കൊച്ചി: സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് വേദനിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ജാനകി എന്ന പേരിൽ എന്താണ് കുഴപ്പമെന്ന് സെൻസർ ബോർഡ് മറുപടി നൽകണം. സിനിമയ്‌ക്ക് എന്ത് പേരിടണമെന്ന് സെൻസർ ബോർഡ് കൽപ്പിക്കുകയാണോ എന്നും ഹൈക്കോടതി ചോദിച്ചു. സെൻസർബോർഡും റിവൈസിംഗ് കമ്മിറ്റിയും ജെഎസ്‌കെയ്‌ക്ക് അനുമതി നിഷേധിച്ച കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ നിർമാതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തേ പരിഗണിച്ചിരുന്നു. നേരത്തെയും കേസ് പരിഗണിച്ചപ്പോൾ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചിരുന്നു.
മാർഗനിർദേശങ്ങൾക്ക് വിരുദ്ധവും മതത്തെ ബാധിക്കുന്നതുമാണ് ചിത്രത്തിന്റെ തലക്കെട്ട് എന്നായിരുന്നു കോടതിയിൽ സെൻസർ ബോർഡിന്റെ വിശദീകരണം. ജാനകിയെന്ന പേര് മാറ്റാൻ നിർമാതാക്കൾക്ക് നിർദേശവും നൽകി. പ്രായപൂർത്തിയായവർക്ക് മാത്രം കാണാവുന്ന ഉള്ളടക്കം സിനിമയിലുണ്ട്. പതിനാറ് വയസിന് താഴെയുള്ള കുട്ടികൾക്ക് ചിത്രം കാണുന്നതിന് വിലക്കുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |