കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യു.ജി.സി നിയന്ത്രണങ്ങൾ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്. കുറ്റക്കാരിൽ ഒരാൾ പോലും ശിക്ഷിക്കപ്പെടാതെ പോകുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ജസ്റ്റിസ് ഡി.കെ. സിംഗ് ഉത്തരവിട്ടു. പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥ് റാഗിംഗ് പീഡനത്തിനിരയായി ജീവനൊടുക്കിയ സംഭവത്തിൽ നടപടി നേരിട്ട അദ്ധ്യാപകരുടെ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.
ഭരണപരമായ വീഴ്ചകളുടെ പേരിൽ സസ്പെൻഷനിലായ വെറ്ററിനറി സർവകലാശാലാ ഡീനും മെൻസ് ഹോസ്റ്റൽ വാർഡനുമായ ഡോ. എം.കെ. നാരായണൻ, അസി. വാർഡൻ ഡോ. ആർ. കാന്തനാഥൻ എന്നിവരാണ് തങ്ങൾക്കെതിരായ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സർവകലാശാല നിയോഗിച്ച മൂന്നംഗ സമിതിയും ചാൻസലറായ ഗവർണർ നിയോഗിച്ച ജുഡിഷ്യൽ കമ്മിഷനും ഹർജിക്കാരുടെ വീഴ്ചകൾ അക്കമിട്ടു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ തുടർ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച് ചാൻസലർ അധികൃതർക്ക് കത്ത് (കമ്മ്യൂണിക്കേ) കൈമാറി. ചാൻസലറുടെ ഈ നടപടി അധികാരപരിധി മറികടന്നാണെന്നും കമ്മ്യൂണിക്കേ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
സർവകലാശാലകളിൽ ചാൻസർക്കുള്ള വിപുലമായ അധികാരങ്ങൾ വിശദീകരിച്ച കോടതി, ഗവർണറുടെ നടപടി ശരിവച്ചു. ഹർജിക്കാർക്കെതിരായ അച്ചടക്ക നടപടികളിൽ അധികൃതർ മൂന്ന് മാസത്തിനകം തീർപ്പുകൽപ്പിക്കണമെന്നും നിർദ്ദേശിച്ചു. ഹർജിക്കാർ ഇതിനോട് സഹകരിക്കണം. സിദ്ധാർത്ഥിന്റെ മരണത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയവർക്കെതിരെ സർവകലാശാല ഉചിതമായ നടപടി ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |