കൊച്ചി: മൂന്നാർ കൈയേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ തുടർ ഉത്തരവുണ്ടാകുംവരെ വാണിജ്യാവശ്യത്തിനോ താമസത്തിനോ ഉള്ള കെട്ടിടങ്ങൾ പൊളിക്കരുതെന്ന് ഹൈക്കോടതി. ഏലം - തേയില തോട്ടങ്ങളും മറ്റു കൃഷിഭൂമികളും സംരക്ഷിക്കണം. ഇത്തരം ഭൂമി കുടുംബശ്രീയെ ഏല്പിക്കുകയോ വിളവെടുക്കാനും പരിപാലിക്കാനും വ്യവസ്ഥ നിശ്ചയിച്ച് ലേലം ചെയ്യുകയോ ആകാമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കൈയേറ്റ ഭൂമിയിൽ താമസമുള്ള കെട്ടിടത്തോട് ചേർന്നുള്ള സ്ഥലം ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടത്തിനു തടസമില്ല. താമസക്കാർ തുടരുന്ന കാര്യത്തിൽ സർക്കാരിന്റെ തീരുമാനം അനുസരിച്ച് നടപടിയെടുക്കാം. ഹർജി 7 നു വീണ്ടും പരിഗണിക്കും.
വാണിജ്യ കെട്ടിടങ്ങൾ ഒഴിപ്പിക്കുകയാണെങ്കിൽ ജില്ലാ ഭരണകൂടമോ സർക്കാരോ തീരുമാനിക്കുന്ന ലൈസൻസ് ഫീസ് ഈടാക്കി സർക്കാരിന്റെയോ കോടതിയുടെയോ അന്തിമ തീരുമാനത്തിനു വിധേയമായി താമസക്കാരെ അനുവദിക്കാം.
പട്ടയവും സർട്ടിഫിക്കറ്റും നല്കാൻ നിശ്ചിത സംവിധാനം ആവശ്യമാണെന്നിരിക്കെ സർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നല്കണമെന്നും കോടതി നിർദ്ദേശിച്ചു.
വാണിജ്യ കെട്ടിടങ്ങൾ ഉൾപ്പെടെ 239.42 ഏക്കർ കൈയേറ്റഭൂമി ഏറ്റെടുത്തെന്ന് സർക്കാർ അറിയിച്ചു. മൂന്നാറിലെ കൈയേറ്റം തടയണമെന്നാവശ്യപ്പെട്ട് തൃശൂരിലെ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയടക്കം നല്കിയ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |