഎച്ച്. ഡി. അവിടെ ഉന്നത പഠനം നടത്തിയിരുന്ന മീന ഭൂതലിംഗത്തെ ജീവിതസഖിയാക്കി.

വിസ്കോൺസിൻ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയ ഡോ. സ്വാമിനാഥൻ 1954ൽ കട്ടക്കിലെ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും പിന്നീട് ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും (ഐ. എ. ആർ. ഐ ) ഉദ്യോഗത്തിൽ പ്രവേശിച്ചു. 1966ൽ ഐ. എ. ആർ. ഐ ഡയറക്ടറായി. 1972 വരെ ആ പദവിയിൽ തുടർന്നു. ഈ കാലത്താണ് കാർഷിക ശാസ്‌ത്രജ്ഞൻ എന്ന നിലയിൽ ലോകപ്രശസ്തനായത്. ലോകത്തെ ഹരിതവിപ്ലവത്തിന്റെ ഗോഡ്ഫാദറായി അറിയപ്പെടുന്ന അമേരിക്കൻ കാർഷിക ശാസ്‌ത്രജ്ഞനും നോബൽ ജേതാവുമായ നോർമൻ ബോർലോഗുമായി സഹകരിച്ചാണ് ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കമിട്ടത്.

പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതികൾ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മഗ്സസെയും വേൾഡ് ഫുഡ് പ്രൈസും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഭാര്യ മീന സ്വാമിനാഥൻ 2022ൽ നിര്യാതയായി. മൂന്ന് പെൺമക്കൾ - ഡോ. സൗമ്യ സ്വാമിനാഥൻ (മുൻ ചീഫ് സയന്റിസ്റ്റ്, ലോകാരോഗ്യ സംഘടന; ശിശുരോഗ വിദഗ്ദ്ധ; എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്സൺ), മധുര സ്വാമിനാഥൻ (പ്രൊഫസർ & ഹെഡ്, ഇക്കണോമിക്ക് അനാലിസിസ് യൂണിറ്റ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്; ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ട്രസ്റ്റീസ് ബോർഡംഗം; വിസിറ്റിംഗ് പ്രൊഫസർ, കോർണെൽ യൂണിവേഴ്സിറ്റി ), നിത്യ റാവു (പ്രൊഫസർ, ജൻഡർ സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഒഫ് ഈസ്റ്റ് ആംഗ്ലിയ, നോ‌ർവിച്ച്, യു. കെ).

ഡോ. അജിത് യാദവ് ( സീനിയർ കൺസൾട്ടേറ്റിവ് ഓർത്തോപീഡിക് സർജൻ,

ഗ്ലെനീഗിൾസ് ഗ്ലോബൽ ഹോസ്‌പിറ്റൽ, ചെന്നൈ ), വി. കെ. രാമചന്ദ്രൻ (കേരള പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ), സുധീർ റാവു ( ടാറ്റ ട്രസ്റ്റ് മുൻ ഉദ്യോഗസ്ഥൻ ) എന്നിവർ മരുമക്കളാണ്.

പൊലീസ് ബഹുമതി

എം. എസ് സ്വാമിനാഥന്റെ സംസ്‌കാരച്ചടങ്ങ് പൊലീസ് ബഹുമതിയോടെ നടത്താൻ തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ ഉത്തരവിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MS SWAMINATHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.