SignIn
Kerala Kaumudi Online
Wednesday, 28 February 2024 2.03 AM IST

ഗവർണർ ഒപ്പിടാൻ വേണ്ടി കാത്തിരിക്കുന്നു, മുംബയ് അടക്കമുള്ള നഗരങ്ങളിലെ വൻഗ്രൂപ്പുകൾ ലക്ഷ്യമിടുന്നത് കേരളത്തിലെ 8 ജില്ലകളെ

trivandrum

ഏറെക്കാലം മുഖംതിരിച്ചു നിന്നെങ്കിലും ഒടുവിൽ കേരളവും സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറക്കുകയാണ്. സർക്കാരിന് ഒരു രൂപ പോലും ചെലവില്ലാതെ, വ്യവസായ മേഖലയുമായി ബന്ധിപ്പിച്ചിട്ടുള്ള അത്യാധുനിക കോഴ്സുകൾ പഠിക്കാൻ കുട്ടികൾക്ക് സൗകര്യമൊരുങ്ങും. വിദേശരാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായുള്ള ഒഴുക്ക് കുറയുമെന്നും വിലയിരുത്തപ്പെടുന്നു. ജനുവരിയിലെ നിയമസഭാ സമ്മേളനത്തിൽ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനുള്ള ബിൽ അവതരിപ്പിക്കും. ഗവർണർ ഒപ്പിടുന്നതോടെ ബിൽ നിയമമാവും. അതിനു ശേഷം രാജ്യമാകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, കോർപ്പറേറ്റ് മാനേജ്മെന്റുകൾ, സൊസൈറ്റികൾ എന്നിവയിൽ നിന്ന് സർവകലാശാല തുടങ്ങാനുള്ള താത്പര്യപത്രം ക്ഷണിക്കും.

കൊല്ലം, തിരുവനന്തപുരം,ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ സ്വകാര്യ യൂണിവേഴ്സിറ്റികൾക്കായി തമിഴ്നാട്, കർണാടക, ഡൽഹി, മുംബയ് എന്നിവിടങ്ങളിലെ വൻഗ്രൂപ്പുകളാണ് രംഗത്തുള്ളത്. മെഡിക്കൽ, ഡെന്റൽ, എൻജിനിയറിംഗ്, നിയമം, മാനേജ്മെന്റ്, സയൻസ്, പാരാമെഡിക്കൽ എന്നിവയിലെല്ലാം ഒരിടത്ത് പഠനസൗകര്യമുള്ള യൂണിവേഴ്സിറ്റികളാണ് വരുന്നത്. പട്ടികസംവരണം ഉറപ്പാക്കാനുള്ള വ്യവസ്ഥകളോടെയാണ് സ്വകാര്യ യൂണിവേഴ്സിറ്റി നിയമം വരുന്നത്. അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ 35ഉം കർണാടകത്തിൽ 30ഉം സ്വകാര്യ യൂണിവേഴ്സിറ്റികളുണ്ട്.

പ്രശസ്തമായ വിദ്യാഭ്യാസ ഗ്രൂപ്പുകളാണ് സ്വകാര്യ യൂണിവേഴ്സിറ്റിക്കായി രംഗത്തുള്ളത്. യു.ജി.സി ചട്ടപ്രകാരം 20 വർഷമായി പ്രവർത്തിക്കുന്നതും 3.26നുമേൽ നാക് ഗ്രേഡുള്ളതുമായ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. നഗരങ്ങളിൽ 20, ഗ്രാമങ്ങളിൽ 30 ഏക്കർ വീതം ഭൂമിയുണ്ടാവണം. കേരളത്തിൽ ഭൂമിവില ഉയർന്നതായതിനാലും നഗരങ്ങളിൽ ഇത്രയേറെ ഭൂമി കണ്ടെത്താൻ പ്രയാസമായതിനാലും ഈ മാനദണ്ഡത്തിൽ സംസ്ഥാനം ഇളവു നൽകിയേക്കും. സ്വകാര്യ യൂണിവേഴ്സിറ്റികൾക്ക് യു.ജി.സി അനുമതിയോടെ അത്യാധുനിക കോഴ്സുകൾ തുടങ്ങാം. സിലബസ്, പരീക്ഷാനടത്തിപ്പ്, ഫലപ്രഖ്യാപനം, ബിരുദം നൽകൽ എന്നിവയ്ക്ക് അധികാരമുണ്ട്. അഞ്ചുവർഷം കഴിഞ്ഞാൽ സംസ്ഥാനത്തെവിടെയും ഒഫ് കാമ്പസ്, സ്റ്റഡി സെന്ററുകളാരംഭിക്കാം. അദ്ധ്യാപക-വിദ്യാ‌ർത്ഥി അനുപാതം 1:20ൽ കുറയരുത്. പഠന, ഗവേഷണ, പരീക്ഷാ ചുമതലകളെല്ലാം സർവകലാശാലയ്ക്കാണ്. സിലബസുണ്ടാക്കാം, ബിരുദവും നൽകാം. കേന്ദ്രാനുമതിയോടെ വിദേശത്തും കാമ്പസുകളാവാം. അക്കാഡമിക്, അഡ്മിനിസ്ട്രേറ്റീവ്, പേഴ്സണൽ, ഫിനാൻഷ്യൽ, ഡെവലപ്മെന്റ് തുടങ്ങിയവയിലെല്ലാം സർവകലാശാലയ്ക്ക് പൂർണസ്വാതന്ത്ര്യമുണ്ടാവും. പ്രവേശനം, സിലബസ്, അദ്ധ്യാപനം, പരീക്ഷാ നടത്തിപ്പ്, മൂല്യനിർണയം എന്നിവയിൽ യു.ജി.സി നിർദ്ദേശം പാലിക്കണം. ബോർഡ് ഒഫ് സ്റ്റഡീസ്, അക്കാഡമിക് കൗൺസിൽ എന്നിവ ഉണ്ടായിരിക്കണം.

തൊഴിൽ ശാലകളുമായി ചേർന്ന് തൊഴിൽ മേഖലയ്ക്ക് വേണ്ട കോഴ്സുകൾ നടത്തി പാസാവുന്നവർക്കെല്ലാം തൊഴിൽ ഉറപ്പാക്കുന്നവയാണ് സ്വകാര്യ സർവകലാശാലകൾ. പരമ്പരാഗത കോഴ്സുകളിൽ നിന്ന് മാറി തൊഴിലിനു വേണ്ടിയുള്ള പഠനമായിരിക്കും ഇവിടങ്ങളിൽ നടക്കുക. അത്യാധുനിക കോഴ്സുകൾ ശാസ്ത്രമേഖലയിലടക്കം വരുന്നതോടെ, വിദ്യാർത്ഥികൾക്ക് മികവുറ്റ പഠനസൗകര്യം ലഭ്യമാവും. ഖജനാവിൽ നിന്ന് പണം മുടക്കാതെ കുട്ടികൾക്ക് അത്യാധുനിക കോഴ്സുകളും പഠനസൗകര്യങ്ങളും മികച്ച അക്കാഡമിക് നിലവാരവുമൊരുക്കി ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായ മാറ്റാൻ സ്വകാര്യ സർവകലാശാലകൾക്ക് കഴിയും. അയൽസംസ്ഥാനങ്ങളിൽ പൊതുപണം മുടക്കാതെ ലോകോത്തര സ്ഥാപനങ്ങൾ ഉയർന്നുകഴിഞ്ഞു. ഗുജറാത്തിൽ 60, രാജസ്ഥാനിൽ 52, മദ്ധ്യപ്രദേശിൽ 41, ഉത്തർപ്രദേശിൽ 32, ഹരിയാനയിൽ 25‌, കർണാടകയിൽ 25, മഹാരാഷ്ട്രയിൽ 22, ഉത്തരാഖണ്ഡിൽ 21, തമിഴ്നാട്ടിൽ നാല് വീതം സ്വകാര്യ സർവകലാശാലകളുണ്ട്. രാജ്യത്താകെ 27സംസ്ഥാനങ്ങളിലായി 430 സ്വകാര്യ വാഴ്സിറ്റികളുണ്ട്. 20 ലക്ഷത്തിലേറെ വിദ്യാർത്ഥികളും അവിടങ്ങളിൽ പഠിക്കുന്നു.

നൂതന കോഴ്സുകൾ

വമ്പൻ തൊഴിൽ സാദ്ധ്യതകളുള്ളതും നൂതനവുമായ കോഴ്സുകളായിരിക്കും സ്വകാര്യ വാഴ്സിറ്റികളിലുണ്ടാവുക. ബിരുദസമ്പാദനത്തിനപ്പുറം ഉയർന്ന ശമ്പളത്തോടെയുള്ള തൊഴിൽ ഉറപ്പാക്കുന്നതാണ് കോഴ്സുകൾ. തൊഴിലില്ലായ്‌മ പരിഹരിക്കാനുമാവും. വിദേശ വിദ്യാർത്ഥികളെപ്പോലും ആകർഷിക്കുന്ന എപ്പിഡെമിയോളജി, വൈറോളജി, ഇമ്യൂണോളജി, ബയോളജിക്കൽ ഡാറ്റാ മാനേജ്മെന്റ്, മെഡിക്കൽ ഡോക്യുമെന്റേഷൻ തുടങ്ങിയ കോഴ്സുകൾ വരുന്നതോടെ കേരളം ആഗോളവിദ്യാഭ്യാസ ഹബായി മാറുമെന്ന് സർക്കാർ വിലയിരുത്തുന്നു. കെമിക്കൽ ബയോളജി, സിസ്റ്റം ബയോളജി, കമ്പ്യൂട്ടേഷണൽ ബയോളജി, ജെനിറ്റിക്സ്, മോളിക്യുലാർ ബയോളജി, ബയോഇൻഫോമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് സ്റ്റാറ്റിക്‌സ് എന്നിവയിൽ ട്രിപ്പിൾമെയിൻ കോഴ്സുകളും വരും.

എല്ലാവർക്കും പ്ലേസ്‌മെന്റ്

ഗവേഷണത്തിനും വിദ്യാർത്ഥി പരിശീലനത്തിനുമായി ഐ.ഐ.ടികളുമായും വിദേശ സർവകലാശാലകളുമായും കരാറുണ്ടാക്കാനും സ്വകാര്യ സർവകലാശാലകൾക്കാവും. ബംഗളൂരുവിലെ അസിം പ്രേംജി സർവകലാശാല അരുണാചൽ പ്രദേശ് സ്റ്റേറ്റ് കൗൺസിൽ ഒഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗുമായും ഒ.പി ജിൻഡാൽ സർവകലാശാല ഡൽഹി സർക്കാരിന്റെ ഡയറക്ടറേറ്റ് ഒഫ് ട്രെയിനിംഗുമായും കരാറുണ്ട്. അശോക സർവകലാശാല ഡൽഹി, കാൻപൂർ, ബോംബെ, ജോധ്പൂർ, വാരണാസി ഐ.ടികളുമായാണ് കരാറൊപ്പിട്ടത്. നാനോ മെറ്റീരിയൽസ്, നാനോ ടെക്നോളജി, ബയോടെക്നോളജി, അഡ്വാൻസ്ഡ് സെൻസറുകൾ, ഫോട്ടോണിക്സ്, സൈബർ സിറ്റംസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലെ ഗവേഷണ സഹകരണത്തിനാണ് കരാർ. ഒ.പി ജിൻഡാൽ വാഴ്സിറ്റി പൂനെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായാണ് സഹകരിക്കുന്നത്. വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കാനും ഇതിലൂടെ കഴിയും.

ഗുണങ്ങൾ 5

സർക്കാർ പണംമുടക്കാതെയുള്ള മികച്ച പഠനസൗകര്യം

തൊഴിൽ ഉറപ്പുള്ള നൂതന കോഴ്സുകൾ

കോഴ്സുകളെല്ലാം വ്യവസായബന്ധിതമായിരിക്കും

ഐ.ഐ.ടി, വിദേശ വാഴ്സിറ്റി സഹകരണം

ഉപരിപഠനത്തിന് വിദേശത്തേക്കുള്ള പോക്ക് കുറയും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGHER EDUCATION, FOREIGN UNIVERSITIES, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.