ഉത്തരകാശി: ലോകം ആശങ്കയോടെ ഉറ്റുനോക്കിയ ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയിച്ചു. സിൽക്യാര തുരങ്കത്തിന് പുറത്ത് കണ്ണീരോടെ കാത്തിരുന്ന ഉറ്റവർക്ക് ആശ്വാസമായി. രാജ്യത്തിന്റെയാകെ പ്രാർത്ഥനകൾ സഫലമായി. ആവർത്തിച്ചുണ്ടായ തടസങ്ങളും പ്രതിസന്ധികളും തരണംചെയ്‌ത് രാപ്പകൽ കഠിനാദ്ധ്വാനം ചെയ്‌ത രക്ഷാപ്രവർത്തകർ, പതിനേഴ് ദിവസമായി തുരങ്കത്തിൽ കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെ ഇന്നലെ സുരക്ഷിതരായി പുറത്തെത്തിച്ചു. എല്ലാവരും ആരോഗ്യവാന്മാരാണ്.
ആധുനിക യന്ത്രങ്ങൾ പരാജയപ്പെട്ടപ്പോൾ, ഉപജീവനത്തിന് ജീവൻ പണയംവച്ച് റാറ്റ് മൈനിംഗ് നടത്തുന്ന കൽക്കരിഖനി തൊഴിലാളികളാണ് അവസാന ഘട്ടത്തിൽ ദൗത്യം വിജയത്തിലെത്തിച്ചത്. ഇന്ത്യ കണ്ട ഏറ്റവും ദുഷ്കരമായ രക്ഷാദൗത്യമാണ് വിജയത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ആദ്യത്തെ ആളിനെ പുറത്തെത്തിച്ചത്. 60 മീറ്ററോളം നീളത്തിൽ സ്ഥാപിച്ച രക്ഷാകുഴലിലൂടെ അകത്തുകടന്ന ദേശീയ ദുരന്തപ്രതികരണ സേനാംഗങ്ങൾ ഓരോ തൊഴിലാളിയെയും ചക്രം ഘടിപ്പിച്ച സ്ട്രെച്ചറിൽ കിടത്തിയാണ് രക്ഷപ്പെടുത്തിയത്. തുരങ്കത്തിന് പുറത്തുനിന്ന സേനാംഗങ്ങൾ കയർ കെട്ടിയ സ്ട്രെച്ചർ വലിച്ച് ഓരോരുത്തരെയും പുറത്തെടുത്തു. ഒൻപത് മണിയോടെ എല്ലാവരെയും പുറത്തെത്തിച്ചു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയി.
രക്ഷാദൗത്യം
ദുരന്ത നിവാരണ സേനാംഗങ്ങൾ കുഴലിലൂടെ നുഴഞ്ഞുകയറി
അവരുടെ പക്കൽ ഓക്സിജൻ കിറ്റുകളും ചക്രമുള്ള സ്ട്രെച്ചറുകളും കയറും
പിന്നാലെ ഡോക്ടർമാരും പാരാമെഡിക്കുകളും സ്ട്രെച്ചറുകളിൽ കിടന്ന് അകത്തേക്ക്
അവർ തൊഴിലാഴികളുടെ ആരോഗ്യം പരിശോധിച്ചു
ഇരുമ്പ് കുഴലിലൂടെ നീങ്ങേണ്ടതിനെപ്പറ്റി തൊഴിലാളികൾക്ക് കൗൺസലിംഗ്
പുറത്തേക്ക് വലിക്കാൻ കയറുകൾ കെട്ടിയ സ്ട്രച്ചറുകളിൽ ഓരോ തൊഴിലാളിയെയും കിടത്തി ഉരുമ്പ് കുഴലിലേക്ക് കയറ്റി
പുറത്തുള്ള സേനാംഗങ്ങൾ ഓരോരുത്തരെയും വലിച്ചെടുത്തു.
ഒരു മണിക്കൂറിനുള്ളിൽ 41പേരെയും പുറത്തെത്തിച്ചു
തിങ്കളാഴ്ച രാത്രി
പന്ത്രണ്ട് റാറ്റ് മൈനർമാർ നാല് സംഘങ്ങളായി മാറി മാറിയായിരുന്നു ദൗത്യം
മൂന്നംഗ സംഘം ഇരുമ്പ് പൈപ്പിലൂടെ നുഴഞ്ഞുകയറി. ഒരാൾ അവശിഷ്ടങ്ങൾ തുരന്നു. രണ്ടാമൻ ട്രോളിയിൽ നിറച്ചു. മൂന്നാമൻ ട്രോളി ഷാഫ്റ്റിൽ വച്ചു. പുറത്തു നിൽക്കുന്നവർ ട്രോളി വലിച്ചെടുത്തു
മണിക്കൂറിൽ കഷ്‌ടിച്ച് ഒരുമീറ്റർ വീതമാണ് തുരന്നത്.
12-13 മീറ്ററോളം തുരക്കണമായിരുന്നു
ഇന്നലെ മൂന്നു മണിയോടെ തുരക്കൽ പൂർത്തിയായി
തുരന്ന സ്ഥലത്ത് ഓഗർ മെഷീൻ ഇരുമ്പ് കുഴൽ തള്ളിക്കയറ്റി
രാത്രി എട്ടോടെ രക്ഷാദൗത്യം തുടങ്ങി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |