കൊച്ചി: ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട ഹർജികളിൽ റിപ്പോർട്ട് നൽകാൻ പൊലീസ് വൈകിയാൽ കർശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി. കോടതി നിർദ്ദേശ പ്രകാരം പ്രോസിക്യൂട്ടർമാർ പൊലീസ് സ്റ്റേഷനിൽ നിന്ന് റിപ്പോർട്ടു തേടിയാൽ പലപ്പോഴും ലഭിക്കാറില്ലെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്‌ണൻ ചൂണ്ടിക്കാട്ടി.
പ്രോസിക്യൂട്ടർമാർ റിപ്പോർട്ട് ആവശ്യപ്പെട്ടാൽ നല്കണമെന്ന് എല്ലാ സ്റ്റേഷനുകൾക്കും ഡി.ജി.പി നിർദ്ദേശം നൽകണം. ചെഗുവേരയുടെ ഫ്ളക്സ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വട്ടക്കരിക്കകം സ്വദേശി അനിൽകുമാറിനെ ആക്രമിച്ച കേസിലെ പ്രതികൾ കേസ് റദ്ദാക്കാൻ നല്കിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് നിർദ്ദേശം. ശ്രീകാര്യം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം പ്രോസിക്യൂട്ടർ റിപ്പോർട്ട് തേടിയെങ്കിലും ലഭിച്ചില്ല. ഒക്ടോബർ 26നകം റിപ്പോർട്ട് നല്കിയില്ലെങ്കിൽ ശ്രീകാര്യം സി.ഐ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |