ജയ്‌പൂർ: രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ അവശേഷിക്കവെ കോൺഗ്രസ് അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോട്ടസാരയുടെ വീട്ടിൽ പരിശോധന നടത്തി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. സർക്കാർ സ്‌കൂൾ അദ്ധ്യാപക നിയമനത്തിനുളള ചോദ്യ പേപ്പർ ചോർത്തിയ സംഭവത്തെ തുടർന്നാണ് തിരച്ചിൽ നടക്കുന്നത്. മറ്റ് ആറ് സ്ഥലങ്ങളിൽ പരിശോധന നടന്നുവരികയാണെന്നാണ് ഇഡി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
സംഭവത്തിൽ ദോട്ടസാര ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത മത്സരം നടക്കാനിരിക്കെ ഇഡിയുടെ പരിശോധന കോൺഗ്രസിന് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച കോൺഗ്രസ് നേതാവ് ദിനേശ് ഖോദാനിയയുടെയും മറ്റ് നേതാക്കൻമാരുടെയും വീടുകളിൽ നിന്ന് പന്ത്രണ്ട് ലക്ഷം രൂപയും വ്യാജ രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ദിനേശ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. അറസ്റ്റിലായ പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗം ബാബുലാൽ ഖത്തറയുമായി തനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച ബിജെപി രാജ്യസഭാ എംപി കിരോടി ലാൽ മീണയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രശ്നം ഉണ്ടാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അശോക് ഗെലോട്ട് സർക്കാരിനെ മനഃപൂർവ്വം ആക്രമിക്കുന്നതിനാണെന്നും ദിനേശ് കൂട്ടിച്ചേർത്തു.
പ്രതികൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി ഉദ്യോഗാർത്ഥികളിൽ നിന്നും എട്ട് മുതൽ പത്ത് ലക്ഷം രൂപ വരെ വാങ്ങി വിൽക്കുന്നുവെന്ന പൊലീസ് കേസിനെ അടിസ്ഥാനമാക്കിയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ക്രിമിനൽ സിൻഡിക്കേറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് ചോദ്യ പേപ്പർ വിതരണം ചെയ്ത പബ്ലിക് സർവ്വീസ് അംഗം അനിൽ കുമാർ മീണയെ ഇഡി അറസ്റ്റ് ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |