SignIn
Kerala Kaumudi Online
Monday, 12 January 2026 2.39 PM IST

വെന്റിലേറ്ററിൽ നിന്ന് ജീവിതത്തിലേക്ക്

Increase Font Size Decrease Font Size Print Page
nipha

കോഴിക്കോട് : നിപ ബാധിച്ച് വെന്റിലേറ്ററിലായിരുന്ന ഒമ്പതുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് ആരോഗ്യരംഗത്തെ മികച്ച നേട്ടം. രണ്ട് ആഴ്ചയിലധികമായി കുടുംബവും നാടും പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷമാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലുണ്ടായത്. നിപ ബാധിതനായി മരിച്ച ഭർത്താവിനെ കുറിച്ചോർത്ത് വിതുമ്പുമ്പോഴും നഷ്ടപ്പെട്ടുവെന്ന് കരുതിയ മകനെ തിരിച്ച് കിട്ടിയ സന്തോഷത്തിലായിരുന്നു ഒമ്പതുകാരന്റെ മാതാവ്.

നിപയിൽ നിന്ന് മുക്തനായെത്തിയ മകനെ വാരിപ്പുണരാൻ ഇനി 14 ദിവസം കൂടി ഈ അമ്മ കാത്തിരിക്കും. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയും മാതൃ സഹോദരനുമാണ് മിംസ് ആശുപത്രിയിൽ നിന്ന് രോഗമുക്തരായത്. ലോകത്ത് ആദ്യമായാണ് നിപ ബാധിച്ച് വെന്റിലേറ്ററിലായ ഒരാൾ രോഗമുക്തി നേടുന്നതെന്ന് ‌ഡോക്ടർമാർ പറഞ്ഞു.

നിപ ബാധിച്ച് ആദ്യം മരിച്ച കുറ്റ്യാടി മരതോങ്കര സ്വദേശിയുടെ ഒമ്പതുകാരനായ മകനും 25കാരനായ ഭാര്യാ സഹോദരനുമാണ് രണ്ടാഴ്ച നീണ്ട ചികിത്സക്കൊടുവിൽ രോഗമുക്തരായത്. ബുധനാഴ്ച ലഭിച്ച പരിശോധനാ ഫലവും ഇന്നലെ രാത്രിയോടെയെത്തിയ രണ്ടാം ഫലവും നെഗറ്റീവ് ആയതോടെ ഇരുവരും ആശുപത്രി വിട്ടു.

@ കൂട്ടായ്മയുടെ വിജയം

ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ആശുപത്രി മാനേജ്‌മെന്റിന്റെയും കൂട്ടായ പ്രവർത്തന ഫലമായിരുന്നു നിപ അതിജീവനം. ആസ്റ്റർ നോർത്ത് കേരള ക്ലസ്റ്റർ ഡയറക്ടർ ഡോ. എ.എസ് അനൂപ് കുമാർ, പീഡിയാട്രിക് ഇന്റെൻസീവ് കെയർ യൂണിറ്റ് സീനിയർ കൺസൾട്ടന്റ് ഡോ. കെ. സതീഷ് കുമാർ, പൾമനോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ മികച്ച ചികിത്സയായിരുന്നു രോഗികൾക്ക് ലഭ്യമാക്കിയിരുന്നത്. രാവും പകലും കുട്ടിക്കുവേണ്ടി സേവനങ്ങളൊരുക്കിയ നഴ്‌സിംഗ് ജീവനക്കാരാണ് പ്രശംസ അർഹിക്കുന്നതെന്ന് പീഡിയാട്രിക് വിഭാഗം തലവൻ ഡോ. ഇ.കെ. സുരേഷ് കുമാർ പറഞ്ഞു. ചെയർമാൻ ആസാദ് മൂപ്പന്റെ നിർദ്ദേശപ്രകാരം ചികിത്സാ ചെലവുകൾ ആശുപത്രി ഏറ്റെടുക്കുന്നതായി ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലുക്മാൻ പിയും പറഞ്ഞു.

സെപ്തംബർ ഒമ്പതിനായിരുന്നു രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുവരെയും ആസ്റ്റർ മിംസിലേക്ക് കൊണ്ടുവന്നത്. ആഗസ്റ്റ് 30ന് കുട്ടിയുടെ പിതാവ് സമാന സാഹചര്യത്തിൽ ന്യൂമോണിയ മൂർച്ഛിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോഴായിരുന്നു കുട്ടിക്ക് ശ്വാസം മുട്ടൽ ഉണ്ടായത്. ഇത് ഗൗരവമുള്ള പകർച്ച വ്യാധിയാണോ എന്ന ഡോ. സച്ചിത്തിനുണ്ടായ സംശയം മിംസിലെ ഡോക്ടർമാരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻപീഡിയാട്രിക് ഐ.സി.യുവിലേക്ക് മാറ്റി ചികിത്സ ആരംഭിച്ചു. വെന്റിലേറ്ററിൽ കഴിഞ്ഞ ദിവസങ്ങൾ ഏറെ നിർണായകമായിരുന്നു.

മോളികുലാർ ലാബ് മേധാവി ഡോ വിപിൻ, ചീഫ് നഴ്‌സിംഗ് ഓഫീസർ ഷീലാമ്മ ജോസഫ് ഇൻഫെക്ഷൻ കൺട്രോൾ നഴ്‌സിംഗ് വിഭാഗം മേധാവി അന്നമ്മ, എമർജൻസി ടീമിനെ പ്രതിനിധീകരിച്ച് ഡോ. ജിജിൻ ജഹാൻഗീർ എന്നിവും ചികിത്സ വിശദീകരിച്ചു.

രോഗമുക്തി സ്ഥിരീകരിച്ചത് രണ്ടുഘട്ട പരിശോധനയിൽ

കോഴിക്കോട് : നിപ സ്ഥീരീകരിച്ച നാലുപേരുടെയും സ്രവം അഞ്ച് ദിവസത്തെ ഇടവേളയിൽ രണ്ടുപ്രാവശ്യം പരിശോധന നടത്തിയാണ് രോഗമുക്തി ഉറപ്പിച്ചത്. നിപ പ്രോട്ടോകോൾ പ്രകാരം തൊണ്ടയിലെ സ്രവം, രക്തം, മൂത്രം എന്നീ മൂന്ന് സാമ്പിളുകളാണ് പരിശോധിച്ചത്. ഈ മൂന്ന് സാമ്പിളും നെഗറ്റീവാണെന്ന് കണ്ടെത്തി. തുടർന്നാണ് ഇന്നലെ നാലുപേരും ആശുപത്രി വിട്ടത്.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒരാളും ഇഖ്‌റ ആശുപത്രിയിൽ ഒരാളും മിംസ് ആശുപത്രിയിൽ ഒമ്പതുകാരനടക്കം രണ്ടുപേരുമാണ് ചികിത്സയിൽ ഉണ്ടായിരുന്നത്. ഇഖ്‌റയിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകൻ നേരത്തെ ഹോസ്റ്റലിലായിരുന്നു താമസം. ഇദ്ദേഹം പ്രത്യേക സംവിധാനത്തിൽ ഐസൊലേഷൻ തുടരും. മറ്റുള്ളവർ ആശുപത്രി വിട്ടു.
നാലുപേരും രോഗവിമുക്തരാണെങ്കിലും നിപ പ്രോട്ടോകോൾ പ്രകാരം അടുത്ത 14 ദിവസം കൂടി ഐസോലേഷനിൽ കഴിയണം. ഐസൊലേഷനിൽ കഴിയുന്നത് പൂർണ ആരോഗ്യത്തോടെ ജീവചര്യകളിലേക്ക് തിരിച്ചു വരുന്നതിനും മറ്റുള്ളവരിൽ നിന്ന് അണുബാധ ഏൽക്കാതിരിക്കാനുമാണ്. ഇവരെ വീട്ടിലേക്ക് വിടുന്നതിനു മുമ്പ് മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ വീടുകളിൽ പൊതുശുചിത്വം ഉൾപ്പെടെ ഉറപ്പുവരുത്തി.

സമ്പർക്ക പട്ടികയിലുള്ള 81 പേരെ ഇന്നലെ ഐസൊലേഷനിൽ നിന്ന് ഒഴിവാക്കി. നിപ സ്ഥിരീകരിച്ചവർക്ക് ആന്റി വൈറൽ മരുന്നുകൾ നൽകിയതുകൊണ്ടാവാം അവർ സാധാരണ നിലയിലേക്ക് വന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളുടെ കമ്മ്യൂണിറ്റി സർവൈലൻസ് തുടരും. ഏകാരോഗ്യത്തിന്റെ ഭാഗമായി ജില്ലയിലെ അദ്ധ്യക്ഷയായ കളക്ടറുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും. മൃഗങ്ങൾ അസാധാരണമായി ചത്തുപോകുന്ന സാഹചര്യം ഉൾപ്പെടെ പഠനവിധേയമാക്കാൻ കഴിയും.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.