ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാഷ്‌ട്രീയ ജീവിതത്തിന്റെ അവസാന കാലത്താണെന്ന് മകൻ യതീന്ദ്ര സിദ്ധരാമയ്യ. ഇതോടൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയ്‌ക്ക് പകരം ആരാകുമെന്ന യതീന്ദ്രയുടെ അഭിപ്രായവും ഏറെ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണ്. സതീഷ് ജാർക്കിഹോളി (63)യാകും സിദ്ധരാമയ്യയുടെ(77) പിൻമുറക്കാരനാകുക എന്നാണ് യതീന്ദ്ര പറയുന്നത്. നിലവിലെ ഉപമുഖ്യമന്ത്രിയായ ഡി.കെ ശിവകുമാർ അടുത്തതായി മുഖ്യമന്ത്രിയാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇതിനിടെയാണ് യതീന്ദ്രയുടെ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം.
ബെലഗാവിയിൽ ഒരു ടിവി പരിപാടിയിലാണ് യതീന്ദ്ര ഇത്തരത്തിൽ പറഞ്ഞത്. കർണാടകയിലെ ഉപരിസഭാംഗമാണ് യതീന്ദ്ര. എന്റെ പിതാവ് ഇപ്പോൾ രാഷ്‌ട്രീയ ജീവിതത്തിന്റെ അവസാന പാദത്തിലാണ്. ഈ സമയം യുക്തിസഹമായും പുരോഗമനപരമായും പ്രത്യയശാസ്‌ത്രം വച്ചുപുലർത്തുന്നവർ നേതൃത്വത്തിന്റെ ചുമതല ഏറ്റെടുക്കണം. അത്തരമൊരു നേതാവിനെയാണ് നമുക്കാവശ്യം. ജാർക്കിഹോളി ആ ചുമതല ഏറ്റെടുക്കും. എനിക്ക് തോന്നുന്നു അദ്ദേഹം മുന്നിൽനിന്ന് മാതൃകയായി നമ്മെ നയിക്കും. കോൺഗ്രസ് പ്രത്യയശാസ്‌ത്രം വിശ്വസിക്കുന്ന നേതാക്കൾക്കും യുവാക്കൾക്കും അദ്ദേഹം നേതൃത്വമേകും.' യതീന്ദ്ര പറഞ്ഞു. 2028 വരെ തന്റെ പിതാവ് തന്നെയാകും കർണാടക മുഖ്യമന്ത്രിയെന്ന് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം പറഞ്ഞരുന്നു.
നിലവിൽ ഡികെ ശിവകുമാർ പക്ഷത്തെ ശക്തനായ നേതാവാണ് സതീഷ് ജാർക്കിഹോളി. നേരത്തെ കോൺഗ്രസ് എംപിയായ എൽ ആർ ശിവരാമെ ഗൗഡ, ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അന്തിമതീരുമാനം ഹൈക്കമാന്റ് ആണെടുക്കുക എന്നും അദ്ദേഹം പറഞ്ഞിരുന്നു. യതീന്ദ്ര മുഖ്യമന്ത്രിയാകും എന്ന് അഭിപ്രായപ്പെട്ട സതീഷ് ജാർക്കിഹോളി നിലവിൽ പൊതുമരാമത്ത് മന്ത്രിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |