ന്യൂഡൽഹി: ഇന്ത്യൻ ജാവലിൻ താരവും ഒളിമ്പിക് സ്വർണ മെഡൽ ജേതാവുമായ നീരജ് ചോപ്രയ്‌ക്ക് ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ വച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെയും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ നീരജ് ചോപ്രയുടെ കുടുംബവും എത്തിയിരുന്നു. നീരജിനെ സ്ഥിരോത്സാഹത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പ്രതീകമായാണ് രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചത്.
ഇന്ത്യൻ ഗവൺമെന്റിന്റെ അംഗീകൃത നിയമരേഖയായ ഗസറ്റ് ഓഫ് ഇന്ത്യ പ്രകാരം, ഈ വർഷം ഏപ്രിൽ 16 മുതൽ നീരജ് ചോപ്രയുടെ നിയമനം പ്രാബല്യത്തിൽ വന്നു. 2016 ഓഗസ്റ്റ് 26ന് ഇന്ത്യൻ ആർമിയിൽ നായിബ് സുബേദാർ റാങ്കിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറായി നീരജ് ചോപ്ര ചേർന്നിരുന്നു. പത്മശ്രീ, മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡ്, അർജുന അവാർഡ്, പരം വിശിഷ്ട് സേവാ മെഡൽ, വിശിഷ്ട് സേവാ മെഡൽ എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്. 2020ലെ ടോക്കിയോ ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡിൽ ഒളിമ്പിക് സ്വർണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റായി ചരിത്രം സൃഷ്‌ടിച്ച വ്യക്തി കൂടിയാണ് നീരജ് ചോപ്ര.
2024ലെ പാരിസ് ഒളിമ്പിക്‌സിൽ വെള്ളി മെഡലും 2023ലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലും നീരജ് ചോപ്ര സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഡയമണ്ട് ലീഗ് ഇവന്റുകളിൽ ഒന്നിലധികം സ്വർണ മെഡലുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |