നെടുമങ്ങാട്: നെടുമങ്ങാട് റവന്യു ടവറിൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിയുന്ന ഉദ്യോഗസ്ഥരെയും സ്വകാര്യ സ്ഥാപനങ്ങളെയും പിടികൂടാൻ ഭവന നിർമ്മാണ ബോർഡും നഗരസഭ ആരോഗ്യ വിഭാഗവും രംഗത്ത്. ജൈവാവശിഷ്ടങ്ങളും പ്ലാസ്റ്റിക്, പേപ്പർ എന്നിവയും നിക്ഷേപിക്കാൻ ഓരോ നിലയിലും വെവ്വേറെ സ്ഥാപിച്ച ബക്കറ്റുകളിൽ ഇ വേസ്റ്റും മറ്റു മാലിന്യങ്ങളും മൂടി പുഴുവരിച്ച സാഹചര്യത്തിലാണ് നടപടി. ബക്കറ്റുകളിൽ ഭക്ഷണാവശിഷ്ടവും വാഴയില ഉൾപ്പെടെയുള്ള ജൈവവസ്തുക്കളും മാത്രമേ നിക്ഷേപിക്കാൻ പാടുള്ളൂ.
പ്ലാസ്റ്റിക്, പേപ്പർ,ഇവേസ്റ്റ് എന്നിവ നഗരസഭയുടെ കീഴിലുള്ള ഹരിതകർമ്മ സേനാംഗങ്ങൾക്ക് നിശ്ചിത ഫീസ് അടച്ച് കൈമാറണം. താലൂക്ക് ഓഫീസ് ഉൾപ്പെടെ ഇരുപതോളം സർക്കാർ ഓഫീസുകളും ഇരട്ടിയിലധികം സ്വകാര്യ സ്ഥാപനങ്ങളും കടമുറികളും പ്രവർത്തിക്കുന്ന റവന്യു ടവറിൽ പ്ലാസ്റ്റിക് മാലിന്യമടക്കം ഹരിത കർമ്മസേനയ്ക്ക് കൈമാറാൻ ഓഫീസ് മേധാവികളും സ്ഥാപനയുടമകളും കൂട്ടാക്കുന്നില്ലെന്നാണ് ഭവന ബോർഡിന്റെ കണ്ടെത്തൽ. മാലിന്യനീക്കം കീറാമുട്ടിയായി മാറിയതിനെ തുടർന്ന് തഹസീൽദാരുടെ ചേംബറിൽ യോഗം ചേർന്നാണ് മാർഗനിർദേശങ്ങൾ പാലിക്കാത്തവരെ കണ്ടെത്തി പിഴ ചുമത്താൻ അധികൃതർ തീരുമാനിച്ചത്. റവന്യു ടവറും പരിസരവും വൃത്തിയായി സൂക്ഷിക്കാനുള്ള നടപടികൾ കർശനമായി നടപ്പിലാക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറിയും ഭവന ബോർഡ് എക്സിക്യുട്ടീവ് എൻജിനിയറും ഓഫീസ് മേധാവികൾക്കും സ്ഥാപനയുടമകൾക്കും നൽകിയ കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |