ചേർത്തല: ആർക്കും ആരെയും ബോംബുവച്ചു കൊല്ലാൻ കഴിയുന്ന തരത്തിൽ സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നതായി കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. എൻ.ഡി.എ സംസ്ഥാന ശില്പശാല ചേർത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദികളെ പിന്തുണയ്ക്കാൻ ഇവിടെ ഇടത്, വലതു മത്സരമാണെന്നും ഭീകരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായി ഇരുപക്ഷവും മാറിയെന്നും അദ്ദേഹം പറഞ്ഞു.
മരുന്നുവാങ്ങാൻ പോലും ഗതിയില്ലാതെ വലയുന്നവർക്കു മുന്നിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സെൽഫിയെടുത്തു മുഖ്യമന്ത്രി വിലസുകയാണ്. ക്ഷേമപെൻഷൻ കിട്ടാതെ വിഷമിക്കുന്നവരെ കമലഹാസന്റെ പ്രസംഗം കേൾപ്പിച്ച് ആശ്വസിപ്പിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. എൻ.ഡി.എ വൈസ് ചെയർമാൻ പി.കെ.കൃഷ്ണദാസ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് 'കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങൾ' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി, കുമ്മനം രാജശേഖരൻ, ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.സുഭാഷ്, വിവിധ കക്ഷി നേതാക്കളായ സി.കെ.ജാനു,വിഷ്ണുപുരം ചന്ദ്രശേഖരൻ,കെ.പത്മകുമാർ,നിയാസ് വൈദ്യാകരൻ, പി.സുധീഷ്, അരയക്കണ്ടി സന്തോഷ്,രമാ ജോർജ്ജ്,കുരുവിള മാത്യു,വി.വി.രാജേന്ദ്രൻ,എം.വി.ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ലീഗ് കോൺഗ്രസിനെ മുത്തലാഖ് ചൊല്ലും : കെ.സുരേന്ദ്രൻ
മതതീവ്രവാദ രാഷ്ട്രീയത്തെ പിന്തുണച്ച് സംസ്ഥാനത്ത് എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങളുടെ സമാധാന ജീവിതത്തെ വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. മുസ്ലീംലീഗ് കോൺഗ്രസിനെ മുത്തലാഖ് ചൊല്ലുന്ന സമയമടുത്തു. അടുത്ത തിരഞ്ഞെടുപ്പോടെ കോൺഗ്രസ് കേരള രാഷ്ട്രീയത്തിലെ കീറത്തുണിയായിമാറുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ജയിക്കാൻ വേണ്ടി മത്സരിക്കണം : തുഷാർ
മത്സരിക്കാൻ വേണ്ടി മാത്രമല്ല, ജയിക്കാൻ വേണ്ടിയാകണം ഇനി എൻ.ഡി.എ സ്ഥാനാർഥികൾ രംഗത്തുവരേണ്ടതെന്ന് സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. താഴെത്തട്ടിലെ പ്രവർത്തന വൈകല്യങ്ങൾ തിരുത്തി ഒന്നിച്ചു മുന്നോട്ടു പോയാലെ നേട്ടമുണ്ടാക്കാനാകുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |