ലക്‌നൗ: ജില്ലാ വനിതാ ആശുപത്രിയിൽ പരിശോധന നടത്താൻ പീഡന ഇരകൾ വിസമ്മതിക്കുന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിലെ സർക്കാർ ആശുപത്രിയിലെത്തുന്നവരാണ് ഇത്തരത്തിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകാൻ വിസമ്മതിക്കുന്നത്. ആശുപത്രിയിൽ വനിതാ ഡോക്‌ടർമാർ ഇല്ലാത്തതാണ് ഇതിന് കാരണം.
ഈ വർഷം ജൂൺ ഒന്നുമുതൽ സെപ്‌തംബർ 28വരെയുള്ള കണക്കുകൾ പ്രകാരം ആശുപത്രിയിലെത്തിച്ച 79 ഇരകളിൽ 70 പേർ മെഡിക്കൽ പരിശോധന നടത്താതെ മടങ്ങി. ഇവരിൽ അഞ്ച് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. വനിതാ മെഡിക്കൽ സൂപ്രണ്ട് ഡോ.അനിത ചൗരസ്യ, ഗൈനക്കോളജിസ്റ്റ് ഡോ. കമല മിശ്ര എന്നിവർ വിരമിച്ചതാണ് ആശുപത്രിയിൽ പ്രതിസന്ധിയുണ്ടാകാൻ കാരണം.
പകരമായി വനിതാ ഡോക്‌ടർമാരെ നിയമിച്ചതുമില്ല. തുടർന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് കുമാർ, ഗൈനക്കോളജിസ്റ്റ് ഡോ. കെ കെ ഭട്ട് എന്നിവർ ചുമതല ഏറ്റെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു.
എങ്ങനെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കമുള്ളവരെ പരിശോധിക്കാൻ പുരുഷ ഡോക്‌ടർമാരെ അനുവദിക്കാൻ സാധിക്കുക? അവർക്ക് നേരെയുള്ള മറ്റൊരു അതിക്രമത്തിന് തുല്യമാവുകയില്ലേ ഇതെന്ന് ഇരകളുടെ ബന്ധുക്കൾ ചോദിക്കുന്നു.
ലൈംഗിക പീഡനത്തിനിരയായവരുടെ പരിശോധനയ്ക്ക് വനിതാ ഡോക്‌ടമാർ ലഭ്യമല്ലാതിരിക്കുന്നത് നിയമലംഘനം ആണെന്ന് നിയമവിദഗ്ദ്ധർപറയുന്നു. ഇരകൾക്ക് ഭരണഘടനപരമായുള്ള സ്വകാര്യതയ്ക്കുള്ള അവകാശം കൂടിയാണിതെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |