SignIn
Kerala Kaumudi Online
Tuesday, 05 March 2024 4.40 PM IST

ശ്രദ്ധിച്ചോ! പല ഷോപ്പുകളിലും തിരക്കില്ല, പക്ഷേ ബെവ്‌കോ വൻ ലാഭത്തിൽ; പിന്നിൽ ഒരു ഐപിഎസുകാരന്റെ ബുദ്ധി

bevco

നഷ്ടക്കണക്കിൽ ചക്രശ്വാസം വലിക്കുകയായിരുന്ന കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) നടപ്പുസാമ്പത്തിക വർഷം പൂർത്തിയാവുമ്പോൾ 68 കോടിയുടെ ലാഭം നേടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തികവർഷം 56 കോടിയായിരുന്നു ലാഭം. കൊവിഡ് കാലത്ത് 10 കോടിയുടെ നഷ്ടത്തിൽ കഷ്ടപ്പെട്ട ബെവ്കോ അവിശ്വസനീയമായ ഈ തിരിച്ചുവരവു നടത്തിയത് വ്യക്തമായ ആസൂത്രണ മികവിലാണ്. അതിനു നേതൃത്വം നൽകിയതത്, യോഗേഷ് ഗുപ്ത ഐ.പി.എസ് എന്ന ഉദ്യോഗസ്ഥന്റെ മികച്ച ഭരണപാടവം. കൈവച്ച മേഖലകളിലെല്ലാം സ്വന്തം കയ്യൊപ്പു പതിച്ച യോഗേഷ് ഗുപ്ത ബെവ്കോയുടെ തിരിച്ചുവരവിനെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും സംസാരിക്കുന്നു.

നഷ്ടത്തിലായിരുന്ന ബെവ്കോ ലാഭത്തിലെത്തിയതിന്റെ ടെക്നിക്...?

ആദ്യകാലത്ത് ലാഭത്തിലായിരുന്നു ബെവ്കോ. പക്ഷെ ഇടക്കാലത്ത് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. അതിന് പല കാരണങ്ങളുമുണ്ടാകാം. കോർപ്പറേഷനെ ഇൻവെന്ററി മാനേജ്മെന്റ് സംവിധാനത്തിലേക്ക് (ശേഖരണം, സംഭരണം, വില്പന എന്നിവ കൃത്യമായി നിയന്ത്രിക്കുന്ന സംവിധാനം) കൊണ്ടുവന്നതാണ് ലാഭത്തിലാകാൻ പ്രധാനകാരണം. കോർപ്പറേഷന്റെ എല്ലാ ഇടപാടുകളും ഇപ്പോൾ ഓൺലൈൻ സംവിധാനത്തിലാണ്. അതുകൊണ്ട് ഇടപാടുകൾ കൂടുതൽ സുതാര്യമായി.

ചില്ലറ വില്പന ശാലകൾക്ക് മദ്യത്തിന്റെ സ്റ്റോക്കെടുക്കാൻ നേരത്തേ ബാങ്കിൽ പണമടച്ച്, രസീതുമായി നേരിട്ട് വെയർഹൗസുകളിലെത്തണമായിരുന്നു. ഇപ്പോൾ അതു വേണ്ട. ആവശ്യത്തിനുള്ള മദ്യം ഓൺലൈൻ വഴി ഓർഡർ ചെയ്യാം. ബാർ ഹോട്ടലുകൾക്കും വെയർഹൗസിൽ പോകാതെ ഓൺലൈൻ ആയി പണമടച്ച് മദ്യം എടുക്കാനുള്ള സംവിധാനം നടപ്പായിട്ടുണ്ട്. മാത്രമല്ല, ഓരോ ജില്ലയിലെയും ബാറുകൾക്ക് നിശ്ചിത വെയർഹൗസുകളിൽ നിന്നു മാത്രം മദ്യമെടുക്കാനാണ് അനുവാദമുണ്ടായിരുന്നത്.

പലപ്പോഴും വെയർഹൗസുകളിൽ അവർ ആവശ്യപ്പെടുന്ന ബ്രാൻഡ് സ്റ്റോക്കില്ലാതെ വന്നാൽ ബാറുകാർക്ക് ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ അതു മാറി. സംസ്ഥാനത്തെ ഏത് വെയർഹൗസുകളിൽ നിന്നും ഏതു ജില്ലയിലെയും ബാറുകൾക്ക് മദ്യം വാങ്ങാൻ സംവിധാനമായി. ഇങ്ങനെ എല്ലാ കാര്യത്തിലും സുതാര്യത കൊണ്ടുവന്നതാണ് ലാഭത്തിലാവാൻ പ്രധാന കാരണം. പല ഷോപ്പുകളിലും ജനപ്രിയ മദ്യങ്ങൾ ലഭ്യമല്ലാത്ത സന്ദർഭങ്ങളുണ്ടായിട്ടുണ്ട് . ഇപ്പോൾ സ്ഥിതി മാറി.

yogesh-gupta-ips

ചില്ലറ വില്പന ശാലകളുടെ എണ്ണം കൂട്ടുമോ?

ഇപ്പോഴുള്ള ഷോപ്പുകൾക്കു പുറമെ 62 ഷോപ്പുകൾ കൂടി തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 12 എണ്ണം തുറന്നു. 277 ബെവ്കോ ഷോപ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പുതിയ ഷോപ്പുകൾ തുറക്കുന്നതിനെതിരെ ചില സംഘടനകളേതുൾപ്പെടെ സമ്മർദ്ദമുണ്ട്. കെട്ടിടങ്ങൾ ലഭ്യമാവുന്ന മുറയ്ക്ക് തുറക്കും. മിക്ക ഷോപ്പുകളും പ്രിമിയം സംവിധാനത്തിലായിട്ടുള്ളതിനാൽ പണ്ടത്തെപ്പോലുള്ള തിരക്കില്ല.

ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ ബ്രാൻഡും ക്ഷാമമില്ലാതെ ഇപ്പോൾ കിട്ടുന്നുണ്ട്. എല്ലാ മദ്യനിർമാതാക്കൾക്കും വെയർഹൗസുകളിലും ഷോപ്പുകളിലും മതിയായ മദ്യം സ്റ്റോക്കു ചെയ്യാനുള്ള സംവിധാനവും ഏർപ്പാടാക്കി. ഓരോ വെയർഹൗസും ഷോപ്പും പ്രത്യേകം യൂണിറ്റായി കണക്കാക്കി ലാഭനഷ്ടങ്ങൾ രേഖപ്പെടുത്തുന്ന സമ്പ്രദായം നടപ്പാക്കി. ഓഡിറ്റിംഗും അപ് ഡേറ്റാക്കി.

പിഴവിന്റെ പേരിൽ ബെവ്കോ കെട്ടിവച്ച 1000 കോടി തിരികെ കിട്ടിയല്ലോ?

വരുമാനക്കണക്ക് കൃത്യമായി സൂക്ഷിക്കാഞ്ഞതിന്റെ പേരിലാണ് ഇൻകം ടാക്സ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. ഇത് പ്രവർത്തക്ഷമമാക്കാൻ 1000 കോടി കെട്ടിവയ്ക്കേണ്ടി വന്നു. 2014- 15 മുതൽ 2018- 19 വരെ സാമ്പത്തിക വർഷങ്ങളിലെ ആദായനികുതി കണക്കുകൾ ക്രമപ്രകാരവും ചട്ടപ്രകാരവുമല്ലെന്ന് കാട്ടിയായിരുന്നു അക്കൗണ്ട് മരവിപ്പിക്കൽ. ഇതോടെ മദ്യ കമ്പനികൾക്ക് പണം നൽകുന്നതടക്കം ബെവ്കോയുടെ എല്ലാ ഇടപാടുകളും തടസപ്പെട്ടു.

ആദായ നികുതി വകുപ്പിന് 1000 കോടി രൂപ കെട്ടിവച്ചത് ബെവ്‌കോയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഈ നീതി നിഷേധത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി. ബെവ്‌കോയുടെ ഭാഗം കേൾക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. കൃത്യമായ കണക്കുകളുമായി വീണ്ടും ഇൻകം ടാക്സിനെ സമീപിച്ചതോടെയാണ് കാര്യങ്ങൾ അനുകൂലമായത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ സർക്കാരിന് പലിശ സഹിതം 1150 കോടി തിരികെ കിട്ടിയത് വലിയ ആശ്വാസമായി.

ബെവ്കോയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി?

കഴിഞ്ഞ വർഷം 18,000 കോടിയായിരുന്നു വിറ്റുവരവ്. ഇതിൽ 90 ശതമാനവും വിവിധ നികുതികളായി സർക്കാർ ഖജനാവിലേക്കാണ് പോകുന്നത്. ശേഷിക്കുന്ന 10 ശതമാനത്തിലാണ് കോർപ്പറേഷൻ നടത്തിക്കൊണ്ടു പോകുന്നത്. നടപ്പു സാമ്പത്തിക വർഷവും വിറ്റുവരവ് ഗണ്യമായി കൂടും. ചില്ലറ വില്പന ശാലകൾക്ക് മദ്യം നൽകുന്നതിലൂടെ കിട്ടുന്ന മാർജിനാണ് മറ്റൊരു വരുമാനം.

ഭാവി പദ്ധതികൾ?

പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസ് വൈകാതെ പ്രവർത്തന സജ്ജമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചെറിയ തർക്കമുണ്ട്. ഡിസ്റ്രിലറി പ്രവർത്തിച്ചാൽ കുടിവെള്ള ക്ഷാമം ഉണ്ടാവുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. യഥാർത്ഥത്തിൽ ഡിസ്റ്രിലറി വരുന്നതോടെ കുടിവെള്ള ലഭ്യത കൂടുകയാണ്.ഇത് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ ബോദ്ധ്യപ്പെടുത്തും.

തലസ്ഥാനത്ത് ബെവ്കോ ആസ്ഥാനത്തോടു ചേർന്ന് കാടുപിടിച്ചു കിടക്കുന്ന ജില്ലാ സൈനിക ക്ഷേമ ബോർഡിന്റെ ഉടമസ്ഥതയിലുള്ള 30 സെന്റ് സ്ഥലം വാങ്ങാനുള്ള സന്നദ്ധത സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ന്യായമായ വിപണി വില നൽകാനും തയ്യാറാണ്. ആ സ്ഥലം കിട്ടിയാൽ ഒരു സൈനിക സ്മാരകവും അതോടുചേർന്ന് സൈനികർക്കു വേണ്ടിയുള്ള കന്റീനും നിർമ്മിക്കാനാണ് ഉദ്ദേശ്യം. സർക്കാർ തീരുമാനം വന്നിട്ടില്ല. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ പ്രതിദിനം 15,000 കെയ്സ് ജവാൻ ഉത്പാദിപ്പിക്കാനുള്ള അനുമതിയായി. ഇവിടെ പുതിയ വികസന പദ്ധതികൾ കൊണ്ടുവരുന്നതും ആലോചിക്കും.

കോർപ്പറേഷന്റെ വളർച്ച?

കൊവിഡ് നാശം വിതച്ച 2020-21 ൽ 248 കോടിയായിരുന്നു ബെവ്‌കോയുടെ നഷ്ടം. ഞാൻ ചുമതലയേറ്റ ശേഷം 2021- 22ൽ നഷ്ടം മാറി ആറു കോടി ലാഭത്തിലായി. 22-23 സാമ്പത്തിക വർഷം ലാഭം 46 കോടിയായി. നഷ്ടത്തിലേക്ക് കൂപ്പു കുത്തിയ സപ്‌ളൈകോ 2007 മുതൽ 2011 വരെ ഞാൻ സി.എം.ഡിയായിരുന്ന കാലയളവിലാണ് ലാഭത്തിലായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEVCO, YOGESH GUPTA IPS, KERALA, BUSINESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.