കണ്ണൂർ: വനംവകുപ്പ് വാച്ചർമാരെ കണ്ട് വെടിയുതിർത്ത് മാവോയിസ്റ്റുകൾ. കണ്ണൂർ കേളകം രാമച്ചിയിലാണ് സംഭവം. വാച്ചർമാരെ കണ്ടതോടെ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ വനപാലകർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. അഞ്ച് മാവോയിസ്റ്റുകളാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്ന് വനപാലകരാണ് ഇവരുടെ മുന്നിൽപ്പെട്ടത്. സംഘം ആറ് റൗണ്ട് വെടിയുതിർത്തുവെന്നാണ് രക്ഷപ്പെട്ട വനപാലകർ പറയുന്നത്. വയനാട് കമ്പമലയിൽ വെടിയുതിർത്ത സംഘം തന്നെയാണ് ഇതെന്നാണ് നിഗമനം.
കുറച്ചുനാൾ മുമ്പ് ശാന്തിഗിരി രാമച്ചിയിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയിരുന്നു. രാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോയിസ്റ്റുകളെത്തിയത്. ആയുധധാരികളായ പുരുഷന്മാരാണ് സംഘത്തിലുണ്ടായിരുന്നത്. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ എത്തിയ സംഘം മൊബൈൽ ഫോണും ലാപ്ടോപ്പും മറ്റും ചാർജ് ചെയ്ത ശേഷം ഭക്ഷണവും കഴിച്ച് 10.45 ഓടെയാണ് മടങ്ങിയതെന്ന് വീട്ടുകാർ പറഞ്ഞു.
വയനാട് തലപ്പുഴ കമ്പമലയിലെ ആക്രമണത്തിന് ശേഷം വയനാടിന് പുറമേ മാവോവാദി സാന്നിദ്ധ്യമുള്ള ആറളം, കൊട്ടിയൂർ വനമേഖലയിലും പൊലീസ് ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കിയിരുന്നു. മാവോയിസ്റ്റ് ആക്രമണമുണ്ടായാൽ എളുപ്പത്തിൽ എത്തിപ്പെടാനുള്ള സ്ഥലങ്ങളും സഞ്ചാര പാതകളും മുൻകൂട്ടി മനസ്സിലാക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. അതിനിടയിൽ മാവോയിസ്റ്റുകൾ വീണ്ടും മലയോര മേഖലയായ രാമച്ചിയിലെത്തിയത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് സണ്ണിയുടെ വീട്ടിലെത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |