ബീജിംഗ് : 2014ൽ പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്തിന് സമീപത്തുവച്ച് അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസ് വിമാനമായ എം.എച്ച് 370 ന് എന്തു സംഭവിച്ചെന്നറിയാൻ പുതിയ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ചൈനീസ് കോടതിയിൽ ഹർജി.
239 യാത്രികരുമായി കാണാതായ എം.എച്ച് 370ലെ ചൈനീസ് യാത്രികരുടെ ബന്ധുക്കളാണ് അന്വേഷണത്തിനായി രംഗത്തെത്തിയിരിക്കുന്നത്. 40ലേറെ കുടുംബങ്ങൾ നഷ്ടപരിഹാരത്തിനായി മലേഷ്യൻ എയർലൈൻസ്, ബോയിംഗ് വിമാന കമ്പനി, എൻജിൻ നിർമ്മാതാക്കളായ റോൾസ് റോയ്‌സ്, അലയൻസ് ഇൻഷ്വറൻസ് ഗ്രൂപ്പ് എന്നിവർക്കെതിരെ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് തുറന്ന കത്തുമെഴുതി.
2014 മാർച്ച് 8ന് മലേഷ്യയിലെ ക്വാലാലംപ്പൂരിൽ നിന്ന് ചൈനയിലെ ബീജിംഗിലേക്ക് പറന്നുയർന്ന ഫ്ലൈറ്റ് 370 വിമാനവുമായി ഒരു മണിക്കൂറിനുശേഷം എല്ലാ ആശയവിനിമയവും തടസപ്പെടുകയും കാണാതായതായി സ്ഥിരീകരിക്കുകയുമായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ എം.എച്ച് 370ന് വേണ്ടി വിവിധ ലോക രാജ്യങ്ങളും അന്താരാഷ്ട്ര ഏജൻസികളും ലക്ഷക്കണക്കിന് ഡോളർ ചെലവിട്ട് അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.
2016ൽ മഡഗാസ്‌കറിന് കിഴക്കായി ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. വിമാനത്തിന്റേതെന്ന് സംശയിക്കുന്ന മറ്റ് ചില ഭാഗങ്ങൾ പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിൽ അടിഞ്ഞിട്ടുണ്ട്. ഇതിൽ ചിലത് ഫ്ലൈറ്റ് 370ന്റേത് തന്നെയാകാമെന്നാണ് ഉറച്ചു വിശ്വസിക്കുന്നു.
സംഭവിച്ചത് എന്തെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ എം.എച്ച് 370നെ ചുറ്റിപ്പറ്റി നിരവധി സിദ്ധാന്തങ്ങളും പ്രചരിക്കുന്നുണ്ട്. എം.എച്ച് 370നെ അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ടുപോയെന്ന വിചിത്രവാദങ്ങൾ വരെ പ്രചാരത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |