കോഴിക്കോട്: ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുത നിരക്ക് സൗജന്യമാക്കുന്ന കെ.എസ്.ഇ.ബിയുടെ പദ്ധതിക്ക് കോഴിക്കോടും മികച്ച സ്വീകരണം. നഗരത്തിലെ വിവിധ കെ.എസ്.ഇ.ബി സെക്ഷനുകളിലായി നിരവധി പേരാണ് ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. വെെദ്യുതി ഉപയോഗിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണങ്ങൾ, ഓക്സിജൻ കോൺസൺട്രേറ്ററുകൾ തുടങ്ങിയ ഉപകരണങ്ങൾക്കെല്ലാം വൈദ്യുതി നിരക്ക് സൗജന്യമാണ്.
ഉപകരണങ്ങൾ ദിവസം മുഴുവനും പ്രവർത്തിക്കുന്നതിനും തടസമില്ല. ഇതിലൂടെ ഉപയോക്താക്കൾക്ക് മാസം തോറും നൂറ് യൂണിറ്റ് വൈദ്യുതി വരെ സൗജന്യമായി ലഭിക്കും. ഉപകരണങ്ങളുടെ സ്വഭാവമനുസരിച്ച് ലഭ്യമാക്കുന്ന സൗജന്യ വൈദ്യുതിയുടെ അളവിലും മാറ്റമുണ്ടാകും. പ്രവർത്തിക്കാൻ കൂടുതൽ യൂണിറ്റ് വൈദ്യുതി ആവശ്യമുള്ള ഉപകരണമാണെങ്കിൽ നൂറ്യൂണിറ്റിൽ കൂടുതലുള്ള ഉപയോഗത്തിനും ബില്ല് അടക്കേണ്ട. ഉപയോക്താക്കൾക്ക് ചുരുങ്ങിയത് 500 മുതൽ 600 രൂപ വരെ ഓരോ മാസവും ലാഭിക്കാം. നിലവിൽ കോഴിക്കോട് സെൻട്രൽ ഇലക്ട്രിക് സെക്ഷന്റെ പരിധിയിൽ അഞ്ചു പേർ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. ബീച്ച് സെക്ഷന്റെ പരിധിയിൽ പത്തോളം ആളുകളും സേവനം ഉപയോഗിക്കുന്നു. ബീച്ച് സെക്ഷന്റെ പരിധിയിൽ മുൻപ് ഒരേ സമയം ഇരുപതിലധികം പേർ സേവനം ഉപയോഗിച്ചിരുന്നു. കെ.എസ്.ഇ.ബി വെസ്റ്റ്ഹിൽ സെക്ഷന്റെ പരിധിയിലും നിരവധി ആളുകൾ സേവനം ഉപയോഗിക്കുന്നുണ്ട്. ഉപകരണങ്ങൾക്കായി പ്രതിമാസം ഉപയോഗിക്കേണ്ടി വരുന്ന വൈദ്യുതി എത്രയാണെന്ന് അതത് സെക്ഷനുകളിലെ അസിസ്റ്റന്റ് എൻജിനീയർമാർ വീട്ടിലെത്തി കണക്കാക്കും. ഉപകരണങ്ങളുടെ വോൾട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുക. ആദ്യഘട്ടത്തിൽ ആറ് മാസത്തേക്കായിരിക്കും സേവനം അനുവദിക്കുക. ജീവൻരക്ഷാ സംവിധാനം തുടർന്നും ആവശ്യമെങ്കിൽ
ഡോക്ടറടെ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം സൗജന്യ വൈദ്യുതി വീണ്ടും അനുവദിക്കും. മുൻപ് സൗജന്യ വൈദ്യുതി ലഭിക്കാൻ 200 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്ങ്മൂലം സമർപ്പിക്കേണ്ടിയിരുന്നു. എന്നാൽ ഉപയോക്താക്കളുടെ സൗകര്യം പരിഗണിച്ച് ഇപ്പോൾ സത്യവാങ്ങ്മൂലം വെള്ള കടലാസിൽ എഴുതി നൽകിയാൽ മതി.
@
ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് കെ.എസ്.ഇ.ബി അനുവദിക്കുന്ന സൗജന്യ വൈദ്യുതി സാധാരണക്കാർക്ക് വലിയ
ആശ്വാസമാണ്. പലർക്കും ഈ പദ്ധതിയെക്കുറിച്ച് അറിയില്ലെന്നതാണ് സത്യം. മുൻപ് ബീച്ച് സെക്ഷന്റെ പരിധിയിൽ
ധാരാളം ആളുകൾ ഈ സംവിധാനം ഉപയോഗിച്ചിരുന്നു.
- സന്തോഷ് കുമാർ
അസിസ്റ്റന്റ് എൻജിനീയർ,
കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ, ബീച്ച്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |