തൃശൂർ: നെഗറ്റീവ് എനർജി മാറ്റാൻ ഓഫീസിൽ പ്രാർത്ഥന നടത്തിയ സർക്കാർ ഉദ്യോഗസ്ഥയ്‌ക്ക് സസ്പെൻഷൻ. തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ എ ബിന്ദുവിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് നടപടി. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ, സബ് കളക്ടർ എന്നിവരെയാണ് സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് ചുമതലപ്പെടുത്തിയിരുന്നത്.
സെപ്തംബർ 29നാണ് തൃശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നെഗറ്റീവ് എനർജി മാറ്റാൻ പ്രാർത്ഥന നടത്തിയത്. ബിന്ദുവിന്റെ നിർദേശപ്രകാരം ഓഫീസ് സമയം തീരും മുമ്പായിരുന്നു പ്രാർത്ഥന നടത്തിയത്. ഓഫീസിലുണ്ടായിരുന്ന വൈദിക വിദ്യാർത്ഥിയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന. അഞ്ച് മിനിട്ട് കൊണ്ട് പ്രാർത്ഥന അവസാനിച്ചു. പിന്നീട്, ഓഫീസിൽ നിന്ന് കരാർ ജീവനക്കാർ വിട്ടുപോകാൻ തുടങ്ങിയതോടെ പ്രാർത്ഥന ഫലിക്കുകയാണോ എന്ന് കളിയാക്കൽ ഉയർന്നു. ഇതോടെ ഓഫീസിലെ ഏഴുപേർ മാത്രം അറിഞ്ഞിരുന്ന രഹസ്യ പ്രാർത്ഥനയുടെ വിവരം പുറത്തായി.
ഓഫീസിലുള്ളവരുടെ മാനസിക സംഘർഷം മാറ്റാൻ പ്രാർത്ഥന നല്ലതാണെന്ന് സഹപ്രവർത്തകനായ വൈദിക വിദ്യാർത്ഥി പറഞ്ഞപ്പോൾ സമ്മതിച്ചതാണെന്നായിരുന്നു ശിശു സംരക്ഷണ ഓഫീസറുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |