@ കോഴിക്കോട് കോർപ്പറേഷന് വേണ്ടിപഠനം നടത്തിയത് എൻ.ഐ.ടി കാലിക്കറ്റിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ്
കോഴിക്കോട്: കോഴിക്കോട് നഗരത്തിന് സാഹിത്യ നഗരം പദവി ലഭിച്ച സന്തോഷത്തിലാണ് കോഴിക്കോട് എൻ.ഐ.ടിയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും. കോഴിക്കോട് നഗരത്തിന് സാഹിത്യ നഗരം പദവി ലഭിക്കാൻ കാരണമായ പഠനം നടത്തിയതും റിപ്പോർട്ട്തയ്യാറാക്കിയതും എൻ.ഐ.ടി.സിയിലെ ആർക്കിടെക്ചർ ആൻഡ്പ്ലാനിംഗ് വിഭാഗത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘമാണ്.
എൻ.ഐ.ടി.സിയിൽ നിന്നുള്ള സംഘം പഠനത്തിന്റെ ഭാഗമായി കോഴിക്കോട്ടെ സാഹിത്യവിഭവങ്ങളുടെയും ആസ്തികളുടെയും സമഗ്രമായ ഡോക്യുമെന്റേഷൻ നടത്തിയിരുന്നു. പതിനാലാം നൂറ്റാണ്ടിൽ തന്നെ കോഴിക്കോടിന്റെ സാഹിത്യ ചരിത്രം ആരംഭിച്ചതായി പഠനം വെളിപ്പെടുത്തുന്നു. ഈ നഗരം നിരവധി പ്രശസ്തരായ എഴുത്തുകാരുടെ ആവാസകേന്ദ്രമാണെന്ന് തെളിയിക്കാൻ ആവശ്യമായ വിവരങ്ങളും രേഖകളും സംഘം ശേഖരിച്ചിരുന്നു.
എൻ.ഐ.ആർ.എ ഫ്രാങ്കിങ്പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ആർക്കിടെക്ചർ ഡിപ്പാർട്‌മെന്റാണ് എൻ.ഐ.ടി.സി.യിലേതെന്നും സമൂഹത്തെ സഹായിക്കാനും സാമൂഹ്യ നന്മയ്ക്കുതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാനും തങ്ങളുടെ ടീം പ്രതിജ്ഞാബദ്ധമാണെന്നും എൻ.ഐ.ടി കോഴിക്കോടിന്റെ ഡയറക്ടർപ്രൊഫ. പ്രസാദ്കൃഷ്ണ പറഞ്ഞു. നഗരത്തിന്റെ സാഹിത്യ പാരമ്പര്യം ഉയർത്തിക്കാട്ടാനുള്ള തങ്ങളുടെ ശ്രമങ്ങൾ ഫലംകണ്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പഠന റിപ്പോർട്ടിൽ നഗരത്തിന്റെ സാഹിത്യ പാരമ്പര്യത്തെ ചൂണ്ടിക്കാണിക്കുന്ന പല വസ്തുതകളും ഉൾപ്പെടുത്താൻ എൻ.ഐ.ടി.സി വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. 550 പൊതു വായനശാലകൾ സ്ഥിതി ചെയ്യുന്ന കോഴിക്കോട് നഗരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വായനശാലകൾ സ്ഥിതി ചെയ്യുന്ന നഗരമാണെന്ന് പഠനം പറയുന്നു.
2022 ജൂലായിലാണ് സംഘം പഠനം ആരംഭിച്ചത്. ആറ് മാസത്തെ വിശദമായ പഠനത്തിന്റെ ഭാഗമായി ഡോക്ടർമാർ, എഴുത്തുകാർ, സാധാരണക്കാർ, ജോലിക്കാരായ സ്ത്രീകൾ, വീട്ടമ്മമാർ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമുള്ളവരുമായി അഭിമുഖ സംഭാഷണം നടത്തുകയും കോഴിക്കോടുള്ള പൊതുജനങ്ങളിൽ എല്ലാ വിഭാഗക്കാർക്കും ഉള്ള സാഹിത്യ താത്പര്യം പുറത്തു കൊണ്ടുവരികയുംചെയ്തിട്ടുണ്ട്.
നഗരത്തിന്റെ സാഹിത്യ പാരമ്പര്യത്തിന്ചുക്കാൻ പിടിച്ചുകൊണ്ട് 70 പ്രസിദ്ധീകരണശാലകൾ, 100ലധികം പുസ്തകശാലകൾ തുടങ്ങിയവയും നഗരത്തിലുണ്ടെന്ന് ആർക്കിടെക്ചർ ആൻഡ്പ്ലാനിംഗ് വിഭാഗം മേധാവിയും പഠനത്തിന്റെ അദ്ധ്യാപക കോർഡിനേറ്ററുമായ ഡോ. മുഹമ്മദ്ഫിറോസ് പറഞ്ഞു. 2023 ജനുവരിയിൽ പഠനം പൂർത്തിയാക്കുകയും റിപ്പോർട്ട് 2023 ജൂണിൽ യുനസ്‌കോയ്ക്ക് സമർപ്പിക്കുകയും ചെയ്യുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
പ്രൊമിതി മല്ലിക്, ആതിര അശോകൻ, ഭരത റെഡ്ഡി, നിമിൽ ഹുസൈൻ, ലാവണ്യ പി. കെ എന്നിവരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘമാണ് ഡിപ്പാർപ്പാർട്ട്‌മെന്റ് മേധാവി ഡോ മുഹമ്മദ്ഫിറോസിന്റെയും, അദ്ധ്യാപികയായ ഡോ. ഷൈനി അനിൽകുമാർ എന്നിവരുടെയും റിസർച്സ്‌കോളർ ആയിരുന്ന ഡോ സൂസൻ സിറിയക്കിന്റെയും സഹായത്തോടെപഠനം പൂർത്തിയാക്കിയത്. മേയർ ഡോ.ബീന ഫിലിപ്പിന്റെ മികച്ച സഹകരണമുണ്ടായിരുന്നു. തൃശൂർ കിലയിൽ നിന്നുള്ള ഡോ.അജിത്കാളിയത്താണ് പഠനത്തിനും പ്രോജക്ടിനും എല്ലാസഹായങ്ങളും നൽകിയത്. കില ഉദ്യോഗസ്ഥ ഐറിൻ ആന്റണിയും പഠനത്തിന് പിന്തുണ നൽകി.
നഗരത്തിന്റെ സാഹിത്യ സംസ്‌കാരം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. സാഹിത്യമ്യൂസിയം, വായനതെരുവ്, ബാലസാഹിത്യഫെസ്റ്റ്, 'കോലായ സംസ്‌കാര'ത്തിന്റെ നവീകരണം എന്നിവ അവയിൽചിലതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |