തൊടുപുഴ: മൂന്നാർ മേഖലയിലെ 17 വൻകിട കൈയേറ്റങ്ങളിൽ കൂടുതലും കോൺഗ്രസ് നേതാക്കളുടേതാണെന്ന്സ സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.
റവന്യൂ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരൻ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് കോൺഗ്രസ് നേതാക്കളുടെ കൈയേറ്റം പരാമർശിക്കുന്നത്. കോൺഗ്രസ് നേതാക്കളായ പി.പി. തങ്കച്ചൻ, അടിമാലിയിലെ ബാബു പി. കുര്യാക്കോസ്, മൂന്നാറിലെ എ.കെ. മണി എന്നിവരാണ് പട്ടികയിലുള്ളത്. പ്രാദേശിക കോൺഗ്രസ് നേതാക്കൾ വേറേയുമുണ്ട്. ഇവരെയെല്ലാം ദൗത്യസംഘം ഒഴിപ്പിക്കും. പ്രമുഖ നേതാക്കളെല്ലാം 100 മുതൽ 400 ഏക്കർ വരെയാണ് കൈയേറിയിരിക്കുന്നത്. 265 കൈയേറ്റങ്ങളാണ് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ മാത്രമുള്ളത്. ഇതിൽ 185 പേർ സ്വന്തമായി കിടപ്പാടം പോലുമില്ലാത്തവരാണ്. ഇവരെ പ്രത്യേകമായി പരിഗണിക്കും
അതേസമയം ജില്ലയിലെ ഒഴിപ്പിക്കൽ നടപടികൾ സംബന്ധിച്ച് ദൗത്യ സംഘത്തലവനായ ജില്ലാ കളക്ടർ ഉടൻ ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇടുക്കിയിലെ എട്ടു വില്ലേജുകളിൽ പട്ടയ ഭൂമിയിൽ കെട്ടിടം നിർമ്മിക്കുന്നതിന് എൻ.ഒ.സി നിർബന്ധമാക്കിയ വിഷയത്തിൽ 24ന് ജില്ലാ കളക്ടറോട് ഓൺലൈനിൽ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.ഈ സമയം കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സീകരിച്ച നടപടികൾ കോടതി ആരായും. നടപടികൾ പൂർത്തിയാക്കി ഒഴിപ്പിക്കാൻ കഴിയുന്ന മറ്റ് ചില കേസുകൾ കൂടി ഉടുമ്പൻചോല താലൂക്കിൽ കണ്ടെത്തിയിട്ടുണ്ട്. നിയമത്തിന്റെ നൂലാമാലകൾ ഒഴിവാക്കി കോടതി അനുമതിയോടെ ഇവയും അടുത്ത ദിവസം ഏറ്റെടുക്കുമെന്നാണ് റവന്യൂ സംഘം പറയുന്നത്. അതേസമയം വൻകിട കൈയേറ്റക്കാരെ ഒഴിവാക്കി ചെറുകിടക്കാരെ ഒഴിപ്പിക്കുന്നത് മാത്രം തുടർന്നാൽ സമരം ശക്തമാക്കാൻ ചിന്നക്കനാൽ ഭൂസംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |