ഉത്തർകാശി: ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങൾ പത്താം ദിവസമായ ഇന്നലെ പുറത്തുവന്നതോടെ രക്ഷാദൗത്യത്തിൽ പ്രതീക്ഷയർപ്പിച്ച് ലോകം.
'' എല്ലാവരും കാമറയ്‌ക്ക് മുന്നിൽ വരൂ...., കൈകൾ ഉയർത്തൂ... പുഞ്ചിരിക്കൂ...ഞങ്ങൾ ഉടൻ എത്തും, വിഷമിക്കണ്ട...''
--രക്ഷാപ്രവർത്തകർ ലൗഡ് സ്പീക്കറിലൂടെ നിർദേശങ്ങൾ നൽകി.പിന്നാലെ ഓരോരുത്തരായി ക്യാമറയ്ക്ക് മുന്നിൽ വന്നു. തൊഴിലാളികൾ പൈപ്പിലൂടെ ലഭിച്ച ഭക്ഷണപ്പൊതികൾ വാങ്ങുന്നതും പരസ്പരം സംസാരിക്കുന്നതും ദൃശ്യങ്ങളിൽ തെളിഞ്ഞു. തുരങ്കത്തിന് പുറത്ത് അങ്കലാപ്പോടെ കാത്തിരിക്കുന്ന ബന്ധുക്കൾ പ്രതീക്ഷയോടെ കണ്ണീർ പൊഴിച്ചു.
തിങ്കളാഴ്ച തുരങ്കത്തിലെ അവശിഷ്ടങ്ങൾ തുരന്ന് കയറ്റിയ ആറിഞ്ച് പൈപ്പ്ലൈനിലൂടെ കടത്തിയ ആധുനിക എൻഡോസ്കോപ്പിക് കാമറയാണ് വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. ശസ്ത്രക്രിയയും മറ്റും നടത്താൻ മനുഷ്യശരീരത്തിൽ ഉപയോഗിക്കുന്നതരം ക്യാമറയാണിത്.
ഉറ്റവരെ ആശ്വസിപ്പിക്കുന്ന വൈകാരികമായ സന്ദേശങ്ങളാണ് കുടുങ്ങിക്കിടക്കുന്നവർ നൽകിയത്.
ഈ പൈപ്പിലൂടെ ആദ്യമായി ചൂടുള്ള ഭക്ഷണവും എത്തിച്ചു. കുപ്പികളിൽ അടച്ച ചൂട് കിച്ചടിയാണ് എത്തിച്ചത്. ഉണങ്ങിയ പഴങ്ങളും ഓറഞ്ചും മരുന്നും മൊബൈൽ ഫോണുകളും ചാർജറുകളും എത്തിച്ചു.
കുടുങ്ങിയവരിൽ ഏറ്റവും പ്രായമുള്ള ഗബ്ബർ സിംഗ് നേഗിക്ക് മുമ്പും തുരങ്കത്തിൽ കുടുങ്ങിയ അനുഭവമുണ്ടെന്നും അയാളാണ് എല്ലാവർക്കും ആത്മവിശ്വാസം പകരുന്നതെന്നും സ്ഥലത്തുള്ള മനഃശാസ്‌ത്രജ്ഞൻ ഡോ. അഭിഷേക് ശർമ്മ വെളിപ്പെടുത്തി.
അവശിഷ്ടങ്ങളിലൂടെ ഇരുമ്പു കുഴലുകൾ കടത്തുന്ന ഓഗർ മെഷീൻ ഡ്രില്ലിംഗ് വീണ്ടും ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. 60 മീറ്ററിലേറെ അവശിഷ്‌ടങ്ങളിലൂടെ 34 മീറ്റർ ഡ്രില്ല് ചെയ്തെന്നാണ് റിപ്പോർട്ട്. ഓഗർ മെഷീൻ പ്രവർത്തിച്ചാൽ അഞ്ച് ദിവസത്തിനകം എല്ലാവരെയും രക്ഷപ്പെടുത്താമെന്നാണ് അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |