SignIn
Kerala Kaumudi Online
Thursday, 18 July 2024 10.46 PM IST

സംവരണം ഹനിക്കാതെ വേണം കൗൺസലിംഗ്

c

എം.ബി.ബി.എസ് പ്രവേശനം അടുത്ത വർഷം മുതൽ ഏകീകൃത കൗൺസലിംഗിലൂടെ മാത്രം നടത്താനുള്ള ദേശീയ മെഡിക്കൽ കൗൺസിലിന്റെ തീരുമാനം സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിട്ടുള്ളത്. സംസ്ഥാനങ്ങൾ നടത്തിയിരുന്ന പ്രവേശന പരീക്ഷ നിറുത്തലാക്കി ദേശീയാടിസ്ഥാനത്തിൽ ഏകീകൃത പരീക്ഷ നിലവിൽ വന്നത് ഈ രംഗത്തു നടമാടിയിരുന്ന ഒട്ടനവധി ദുഷ്‌പ്രവണതകൾ ഇല്ലാതാക്കിയിട്ടുണ്ട്. 'നീറ്റ്" പരീക്ഷയിലെ റാങ്ക് അടിസ്ഥാനമാക്കി സംസ്ഥാന പ്രവേശന കമ്മിഷണർമാരാണ് നിലവിൽ പ്രവേശന നടപടികൾ നടത്തിവന്നത്. കൗൺസലിംഗ് ഏകീകൃത സംവിധാനത്തിലേക്ക് മാറുന്നതോടെ ഈ രീതി ഇല്ലാതാകും. മുഴുവൻ സീറ്റുകളിലും അടുത്ത വർഷം മുതൽ കേന്ദ്രീകൃത കൗൺസലിംഗ് വഴിയാകും പ്രവേശനം.

പ്രവേശന നടപടികൾ പൂർണമായും സുതാര്യമാക്കാൻ പുതിയ പ്രവേശന രീതി ഉപകരിക്കുമെന്നു തീർച്ചയാണ്. അതേസമയം സംസ്ഥാനങ്ങളിൽ പ്രാബല്യത്തിലിരിക്കുന്ന സംവരണ മാനദണ്ഡങ്ങൾക്ക് ഒരു പോറൽ പോലുമേൽക്കാതെ പ്രവേശനം ഉറപ്പാക്കുകയും വേണം. ഈ വിഷയത്തിൽ പല കേന്ദ്രങ്ങൾക്കും ആശങ്കയുണ്ട്. മെഡിക്കൽ കൗൺസിൽ കൗൺസലിംഗ് പൂർണമായി ഏറ്റെടുക്കുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണ്ടിവരും. ഓരോ സംസ്ഥാനത്തും സംവരണവും മാനദണ്ഡങ്ങളും വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ സംവരണ സമുദായങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് ഒരുതരത്തിലും ദോഷകരമാകാത്ത തരത്തിലാകണം പ്രവേശന നടപടിക്രമങ്ങൾ രൂപപ്പെടുത്താൻ. ഇതിനായി ഓരോ സംസ്ഥാനവും സംവരണ വിഷയത്തിൽ വിദഗ്ദ്ധരായവരുടെ സേവനം മെഡിക്കൽ കൗൺസിൽ തേടിയിട്ടുണ്ട്. പരസ്പരം കൂടിയാലോചിച്ച് ഇതിനുള്ള മാനദണ്ഡം തയ്യാറാക്കിയാൽ പിന്നീട് ഉണ്ടാകാനിടയുള്ള ആക്ഷേപങ്ങളും പരാതികളും ഒഴിവാക്കാനാകും. നിലവിൽ സംവരണത്തിനു പിന്തുടർന്നു വരുന്ന മാനദണ്ഡങ്ങൾ അതതു സംസ്ഥാനത്തു നിലവിലുള്ള രീതിക്കനുസരണമായിത്തന്നെ നിലനിറുത്തിവേണം മെഡിക്കൽ കൗൺസിൽ ഏകീകൃത പ്രവേശനവുമായി മുന്നോട്ടുപോകാൻ.

എം.ബി.ബി.എസ്, പി.ജി പ്രവേശനത്തിന് ഏകീകൃത കൗൺസലിംഗ് പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാന റാങ്ക് പട്ടികയ്ക്കു പ്രസക്തിയില്ലാതാകും. അഖിലേന്ത്യാ ക്വാട്ടയും എൻ.ആർ.ഐ സീറ്റുകളും ഉൾപ്പെടെ മുഴുവൻ സീറ്റുകളിലേക്കും മെഡിക്കൽ കൗൺസിലാകും പ്രവേശനം നൽകുന്നത്. പ്രവേശനത്തിൽ ഇപ്പോഴുണ്ടാകുന്ന കാലതാമസം കുറയ്ക്കാൻ പുതിയ സംവിധാനം ഉപകരിക്കും. പുറമെ പ്രവേശന രംഗത്ത് ഇപ്പോഴും അവശേഷിക്കുന്ന ക്രമവിരുദ്ധമായ ചില കാര്യങ്ങൾക്ക് വിലങ്ങുവീഴുകയും ചെയ്യും. റാങ്കിൽ ഏറെ പിന്നിലുള്ളവരെയും തിരുകിക്കയറ്റാൻ പഴുതു തേടുന്ന സ്വാശ്രയ മാനേജുമെന്റുകൾക്കും ഏകീകൃത കൗൺസലിംഗ് തിരിച്ചടിയാകും.

മെഡിക്കൽ പ്രവേശനത്തിന് പ്രവേശന പരീക്ഷയേ വേണ്ടെന്നു വാദിക്കുന്ന തമിഴ‌്‌നാടിനെപ്പോലുള്ള സംസ്ഥാനങ്ങൾക്ക് ഈ പുതിയ പ്രവേശന രീതിയോടും കടുത്ത എതിർപ്പാണുള്ളത്. സംസ്ഥാനങ്ങളുടെ അധികാര പരിധിക്കുള്ളിൽ കടന്ന് കേന്ദ്രം ഓരോരോ വ്യവസ്ഥകൾ അടിച്ചേല്പിക്കുകയാണെന്ന തമിഴ്‌നാടിന്റെ ആക്ഷേപം പക്ഷേ പരമോന്നത കോടതി പോലും നിരാകരിക്കുകയാണുണ്ടായത്. 'നീറ്റ്" പരീക്ഷ നിലനിൽക്കേണ്ടത് അനിവാര്യമാണെന്ന് സുപ്രീംകോടതിയും വിധി പുറപ്പെടുവിച്ചിരുന്നു.

ഏതു വിധേനയും മെഡിക്കൽ സീറ്റ് തരപ്പെടുത്താൻ ലക്ഷങ്ങളല്ല കോടികൾ തന്നെ എടുത്തെറിയാൻ ധാരാളം പേരുള്ള രാജ്യത്ത് 'നീറ്റ്" പരീക്ഷ വന്നതു മുതൽ പ്രകടമായ മാറ്റം വന്നത് കാണാതിരുന്നുകൂടാ. മെഡിക്കൽ പ്രവേശന രംഗത്ത് നടമാടിയിരുന്ന പല ദുഷ്‌പ്രവണതകളും ക്രമക്കേടുകളും തലവരിപ്പണവും ഇല്ലാതാക്കാൻ പുതിയ സംവിധാനത്തിനു കഴിഞ്ഞിട്ടുണ്ട്. ഏകീകൃത കൗൺസലിംഗ് കൂടിയാകുമ്പോൾ അർഹരായ എല്ലാവർക്കും പ്രവേശന വിഷയത്തിൽ നീതി ഉറപ്പാക്കാനാകും.

ഇനി വേണ്ടത് മെഡിക്കൽ ഫീസിലും ഏകീകരണം സാദ്ധ്യമാകുമോ എന്നതാണ്. ഓരോ സംസ്ഥാനത്തും ഇപ്പോൾ പല നിരക്കിലാണ് ഫീസ്. ഇതിനായി സംസ്ഥാനങ്ങളിൽ ഫീസ് നിർണയ സമിതികളുണ്ടെങ്കിലും ഐകരൂപ്യമില്ല. പ്രവേശനം അഖിലേന്ത്യാ തലത്തിലാകുമ്പോൾ കോളേജ് തിരഞ്ഞെടുക്കാനുള്ള കുട്ടികളുടെ അവസരവും പരിമിതമാകും. എല്ലാം സുതാര്യമായിരിക്കണമെന്നു ശഠിക്കുന്ന കേന്ദ്രം രാജ്യത്തിനു മുഴുവൻ ബാധകമായ നിലയിൽ മെഡിക്കൽ ഫീസിന്റെ കാര്യത്തിലും മാനദണ്ഡങ്ങൾ കൊണ്ടുവരേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.