ഹൈടെക്കായി ഹൈക്കോടതി
കൊച്ചി: കേസ് ഫയൽ ചെയ്യാൻ മൊബൈൽ ആപ്പും ജഡ്ജിമാരുടെ ഉത്തരവുകൾ കേട്ടെഴുതാൻ സോഫ്റ്റ്വെയറുമടക്കം കൂടുതൽ ഹൈടെക്കായി കേരള ഹൈക്കോടതി. ഓൺലൈനായി ഹർജികളും അപ്പീലുകളും ഫയൽ ചെയ്യാനുള്ള മൊബൈൽ ആപ്പ് രാജ്യത്ത് ആദ്യമാണ്.
ജഡ്ജിമാർ ഉത്തരവുകൾ പറയുമ്പോൾ എഴുതിയെടുക്കുന്ന സോഫ്റ്റ്വെയർ സംവിധാനം നേരത്തെ ഇടക്കാല ഉത്തരവുകളിൽ പരീക്ഷിച്ച് വിജയിച്ചിരുന്നു. കീഴ്ക്കോടതികളിൽ മജിസ്ട്രേട്ടുമാർ സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നതും സോഫ്റ്റ്വെയറിലാകും. ഇതിൽ മജിസ്ട്രേട്ട് ഒപ്പുവയ്ക്കുന്നതോടെ ഔദ്യോഗിക രേഖയായി മാറും.
ജില്ലാ കോടതികളിൽ എത്ര കേസുകൾ പരിഗണിക്കുന്നു, ഇവയിലെത്ര തീർപ്പാക്കി എന്നിവയെല്ലാം ഹൈക്കോടതിക്ക് നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനവും നിലവിൽ വന്നു. തടവുകാരുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ സംവിധാനവും പ്രവർത്തനക്ഷമമായി. ഹർജി പരിഗണിക്കുമ്പോൾ തന്നെ പ്രതി ജയിലിലാണോയെന്ന് ഇതിലൂടെ അറിയാം. കോടതിയിൽ നിന്ന് സമൻസ് പൊലീസ് സ്റ്റേഷനുകളിലേക്ക് ഓൺലൈൻ മുഖേന അയയ്ക്കുന്ന സംവിധാനവും നടപ്പാക്കി. നവംബർ 15 നാണ് ഇവ നിലവിൽവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |