കൊച്ചി: പിതാവിനൊപ്പം വന്ന് കാറിൽ വിശ്രമിക്കുകയായിരുന്ന മൂന്നാം ക്ളാസ് വിദ്യാർത്ഥിനിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽനിന്ന് ഇറക്കാൻ ശ്രമം. സംഭവത്തിൽ 38കാരനെ തടിയിട്ടപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കിഴക്കമ്പലം താമരച്ചാൽ ബൈപ്പാസ് റോഡിൽ വയലോരം മേഖലയിലാണ് സംഭവം.
ചെറുകിട ബിസിനസുകാരനായ കുട്ടിയുടെ പിതാവ് സുഹൃത്തിന്റെ കടയിലെത്തിയതായിരുന്നു. ക്ളാസിലെ മറ്റുള്ളവർ വിനോദയാത്ര പോയതിനാൽ വീട്ടിലിരുന്ന മകളുമായാണ് പിതാവ് എത്തിയത്. കാറിലിരുന്ന് കുട്ടി മൊബൈൽഫോണിൽ കളിക്കുന്നതിനിടെ ബൈക്കിൽ തോക്കുമായെത്തിയ ആൾ ഭീഷണിപ്പെടുത്തി. കുട്ടി ഉച്ചത്തിൽ കരഞ്ഞതോടെ ഇയാൾ പൾസർ ബൈക്കിൽ സ്ഥലംവിട്ടു.
സമീപത്തെ കടയിലുള്ളവർ ഓടിയെത്തുമ്പോഴേക്കും പേടിച്ചരണ്ട കുട്ടി ബോധരഹിതയായി. കടയിലെ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ബൈക്കിലെത്തിയ ആളെ കണ്ടെത്തി. കുട്ടിയുടെ നാട്ടുകാരനാണ്. ഇയാൾ കാറിനടുത്ത് എത്തുമ്പോൾ മാസ്ക് ധരിച്ചിരുന്നതായും സംസാരിക്കാൻ മാസ്ക് മാറ്റിയപ്പോൾ മുൻനിരയിൽ രണ്ട് പല്ല് ഉണ്ടായിരുന്നില്ലെന്നും കുട്ടി പറഞ്ഞിരുന്നു.
കസ്റ്റഡിയിലുള്ളയാളെ കുട്ടി തിരിച്ചറിഞ്ഞു. ഇയാളെ പൊലീസ് ചോദ്യംചെയ്തപ്പോൾ വീട്ടിൽനിന്ന് പുറത്ത് പോയിട്ടില്ലെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് സി.സി ടിവി ദൃശ്യങ്ങൾ കാണിച്ചപ്പോൾ പ്രതികരിച്ചില്ലെന്നുമാണ് സൂചന. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |