SignIn
Kerala Kaumudi Online
Saturday, 19 September 2026 12.12 AM IST

ലോകത്തിലെ ഏറ്റവും മികച്ച തുരങ്കനിർമ്മാണ വിദഗ്‌ദ്ധനും വിശ്വാസിയായി മാറി, ഹിമാലയത്തിലെ പൂവുമായി ആർനോൾഡ് ഡിക്‌സ് എന്നും കവാടത്തിന് മുന്നിലെ ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കുമായിരുന്നു

arnold-dix

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സിൽക്യാരി ടണലിൽ 17 ദിവസം കുടുങ്ങിയ 41 പേർ വെല്ലുവിളികളെ അതിജീവിച്ചാണ് പുറംലോകം കണ്ടത്. ഓക്‌സിജനും ഭക്ഷണവും അത്യാവശ്യ സാധനങ്ങളും എത്തിക്കാൻ സ്ഥാപിച്ച ആറിഞ്ച് വ്യാസമുള്ളപൈപ്പാണ് അവരുടെ ജീവന് കരുത്തായത്. റൊട്ടിയും പരിപ്പു കറിയുമായിരുന്നു പ്രധാന ഭക്ഷണം. സമയം തള്ളിനീക്കാൻ നൽകിയ ചീട്ടും ഒരു പരിധിവരെ മനസിന്റെ പിരിമുറുക്കം കുറച്ചു. തുരങ്കം വീണ്ടും ഇടിയാൻ സാധ്യതയുണ്ടായിരുന്നു. ചെറിയ അവശിഷ്ടങ്ങൾ പതിച്ച് പരിക്കേൽക്കാതിരിക്കാൻ എപ്പോഴും ഹെൽമറ്റ് ധരിച്ചു. രാത്രികാലങ്ങളിൽ കുറച്ചുപേർ ഉറങ്ങുമ്പോൾ മറ്റുള്ളവർ കാവലിരുന്നു.

രാജ്യം മുഴുവൻ പ്രാർത്ഥനയിലായിരുന്നു. തൊഴിലാളികളുടെ കുടുംബാംഗങ്ങൾ തുരങ്കത്തിന് പുറത്ത് പ്രാർത്ഥനയോടെ കാത്തിരുന്നു. കവാടത്തിന് സമീപമുള്ള ചെറിയ ആരാധനാലയത്തിൽ പ്രാർത്ഥനയും വഴിപാടുമായി ഗ്രാമവാസികളും പങ്കുചേർന്നു. ഗഡ്വാൾ ഹിമാലയത്തിലെ പരമ്പരാഗത നാടോടി ഗാനങ്ങളും (ജാഗർ) പാടി. രണ്ട് പൂജാരിമാർ ദിവസേന പൂജ നടത്തി. തുരങ്ക നിർമ്മാണ വിദഗ്ദ്ധൻ ആർനോൾഡ് ഡിക്സ് എന്നും ആരാധനാലയത്തിൽ എത്തി പ്രാർത്ഥിച്ചു. ഹിമാലയൻ നിരകളിൽ നിന്ന് പറിക്കുന്ന പൂവുമായി ക്ഷേത്രത്തിലെത്തുന്ന അദ്ദേഹം നിലത്തിരുന്ന് പ്രാർത്ഥിക്കുമായിരുന്നു.


സിൽക്ക്യാര നിവാസികളുടെ ദൈവമാണ് ബാബ ബോഗ്നാഗ്. ടണലിന് മുന്നിൽ ബോഗ്നാഗിന്റെ ഒരു ചെറിയ ക്ഷേത്രവും അവർ പണികഴിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തെ മുഴുവൻ സംരക്ഷിക്കുന്നത് ബാബ ബോഗ്നാഗ് ആണെന്നാണ് ഗ്രാമീണർ വിശ്വസിക്കുന്നത്.


'തുരങ്കം നിർമ്മിച്ചുകൊണ്ടിരിക്കുന്ന സ്ഥാനത്ത് പണ്ടൊരു ഗുഹയായിരുന്നു. അന്നൊന്നും ഒരാൾക്കുപോലും അപകടം സംഭവിച്ചിട്ടില്ല. ആരും ഗുഹയ്ക്കുള്ളിൽ അകപ്പെട്ടിട്ടുമില്ല. എല്ലാം ബാബ നോക്കുമായിരുന്നു. നിർമ്മാണ കമ്പനി അധികൃതരോട് പലതവണ ഞങ്ങൾ പറഞ്ഞിരുന്നു ബാബായുടെ ആരാധനാലായം അവിടെ നിന്നും നീക്കം ചെയ്യരുതെന്ന്. അഥവാ അങ്ങനെ ചെയ്യുകയാണെങ്കിൽ മറ്റൊരു സ്ഥലത്ത് അമ്പലം പണിയണമെന്നും പറഞ്ഞു. എന്നാൽ അവർ കേട്ടില്ല. ഞങ്ങളുടെ അന്ധവിശ്വാസമാണിതെല്ലാം എന്ന് പറഞ്ഞ് കമ്പനിക്കാർ ഞങ്ങളെ പുച്ഛിച്ചു''പ്രദേശവാസിയായ രാകേഷ് നോട്ടിയാൽ പറയുന്നു.


ബാബ ബോഗ്നാഗിന്റെ ആരാധനാലായം പൊളിച്ചു മാറ്റിയതു കൊണ്ടുതന്നെയാണ് അപകടം സംഭവിച്ചതെന്നാണ് പൂജാരിയായ ഗണേശ് പ്രസാദ് ബിജൽവാനും വിശ്വസിക്കുന്നത്. ''കഴിഞ്ഞ ആഴ്ച കമ്പനി അധികൃതർ എന്നെ വിളിച്ച് ക്ഷമാപണം നടത്തി. പ്രത്യേക പൂജ നടത്തണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു. ദേവഭൂമി എന്നാണ് ഉത്തരാഖണ്ഡ് അറിയപ്പെടുന്നത്. ഈശ്വരന്മാരുടെ അനുഗ്രഹമുണ്ടെങ്കിൽ മാത്രമേ ഇവിടെ എന്ത് നിർമ്മാണവും സാദ്ധ്യമാവുകയുള്ളൂ''ഗണേശ് പ്രസാദ് ബിജൽവാൻ പ്രതികരിച്ചു .


853.79 കോടി രൂപ മുതൽ മുടക്കി നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (എൻ.എച്ച്.ഐ.ഡി.സി.എൽ) നവയുഗ എൻജിനിയറിംഗ് കമ്പനിയാണ് തുരങ്കം നിർമ്മിക്കുന്നത്. പദ്ധതി നടപ്പായാൽ ഉത്തരകാശിയിൽ നിന്ന് യമുനോത്രി ധാമിലേക്കുള്ള ദൂരം 26 കിലോമീറ്ററായി കുറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, UTHARAKHAND TUNNEL, RESCUE, SILKYARA TUNNEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360