തൃശൂർ: സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടെന്ന അവകാശവാദങ്ങൾക്കിടെയും ഓരോ വർഷവും ഡിവിഷനുകൾ കുറയുന്നു. കുട്ടികൾ കുറയുന്നതിനൊപ്പം അദ്ധ്യപകരുടെ ജോലി സുരക്ഷിതത്വവും നഷ്ടപ്പെടുകയാണ്. ഏറ്റവും കൂടുതൽ ഡിവിഷനുകൾ ഈ വർഷം കുറഞ്ഞത് സർക്കാർ സ്‌കൂളുകളിലാണ്.
ജില്ലയിൽ കഴിഞ്ഞ അദ്ധ്യയന വർഷം സർക്കാർ സ്കൂളുകളിൽ നാൽപതിൽ താഴെ മാത്രമേ ഡിവിഷനുകൾ നഷ്ടപ്പെട്ടിരുന്നുള്ളൂ. ഇക്കുറി അത് അമ്പത് കടന്നു. അതേസമയം, എയ്ഡഡ് മേഖലയിൽ സർക്കാർ മേഖലയെ അപേക്ഷിച്ച് ഡിവിഷനുകൾ കുറയുന്നതിൽ കാര്യമായ കുറവുണ്ട്. കഴിഞ്ഞ വർഷം 86 അദ്ധ്യാപകർ സ്‌കൂളുകളിൽ നിന്ന് ഡിവിഷൻ നഷ്ടപ്പെട്ട് പുറത്തുവന്നപ്പോൾ ഈ വർഷം 16 മാത്രമേയുള്ളൂ.
സർക്കാർ മേഖലയിൽ ഡിവിഷൻ കുറഞ്ഞ് പുറത്തുവരുന്ന അദ്ധ്യാപകരെ മറ്റ് സ്‌കൂളുകളിലേക്ക് പുനർവിന്യസിക്കുമെങ്കിലും പി.എസ്.സി വഴി നിയമനം വന്നാൽ പുറത്ത് പോകേണ്ടിവരും. ഇതോടെ മറ്റ് സ്കൂളുകളിലേക്ക് മാറേണ്ട സാഹചര്യമുണ്ടാകും. സർക്കാർ , എയ്ഡഡ് മേഖലകളിലായി പതിനയ്യായിരത്തോളം അദ്ധ്യാപകരാണുള്ളത്. എൽ.പി, യു.പി വിഭാഗങ്ങളിലാണ് കൊഴിഞ്ഞുപോക്ക് കൂടുതൽ. പലരും എൽ.കെ.ജി മുതൽ ഏഴാംതരം വരെ സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിച്ച് ഹൈസ്കൂൾ മുതൽ സംസ്ഥാന സിലബസിലേക്ക് വരുന്നുണ്ട്.
എയ്ഡഡ് മേഖലയിൽ നിന്നും കൊഴിഞ്ഞുപോകുന്ന അദ്ധ്യാപകരെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലേക്ക് പുനർവിന്യസിക്കുകയാണ് ചെയ്യുന്നത്. സ്‌കൂളുകളിൽ ഒഴിവു വരുന്ന മുറയ്ക്ക് ഇവരെ നിയമിക്കും.
അദ്ധ്യാപക അനുപാതം
സ്‌കൂളുകളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള അനുപാതത്തിൽ ഏറെ അപകാതകളുണ്ടെന്ന് അദ്ധ്യാപക സംഘടനകൾ പറയുന്നു. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ 30 കുട്ടികൾക്ക് ഒരു അദ്ധ്യാപകൻ വേണം. 6, 7 ക്ലാസുകളിൽ 35 പേർക്ക് ഒരാൾ എന്നതാണ് അനുപാതം. ഹൈസ്‌കൂൾ വിഭാഗത്തിൽ 45 കുട്ടികൾക്ക് ഒരു അദ്ധ്യപകൻ എന്നതാണ് കണക്ക്. എന്നാൽ പലപ്പോഴും ഒരു കുട്ടി കുറഞ്ഞാൽ പോലും ഡിവിഷൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെന്നാണ് പരാതി.
സർക്കാർ സ്കൂളുകളിലെ ഡിവിഷൻ നഷ്ടം
ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിൽ - 21
യു.പി വിഭാഗത്തിൽ - 28
ഹൈസ്‌കൂൾ വിഭാഗത്തിൽ - 2
കെ.എസ്.ടി.എ ധർണ
തൃശൂർ: ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുനക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എ ശനിയാഴ്ച തൃശൂരിൽ ജില്ലാ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാവിലെ പത്തിന് സി.എം.എസ് സ്‌കൂൾ പരിസരത്ത് നിന്നാരംഭിക്കുന്ന മാർച്ച് തെക്കെ ഗോപുരനടയിൽ സമാപിക്കും. ധർണ സേവ്യർ ചിറ്റിവപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡെന്നി കെ. ഡേവീസ് അദ്ധ്യക്ഷനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബെന്നി മുഖ്യപ്രഭാഷണം നടത്തും. സി.എ. നാസർ, സാജൻ ഇഗ്‌നേഷ്യസ്, ഡെന്നി കെ. ഡേവീസ്, കെ. പ്രമോദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |