മലയാളികൾ എന്നും ഓർക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനും ഗായകനുമാണ് ഇഷാൻ ദേവ്. നാല് വർഷത്തോളം മലയാള സിനിമ രംഗത്ത് നിന്ന് മാറിനിന്നെങ്കിലും മലയാളികൾ ഇഷാനെ മറന്നിട്ടില്ല. 2004ൽ പുറത്തിറങ്ങിയ 'ഫോർ ദ പീപ്പിൾ' എന്ന് സിനിയിലെ 'ലജ്ജാവതി' എന്ന ഗാനത്തിൽ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നെ 'ദ ടെെഗർ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനാകുകയായിരുന്നു.
തുടർന്ന് മലയാളത്തിൽ നിരവധി ചിത്രങ്ങൾക്ക് സംഗീതം ഒരുക്കി. ഒപ്പം മറ്റ് ഭാഷകളിലും സ്വന്തമായി ഒരു ഇടം കണ്ടത്തി. ഇന്നും മലയാളികൾ നെഞ്ചിൽ കൊണ്ടുനടക്കുന്ന 'കരളുറപ്പുള്ള കേരളം' എന്ന ഗാനവും ഇദ്ദേഹം സമ്മാനിച്ചതാണ്. ഇപ്പോഴിതാ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇഷാൻ. ജോജു ജോർജ്ജിന്റെ 'പുലിമട' എന്ന സിനിമയിലെ സംഗീതസംവിധായകനായാണ് മടങ്ങിവരവ്. അതിന്റെ വിശേഷങ്ങളിലേയ്ക്ക്.
1. ഇത്രയും വർഷം എവിടെ ആയിരുന്നു?
ഇത്രയും വർഷത്തെ ഒരു ഇടവേള എനിയ്ക്ക് തോന്നിയിട്ടില്ല. ഞാൻ മലയാളം സിനിമയിൽ വന്നില്ല എന്നെയുള്ളു. കുറച്ച് തമിഴ് സിനിമകൾ ചെയ്തു. എന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ചെന്നെെയിൽ താമസമാകുകയെന്നത്. നാലഞ്ചു വർഷം അവിടെയായിരുന്നു. ചെന്നെെയിൽ മ്യൂസിക് പഠിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിൽ ഉണ്ടായിരുന്നു. ഞാൻ സംഗീതത്തിൽ നിന്ന് മാറി നിന്നിട്ടില്ല. സംഗീതവുമായി ബന്ധപ്പെട്ട ചെറിയ ജോലികളുമായി ചെന്നെെയിൽ തന്നെയുണ്ടായിരുന്നു. മലയാള സിനിമയിൽ സജീവമായിരുന്നില്ലെന്നെയുള്ളു.
2. പുലിമടയിൽ എത്തിയത് എങ്ങനെയാണ് ?
'പുലിമട' ഞങ്ങളുടെ ഒരു സൗഹൃദ സംഭാഷണത്തിന്റെ ഇടയ്ക്ക് ജോജു ജോർജ്ജ് പറഞ്ഞതാണ്. ഇങ്ങനെ ഒരു സിനിമയുണ്ടെന്നും അതിൽ വർക്ക് ചെയ്യണമെന്നും ജോജു ചേട്ടനാണ് പറഞ്ഞത്. പിന്നെ ഒരു ആറുമാസത്തിന് ശേഷം അത് ചെയ്തു. ശരിക്കും ഒരു സൗഹൃദത്തിലൂടെയാണ് 'പുലിമട'എന്ന ചിത്രത്തിൽ എത്തിയത്. കൂടാതെ ഈ സിനിമയിൽ ഹങ്കറിയിലെ ബുഡാപെസ്റ്റ് ഓർക്കസ്ട്ര വായിച്ചിരുന്നു. അവരുമായി ചേർന്ന് മലയാള സിനിമയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഇന്റർനാഷണൽ മ്യൂസിഷ്യൻസുമായി പ്രവർത്തിക്കാൻ കഴിഞ്ഞു.
3. മലയാള സിനിമാരംഗത്ത് ഇനി മുതൽ സജീവമായിരിക്കുമോ?
മ്യൂസിഷ്യൻസിനെ സംബന്ധിച്ച് ഒന്നും പറയാൻ പറ്റില്ല. എനിയ്ക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്. ഇന്റർനാഷണൽ ടൂർ, അവിടെയുള്ള ആളുകളുമായി ഒരുമിച്ച് പ്രവർത്തിക്കുക അങ്ങനെ അങ്ങനെ. അപ്പോൾ പിന്നെ ഇവിടെ തന്നെ നിൽക്കാൻ പറ്റുമെന്ന് എനിയ്ക്ക് പറയാൻ കഴിയില്ല. നമ്മുടെ മ്യൂസിക് ഇന്റർനാഷണൽ ലെവലിൽ എത്തിക്കാൻ എന്തൊക്കെ പഠിക്കണം എന്നാണ് ഞാൻ നോക്കുന്നത്. ഗ്രാമി പോലുള്ള പുരസ്കാര വേദികളിൽ നമ്മുടെ മ്യൂസിക് എത്താൻ ശ്രമിക്കണം. സിനിമയിലെ സംഗീതം മാത്രമല്ല സംഗീതവുമായി ബന്ധപ്പെട്ട് എല്ലാ മേഖലയിലും എത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്.
4. പുതിയ പ്രൊജക്റ്റ്
ഒന്ന് രണ്ട് പുതിയ പ്രൊജക്റ്റ് വരുന്നുണ്ട്. പക്ഷേ ഒന്നും സെലക്ട് ചെയ്തിട്ടില്ല. ചെയ്യണം.
5. ഇപ്പോൾ സംഗീത മേഖലയിൽ അനേകം മാറ്റം വന്നിട്ടുണ്ട്. റാപ്പ് പോലുള്ള ഗാനങ്ങൾ എല്ലാവരും പരീക്ഷിക്കുന്നുണ്ട് അതിനെക്കുറിച്ച്
2014ൽ ഞങ്ങൾ 'ലജ്ജാവതി' ചെയ്യുമ്പോൾ അതിൽ റാപ്പ് ഉണ്ടായിരുന്നു. 2000ത്തിൽ ബാലഭാസ്കറിന്റെ കൂടെ ചെയ്ത 'നീ അറിയാൻ' എന്ന ആൽബത്തിൽ ഉള്ള 'നയേ സമനേ കി ഗാന' ഒരു പോപ്പ് ഗാനമായിരുന്നു. ആ കാലഘട്ടത്തിലും ഇത് ഉണ്ടായിരുന്നു. പക്ഷേ അന്ന് അത് കേൾക്കുന്നവരുടെ എണ്ണംകുറവായിരുന്നു. അങ്ങനെയുള്ള ഗാനങ്ങൾ കേൾക്കാൻ ഡിസ്ക് തപ്പി പോകുമായിരുന്നു. എന്നാൽ ഇപ്പോൾ ഫോൺ, ഇന്റർനെറ്റ് കണക്ഷൻ കൂടുതലാണ്. എല്ലാവർക്കും വ്യത്യസ്ത തരത്തിലുള്ള ഗാനങ്ങൾ കേൾക്കാൻ കഴിയും. സാധാരണക്കാരും എല്ലാ തരത്തിലുള്ള ഗാനങ്ങളും കേട്ടു തുടങ്ങി. പണ്ട് കൂടുതലും സിനിമാ ഗാനങ്ങളാണ് നമ്മൾ കേട്ടിരുന്നത്. പണ്ട് ടിവിയിൽ വരുന്ന ഗാനങ്ങളായിരുന്നു ഹിറ്റ് എന്നാൽ ഇപ്പോൾ റീൽസിൽ വരുന്ന ഗാനങ്ങളാണ് ഹിറ്റ്. അങ്ങനെ മാറിക്കഴിഞ്ഞു. മ്യൂസിക്കിന്റെ മാറ്റത്തിന് ഉപരി വിവിധ തരം ഗാനങ്ങൾ കേൾക്കാനുള്ള വഴികൾ കൂടിയെന്ന് പറയാം.
6. 'കരളുറപ്പുള്ള കേരളം' ഇത്രയും ഹിറ്റ് ആകുമെന്ന് കരുതിയിരുന്നോ?
ഒരിക്കലും വിചാരിച്ചിരുന്നില്ല ഈ ഗാനം ഇത്രയും ഹിറ്റ് ആകുമെന്ന്. എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ഈ ഗാനം. കേരളം എന്നാൽ നമുക്ക് വികാരമാണ്. 10ശതമാനം കേരളത്തിനോട് സ്നേഹമുള്ള ഒരാളിൽ ഒരു ശതമാനം കൂടി അത് ഉയർത്താൻ ആ പാട്ടിന് കഴിയുന്നു. 'കരളുറപ്പുള്ള കേരളം' എന്ന പാട്ടിന്റെ ലക്ഷ്യം പോസിറ്റീവാണ്. അത് വച്ച് നിരവധി ട്രോൾ വരുമ്പോഴും ആ പാട്ടിന്റെ ലക്ഷ്യം അവിടെ തന്നെ കിടക്കും
7. അടുത്ത സ്വപ്നം?
എനിക്ക് നിരവധി സ്വപ്നങ്ങളുണ്ട്. നമ്മുടെ സംഗീതത്തെ അന്തർദേശീയ തലത്തിൽ കൊണ്ടുവരണമെന്നും ഗ്രാമി പോലുള്ള വേദികളിൽ എത്തണമെന്നും ആഗ്രഹിക്കുന്നു. ഒരുപാട് നല്ല സിനിമകൾ ചെയ്യണം. അന്തർദേശീയ ഗായകരുമായി പ്രവർത്തിക്കണം. കൂടാതെ നിരവധി കുട്ടികളെ സംഗീതം പഠിപ്പിക്കണം. അങ്ങനെ കൂറെ സ്വപ്നങ്ങൾ മനസിലുണ്ട്.
8. ഫാമിലിയിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് ആരാണ്?
അച്ഛൻ ഒരു സംഗീതജ്ഞനാണ് അങ്ങനെയാണ് ഈ രംഗത്ത് വരുന്നത്. സംഗീതത്തെക്കുറിച്ച് കൂടുതൽ പറഞ്ഞു തന്നതും അദ്ദേഹമാണ്. പിന്നെ ബാലഭാസ്കർ എല്ലാം നിരവധി സഹായിച്ചു. വീട്ടിൽ കുട്ടികളും ഭാര്യയും നല്ല സപ്പോർട്ടാണ്. സംഗീതത്തിന് മുൻതൂക്കം കൊടുക്കുന്ന ഒരു ഫാമിലിയാണ് എന്റേത്. അതുകൊണ്ട് എല്ലാവരും ഹാപ്പിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |