8 മരണം, വാഹനങ്ങൾ ഒഴുകിപ്പോയി
കാറ്റിന് ഇന്ന് 110 കി.മീറ്റർ വേഗം
ചെന്നൈ: ബംഗാൾ ഉൾക്കടലിലെ മിഷോംഗ് ചുഴലിക്കാറ്റിന്റെ ഫലമായി ചെന്നൈ ഉൾപ്പെടെ തമിഴ്നാട്ടിലെ ഏഴു ജില്ലകളിൽ പേമാരിയും വെള്ളപ്പൊക്കവും.ചെന്നൈയിൽ മാത്രം 8 പേർ മരിച്ചു. നൂറുകണക്കിന് മലയാളികൾ അടക്കം ലക്ഷക്കണക്കിന് ജനങ്ങൾ പുറത്തിറങ്ങാൻ കഴിയാതെ വീടുകളിൽ കുടുങ്ങി. കാറുകൾ ഉൾപ്പെടെ വാഹനങ്ങൾ ഒലിച്ചുപോയി.വിമാനത്താവളം അടച്ചു. കേരളത്തിലേക്കുള്ളതടക്കം ട്രെയിൻ സർവീസുകൾ നിറുത്തിവച്ചു.റോഡ് ഗതാഗതം പാടെ നിലച്ചു. രക്ഷാപ്രവർത്തനത്തിന് സൈന്യം ഇറങ്ങി. 12 യൂണിറ്റുകൾ രംഗത്തുണ്ട്. വൈദ്യുതി വിതരണം മുടങ്ങി. ജനജീവിതം സ്തംഭിച്ചു.
ചെന്നൈ തീരത്തു നിന്ന് 90 കിലോമീറ്റർ അകലെയായിരുന്നു ഇന്നലെ രാത്രി ചുഴലിക്കാറ്റ്. ഇന്ന് രാവിലെ ആന്ധ്രയിൽ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലായി കര തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. 110 കിലോ മീറ്ററായിരിക്കും അപ്പോൾ കാറ്റിന്റെ വേഗത.
47 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ചെന്നൈയിൽ ഇന്നലെ ലഭിച്ചത്. ഞായറാഴ്ച മുതൽ പെയ്യുകയാണ്.
ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട്, വിഴുപുറം, തിരുവണ്ണാമലൈ, റാണിപ്പെട്ട് ജില്ലകളിലാണ് പേമാരി. വീടുകൾതകർന്നതായും റിപ്പോർട്ടുണ്ട്.ഏഴു ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി നൽകി. മദ്രാസ് യൂണിവേഴ്സിറ്റിയിലെ പരീക്ഷകൾ മാറ്റി വച്ചു.
ആന്ധ്രാപ്രദേശിലെ എൻ.ടി.ആർ, കൃഷ്ണ ഉൾപ്പെടെ എട്ടു ജില്ലകൾക്ക് ഇന്നും അവധിയാണ്. പുതുച്ചേരി നഗരത്തിലും സമീപ ജില്ലയായ കാരയ്ക്കലിലും മഴ ശക്തമാണ്. ഇന്ന് മഴയുടെ ശക്തി കൂടും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി സംസാരിച്ചു. കൂടുതൽ എൻ.ഡി.ആർ.എഫ് സംഘത്തെ സ്റ്റാലിൻ ആവശ്യപ്പെട്ടു.
ട്രെയിൻ,വിമാന
സർവീസ് റദ്ദാക്കി
റൺവേ മുങ്ങിയതോടെ ചെന്നൈ വിമാനത്താവളം ഇന്നലെ രാത്രി 11 വരെ അടച്ചിട്ടു. 70 സർവീസുകൾ റദ്ദാക്കി.
33 സർവീസുകൾ ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു.
നേരത്തെ റദ്ദാക്കിയ 35 ട്രെയിനുകൾക്കു പുറമെ ഇന്നലെ വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകൾ കൂടി റദ്ദാക്കി. കൊല്ലം – ചെന്നൈ എക്സ് പ്രസ്, മലബാർ വഴി മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ്, തിരുവനന്തപുരം മെയിൽ സൂപ്പർ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം എക്സ് പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്
കേന്ദ്ര, സംസ്ഥാന സർക്കാർ എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ജനങ്ങൾ സുരക്ഷിതമായി അവരുടെ വീട്ടിൽതന്നെ കഴിയണം
- ആ.എൻ. രവി,
തമിഴ്നാട് ഗവർണർ
ചെന്നൈയിലെ മലയാളികൾക്കായി നോർക്കയുടെ ഹെൽപ് ലൈൻനമ്പർ:
9176681818, 9444054222, 9790578608, 9840402784, 944 4467522, 9790857779, 9444186238
റോഡ് പുഴയായി
വീട്ടിൽ കുടുങ്ങി:ഷീല
ആൽവാർപേട്ടിൽ വീടിനുമുന്നിലെ ടി.ടി.കെ റോഡിൽ പുഴപോലെ വെള്ളം ഒഴുകുകയാണ്.
ഉയരത്തിലായതിനാൽ വീട്ടിലേക്ക് വെള്ളം കയറിയിട്ടില്ല. പുറത്തുപോകാൻ പറ്റാത്ത അവസ്ഥ.കനിമൊഴി എം.പിയുടെ വീടും സമീപത്താണ്. വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.ജനറേറ്റർ നിന്നാൽ മെഴുകുതിരി വെട്ടത്തിൽ കഴിയേണ്ടി വരും.വേലുച്ചേരിയിൽ താമസിക്കുന്ന സഹോദരിയുടെ കാർ വെള്ളപ്പൊക്കത്തിൽ ഒഴുകി പോയി.
നടി ഷീല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |