കഴക്കൂട്ടം: വിദേശത്തുള്ള യുവാവ് നാട്ടിലെത്തുമെന്ന് ഫോൺ സന്ദേശം ലഭിച്ച് ഒമ്പത് ദിവസം കഴിഞ്ഞിട്ടും ഒരു വിവരവുമില്ല. കഠിനംകുളം പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ പരേതനായ മുഹമ്മദ് ഷാ-ലൈല ദമ്പതികളുടെ മകൻ സലിം ഷായെ (27) കാത്തിരിക്കുകയാണ് കുടുംബം.
ദുബായ് അജ്മാനിൽ ജോലി ചെയ്യുന്ന സലിം ഷാ ഇക്കഴിഞ്ഞ 17നാണ് അവസാനമായി ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടത്. നവംബർ 12ന് സലിംഷായുമായി വിവാഹം നിശ്ചയിച്ച പുതുക്കുറുച്ചി സ്വദേശിയായ പെൺകുട്ടിയുമായും അതേ ദിവസം രാത്രി 10ഓടെ ഫോണിൽ സംസാരിച്ചിരുന്നു. താൻ നാളെ നാട്ടിലെത്തുമെന്നും ഇനി തന്നെ വിളിച്ചാൽ കിട്ടില്ലെന്നും നേരിൽ കാണാമെന്നുമാണ് പെൺകുട്ടിയോടു പറഞ്ഞത്. എന്നാൽ പിറ്റേദിവസം സലിം നാട്ടിലെത്താത്തതോടെ ബന്ധുക്കൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അജ്മാനിലും ദുബായിലുമായുള്ള ബന്ധുക്കൾ അന്വേഷിച്ചിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ബന്ധുക്കൾ അജ്മാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഏഴര വർഷമായി പ്രവാസിയായ സലിം ഷാ അജ്മാൻ സനയിൽ മിനറൽ വാട്ടർ കമ്പനിയിൽ കഴിഞ്ഞ ഒന്നരവർഷമായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കു മുമ്പ് കമ്പനിയുമായുള്ള പ്രശ്‌നത്തിൽ ജോലിയിൽ പ്രവേശിക്കാതെ മാറിനിന്നെന്നും ബന്ധുക്കൾ പറയുന്നു. പ്രശ്‌നങ്ങൾ പരിഹരിച്ച് വീണ്ടും കമ്പനിയിലെത്തിയെന്നും വിവാഹത്തിനായി നാട്ടിലേക്ക് വരാൻ പാസ്‌പോർട്ട് വാങ്ങാൻ പോയശേഷമാണ് സലിം ഷായെ കാണാതായതെന്നും ബന്ധുക്കൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |