കൊച്ചി: എല്ലാ കേസുകളും കോടതിയിലേയ്ക്ക് വലിച്ചിഴയ്ക്കേണ്ടതില്ലെന്ന് പൊലീസിനോട് ഹൈക്കോടതി. ചെറിയ കേസുകൾക്ക് കുറ്റപത്രത്തിന്റെ ആവശ്യമുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി പൊലീസിനോട് നിർദേശിച്ചു. പൊലീസിന് സാമാന്യ ബോധം ഉപയോഗിച്ച് പരിഹരിക്കാവുന്ന കേസുകളുണ്ട്. ശാസനയിൽ ഒതുക്കാവുന്ന കേസുകളിൽ പോലും കുറ്റപത്രം സമർപ്പിക്കുന്നത് കോടതിയുടെ വിലപ്പെട്ട സമയത്തെ അപഹരിക്കുന്നതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇലക്ട്രിക് പോസ്റ്റിൽ പോസ്റ്റർ പതിച്ചതിന് 63 രൂപ നഷ്ടമുണ്ടായി എന്ന കേസിലെ കുറ്റപത്രം റദ്ദാക്കിക്കൊണ്ടാണ് കോടതി പൊലീസിനെ വിമർശിച്ചത്. പൊലീസുകാർക്ക് വിദ്യാഭ്യാസം മാത്രം പോര സാമാന്യ ബുദ്ധി കൂടി വേണം. ചെറിയ കേസുകൾക്ക് പോലും കുറ്റപത്രം സമർപ്പിക്കുന്നത് കോടതിയ്ക്ക് ബാദ്ധ്യത ഉണ്ടാക്കുന്നു. 63 രൂപയുടെ പൊതുസ്വത്തിന് നഷ്ടം വരുത്തിയ കേസിൽ കോടതി എത്ര സമയം ചിലവാക്കണമെന്നും ചോദ്യമുണ്ടായി.
ഇത്തരത്തിൽ കേസെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏതെങ്കിലും റിഫ്രഷ്മന്റ് കോഴ്സിന് വിടണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഇലക്ട്രിക് പോസ്റ്റിൽ താമര ചിഹ്നം പതിപ്പിച്ചതിന് ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുന്നംകുളം കാണിപയ്യൂർ സ്വദേശി രോഹിത് കൃഷ്ണ നൽകിയ ഹർജി തീർപ്പാക്കിയ ശേഷമായിരുന്നു കോടതിയുടെ വിമർശനം. വിധിന്യായത്തിന്റെ പകർപ്പ് സംസ്ഥാന പൊലീസ് മോധാവിയ്ക്ക് അയക്കണമെന്നും കോടതി നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |