പരിയാരം: സിനിമ, സീരിയൽ, ടെലിഫിലിം പ്രവർത്തകർ പൊലീസ് സ്‌റ്റേഷൻ ചിത്രീകരണത്തിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ലൊക്കേഷനായി പഴയ പരിയാരം പൊലീസ് സ്‌റ്റേഷൻ കെട്ടിടം. ഇരുപതോളം സിനിമകളും നിരവധി സീരിയൽ ടെ ലിഫിലിമുകളും ഇവിടെ ഇതിനകം ഷൂട്ടുചെയ്തുകഴിഞ്ഞു.
പരിയാരം ടി.ബി.സാനിട്ടോറിയത്തിന്റെ സൂപ്രണ്ട് ക്വാർട്ടേഴ്സായിരുന്ന ഈ കെട്ടിടത്തിന് 80 വർഷത്തെ പഴക്കമുണ്ട്. ബ്രിട്ടീഷുകാർ നിർമ്മിച്ച കെട്ടിടം നേരത്തെ മെഡിക്കൽ കോളേജ് കാന്റീനായും പ്രവർത്തിച്ചിരുന്നു. ഈ കെട്ടിടം സംരക്ഷിത സ്മാരകമാക്കി മാറ്റണമെന്ന ആവശ്യം ഉയർന്നുവരുന്നതിനിടയിലാണ് പരിയാരം പൊലീസ് സ്‌റ്റേഷൻ ഇവിടെ പ്രവർത്തിച്ചു തുടങ്ങിയത്. ഒന്നരവർഷം മുമ്പ് പൊലീസ് സ്‌റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് സിനിമാക്കാരുടെ തിരക്ക് തുടങ്ങിയത്. പൊലീസ് സ്‌റ്റേഷന്റെ എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടത്തിന്റെ രൂപഭംഗിയാണ് സിനിമാക്കാരെ ആകർഷിക്കുന്നത്. നേരത്തെ പൊലീസ് സ്‌റ്റേഷൻ പ്രവർത്തിച്ചുകൊണ്ടിരിക്കെ 2019ൽ ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയുടെ ഷൂട്ടിംഗിന് നൽകിയത് വിവാദമായിരുന്നു. അതിനുശേഷമാണ് പൊലീസ് സ്‌റ്റേഷൻ സിനിമാ ഷൂട്ടിംഗിന് നൽകേണ്ടതില്ലെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. ഇതോടെയാണ് ഈ പൊലീസ് സ്‌റ്റേഷന് ഡിമാന്റ് കൂടിയത്.
കഴിഞ്ഞ രണ്ടു ദിവസമായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ന്നാ താൻ കേസ് കൊട് എന്ന സിനിമയ്ക്ക് ശേഷം രാജേഷ് മാധവനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ഇവിടെ നടന്നുവരികയാണ്. ഈ സിനിമയ്ക്ക് വേണ്ടി പയ്യന്നൂർ പൊലീസ് സ്‌റ്റേഷനായി മാറിയിരിക്കുകയാണ് ഈ കെട്ടിടം.
ദിവസം 15,000
ഒരു ദിവസത്തെ ഷൂട്ടിംഗിന് 15,000 രൂപയാണ് ആരോഗ്യവകുപ്പ് ഈടാക്കുന്നത്. 10 ദിവസത്തെ ഷൂട്ടിംഗിന് ഒന്നരലക്ഷം രൂപ അടയ്ക്കണം. കെട്ടിടത്തിന് എന്തെങ്കിലും നാശനഷ്ടമുണ്ടായാൽ അതിനുള്ള തുകയും നൽകണം. നേരത്തെ ആശുപത്രി വികസനസമിതിയാണ് കെട്ടിടം വാടകയ്ക്ക് നൽകിയിരുന്നത്. ഷൂട്ടിംഗിന്റെ വരുമാനം കൂടിയതോടെ ആരോഗ്യവകുപ്പ് നേരിട്ടാണ് ഇപ്പോൾ വാടക പിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |