നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖർക്ക് വിഭവ സമൃദ്ധമായ വിരുന്നൊരുക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. ജയശങ്കർ. 'കല്യാണ വിരുന്നല്ല, പതിനാറടിയന്തരവുമല്ല; കാരണഭൂതൻ പൗരപ്രമുഖർക്ക് ഒരുക്കിയ നവകേരള ഭക്ഷണ സദസ്സാണ്' എന്നാണ് വിരുന്നിന് വിളമ്പുന്ന വിഭവങ്ങളുടെ ചിത്രങ്ങളടക്കം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഇടതുപക്ഷ- ജനാധിപത്യ- നവോത്ഥാന സർക്കാരിനോട് ആമാശയപരമായി ഐക്യപ്പെടാൻ ഒരു അസുലഭ അവസരം എന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കല്യാണ വിരുന്നല്ല, പതിനാറടിയന്തരവുമല്ല; കാരണഭൂതൻ പൗരപ്രമുഖർക്ക് ഒരുക്കിയ നവകേരള ഭക്ഷണ സദസ്സാണ്.
ഇടതുപക്ഷ- ജനാധിപത്യ- നവോത്ഥാന സർക്കാരിനോട് ആമാശയപരമായി ഐക്യപ്പെടാൻ ഒരു അസുലഭ അവസരം.
അതേസമയം, നവകേരള സദസിൽ മുഖ്യമന്ത്രി കാണുന്നത് പൗര പ്രമുഖരെയല്ലെന്നും പ്രത്യേക ക്ഷണിതാക്കളെയാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു. ഇടത് നേതാക്കൾ അടക്കം 'പൗര പ്രമുഖർ' എന്ന വാക്ക് ഉപയോഗിക്കുന്നതിനെയും എ കെ ബാലൻ വിമർശിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു എ കെ ബാലന്റെ പ്രതികരണം.
അപേക്ഷ നൽകി ആർക്കും ക്ഷണിതാവാകാം. പ്രത്യേക ക്ഷണിതാവാകാൻ കളക്‌ടർക്കോ എംഎൽഎക്കോ തങ്ങളെക്കൂടി വിളിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയാൽ മതിയെന്നും ബാലൻ വ്യക്തമാക്കി.
മറിയക്കുട്ടിക്കെതിരെ ദേശാഭിമാനി നൽകിയ വാർത്തയിലും എ കെ ബാലൻ പ്രതികരിച്ചു. ദേശാഭിമാനി ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും എ കെ ബാലൻ വ്യക്തമാക്കി. കരിങ്കൊടി കാണിച്ചതിന്റെ പേരിൽ യൂത്ത് കോൺഗ്രസുകാരെ ഡി വൈ എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതിൽ മുഖ്യമന്ത്രിയുടെ ന്യായീകരണത്തെയും എ കെ ബാലൻ പിന്തുണച്ചു. മുഖ്യമന്ത്രി ന്യായികരിച്ചത് ശരിയായ നടപടിയാണെന്നും റോഡിലേയ്ക്ക് ചാവേറുകളായി ഇറങ്ങുന്നവർക്കുള്ള ശക്തമായ താക്കീതാണെന്നും ബാലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |