ന്യൂഡൽഹി: കള്ളപ്പണക്കേസിൽ പ്രതിയായ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് വിദേശയാത്രയ്ക്ക് അനുമതി നൽകി ഡൽഹി റോസ് അവന്യു കോടതി. ദുബായിൽ ഐക്യരാഷ്ട്ര സഭയുടെ കോൺഫറൻസ് ഒഫ് ദ് പാർട്ടീസിന്റെ ഭാഗമായി നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാനാണിത്. ക്ഷണം ലഭിച്ചതായി ശിവകുമാർ കോടതിയെ അറിയിക്കുകയായിരുന്നു. നവംബർ 29 മുതൽ ഡിസംബർ മൂന്ന് വരെ ശിവകുമാറിന് ദുബായിൽ തങ്ങാം. കർണാടകയിൽ എട്ടുതവണ എം.എൽ.എയും,ഉപമുഖ്യമന്ത്രിയുമായ ശിവകുമാർ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള സാദ്ധ്യത വിരളമാണെന്ന് കോടതി നിരീക്ഷിച്ചു. അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം. യാത്രയുടെ വിശദാംശങ്ങൾ,മൊബൈൽ നമ്പർ എന്നിവ കൈമാറണമെന്നും വ്യവസ്ഥ വച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |