ടെൽ അവീവ്: ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ടെൽ അവീവിലേക്ക്. ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും.
വെടിനിറുത്തലിനില്ലെന്നും ഹമാസിനെ ഉന്മൂലനം ചെയ്തേ അടങ്ങുവെന്നും ഇസ്രയേൽ പ്രഖ്യാപിച്ചതോടെ ഗാസയിൽ കരയുദ്ധം ഏതു നിമിഷവും എന്ന സ്ഥിതിയായി. ഗാസ പിടിച്ചടക്കില്ലെന്നും ഇസ്രയേൽ ഇന്നലെ വ്യക്തമാക്കി. അമേരിക്കൻ ഇടപെടലിനെ തുടർന്നാണിത്.
കരയുദ്ധത്തിന് മുൻപ് തെക്കൻ ഗാസ വഴി ജനത്തിന് ഒഴിയാൻ അഞ്ചു മണിക്കൂർ വെടിനിറുത്തൽ അംഗീകരിച്ചെന്ന വാർത്ത ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസാണ് തള്ളിയത്. ഈജിപ്തിനും ഗാസയ്ക്കുമിടയിലെ റാഫ അതിർത്തി അടച്ചിരിക്കുകയാണെന്നും വെടിനിറുത്തലിനില്ലെന്നും ഹമാസും പ്രതികരിച്ചു.
അതിനിടെ, ഇസ്രയേൽ വ്യോമാക്രമണം നിറുത്തിയാൽ ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്ന് ഇറാൻ ഇന്നലെ വ്യക്തമാക്കി. ബന്ദികൾ 199 പേരെന്നാണ് ഇസ്രയേൽ സ്ഥിരീകരണം. 152പേരെന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ട്.
കരയുദ്ധം തുടങ്ങിയാൽ ഹിസ്ബുള്ളയുടെ ആക്രമണവും പ്രതീക്ഷിക്കുന്ന ഇസ്രയേൽ ലെബനൻ അതിർത്തിയോട് ചേർന്ന് രണ്ട് കിലോമീറ്റർ പരിധിയിലെ ജനത്തെ ഒഴിപ്പിക്കാൻ നടപടി തുടങ്ങി. 28 ഗ്രാമങ്ങളാണ് ഒഴിപ്പിക്കുന്നത്. ഇറാന്റെ ആയുധം വൻതോതിൽ കൈവശമുള്ള ഹിസ്ബുള്ളയ്ക്ക് ഹമാസിനേക്കൾ പ്രഹരശേഷിയുണ്ട്.
ബന്ദികളിൽ ചിലരുടെ കുടുംബാംഗങ്ങളെ കണ്ട നെതന്യാഹു അവരെ ജീവനോടെ തിരിച്ചെത്തിക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പു നൽകി. 7ന് ഹമാസ് ഭീകരർ വനിതാ സുരക്ഷാ ജീവനക്കാരെ വധിക്കുന്ന വീഡിയോയും ഇസ്രയേൽ ഇന്നലെ പുറത്തുവിട്ടു. റൂമിൽ കഴിയുന്നവരെ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിവച്ചു കൊല്ലുന്നതാണ് വീഡിയോയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |