തിരുവനന്തപുരം: ചന്ദ്രനിൽ പേടകമിറക്കി ചരിത്ര വിജയം നേടിയ ഇന്ത്യൻ ബഹിരാകാശയുഗത്തിന് തുടക്കം കുറിച്ചിട്ട് ഇന്ന് 60 വർഷം. 1963 നവംബർ 21നാണ് മത്സ്യത്തൊഴിലാളി ഗ്രാമമായ തുമ്പയിലെ മേരി മഗ്ദലനമറിയം കത്തോലിക്കാ പള്ളിക്ക് മുന്നിൽ നിന്ന് രാജ്യത്തെ ആദ്യസൗണ്ടിംഗ് റോക്കറ്റ് കുതിച്ചുയർന്നത്.
അമേരിക്കൻ നിർമ്മിതമായ 'നൈക്ക്അപാഷെ ' റോക്കറ്റാണ് ഇവിടെ കെട്ടിയുയർത്തിയ റോക്കറ്റ് വിക്ഷേപണത്തറയിൽ നിന്ന് ഉയർന്നുപൊങ്ങിയത്. പള്ളിയിലെ അൾത്താരയ്‌ക്ക് മുമ്പിൽ വച്ചാണ് ആദ്യ റോക്കറ്റ് കൂട്ടിയോജിപ്പിച്ചത്. സമീപത്തെ ബിഷപ്പ് ഹൗസ്, വിക്ഷേപണകേന്ദ്രം ഡയറക്ടറുടെ ഓഫീസായി. പള്ളിക്ക് മുന്നിലെ തെങ്ങിൻതോപ്പിലായിരുന്നു വിക്ഷേപണത്തറ. അടുത്തുള്ള പ്രൈമറി സ്‌കൂൾ കെട്ടിടം ആദ്യം ലോഞ്ച് ഓഫീസായും പിന്നീട് ടെക്‌നിക്കൽ ലൈബ്രറിയായും രൂപം മാറി. അവിടുത്തെ പഴയൊരു കാലിത്തൊഴുത്ത് ഇന്ത്യയിലെ ആദ്യ സ്‌പേസ് ലാബായി. പിൽക്കാലത്ത് രാഷ്ട്രപതിയായി സ്ഥാനമേറ്റ എ.പി.ജെ അബ്ദുൾ കലാമാണ് സുരക്ഷാചുമതല വഹിച്ചത്.
ഭൂമിയുടെ കാന്തിക ബലരേഖ കടന്നുപോകുന്ന സ്ഥലമെന്നതാണ് ഇൗ സ്ഥലത്തെ സവിശേഷമാക്കിയത്. അത് പിന്നീട് 'തുമ്പ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്‌റ്റേഷൻ' എന്നറിയപ്പെട്ടു. തുമ്പ പിന്നീട് വിക്രം സാരാഭായ് സ്‌പേസ് സെന്ററായി മാറി. ഐ.എസ്.ആർ.ഒയുടെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമായ ഇവിടെ നിന്നാണ് ഇന്നും റോക്കറ്റുണ്ടാക്കുന്നത്. ' സൗണ്ടിംഗ് റോക്കറ്റുകളുപയോഗിച്ച് അന്തരീക്ഷത്തിന്റെ മേൽഭാഗത്തെക്കുറിച്ച് പഠിക്കുകയാണ് അക്കാലത്ത് ചെയ്‌തിരുന്നത്. പിന്നീട് തുമ്പ ഗ്രാമം കേന്ദ്രസർക്കാർ ഏറ്റെടുത്ത ശേഷം അവിടെ ബഹിരാകാശ കേന്ദ്രം പണിതു. ഗ്രാമവാസികളെ കടലോരത്തെ മറ്റൊരിടത്തേക്ക് മാറ്റി പാർപ്പിച്ചു. ക്രിസ്‌ത്യൻ മത നേതാക്കൾ അന്ന് എല്ലാവിധ പിന്തുണയും നൽകി. ഇന്ന് ലോകത്തെ വിസ്‌മയിപ്പിക്കുന്ന ഇന്ത്യൻ ബഹിരാകാശ കുതിപ്പിന്റെ തുടക്കത്തിന് അങ്ങനെ ആറ് പതിറ്റാണ്ട് തികയുന്നു.
ആദ്യ സൗണ്ടിങ് റോക്കറ്റ് വിക്ഷേപിച്ച് 17 വർഷം കഴിഞ്ഞ് 1980 ജൂലായ് 18ന് ഇന്ത്യൻ നിർമ്മിത റോക്കറ്റായ എസ്.എൽ.വി 3 ഉപയോഗിച്ച് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചുകൊണ്ട് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ഇതോടെ ഉപഗ്രഹ വിക്ഷേപണ ശേഷി കൈവരിച്ച ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. 1992 മേയ് 20ന് പി.എസ്.എൽ.വിയുടെ വിജയകരമായ ആദ്യ വിക്ഷേപണം നടന്നു. 2001 ഏപ്രിൽ 18നായിരുന്നു ജി.എസ്.എൽ.വിയുടെ ആദ്യ വിക്ഷേപണം. ഇപ്പോൾ നൂറിലേറെ ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിക്കാനും ചന്ദ്രനിലും ചൊവ്വയിലും എന്തിന് സൂര്യനെ ലക്ഷ്യമിട്ട് വരെ പറക്കാനും ഇന്ത്യ പര്യാപ്‌തമായി.
ആദ്യ വിക്ഷേപണത്തിന്റെ വാർഷികം ഇന്നാണെങ്കിലും ആഘോഷം 25നാണ്. കേന്ദ്രബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗും ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥും തുമ്പയിലെത്തും. ആദ്യകാലത്തെ 300ഒാളം ശാസ്ത്രഞ്ജരെയും പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |