അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും. ചൊറിഞ്ഞിട്ടും അറിഞ്ഞില്ലെങ്കിലോ? ചെവിക്ക് നല്ല കിഴുക്കു കിട്ടും. അല്ലെങ്കിൽ ചൂരൽക്കഷായം. ബില്ലുകൾ ഒപ്പിടുന്ന കാര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻജി സുപ്രീംകോടതിയിൽ നിന്ന് നല്ല ചൂരൽക്കഷായം കിട്ടിയതിന്റെ വിമ്മിട്ടത്തിലാണെന്നു പറഞ്ഞ് ഊറിച്ചിരിക്കുകയാണ് പിണറായി സർക്കാർ. അങ്ങനെ മതിമറന്ന് ചിരിക്കാൻ വരട്ടെയെന്നും, മുഖ്യമന്ത്രി പിണറായി സഖാവിന്റെ തലയ്ക്കും കൊട്ടുകിട്ടിയത് മറക്കരുതെന്നും രാജ്ഭവൻ വൃത്തങ്ങൾ!
'നുള്ളിക്കൊട്, തല്ലിക്കൊട്, തള്ളിക്കള' എന്നതായിരുന്നു അനുസരണശീലമില്ലാത്ത അനന്തരവന്മാരോട് പണ്ട് മരുമക്കത്തായ കാലത്ത് കുടുംബ കാരണവന്മാരുടെ പ്രമാണം. ഇതിൽ ആദ്യത്തെ രണ്ടു രീതിയാണ് സംസ്ഥാന നിയമസഭകൾ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ അടയിരിക്കുന്ന 'സൂക്കേടുള്ള' ഗവർണർമാരുടെ കാര്യത്തിൽ സുപ്രീംകോടതി കൈക്കൊണ്ടത്. ഇത്ര കാലം അടയിരുന്നത് മതി, ഇനി ബില്ലുകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്നാണ് പഞ്ചാബ്, തെലങ്കാന ഗവർണർമാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. ഒന്നുകിൽ ബില്ലുകളിൽ ഒപ്പിടുക. അല്ലെങ്കിൽ സർക്കാരിന് തിരിച്ചയയ്ക്കുക. അതും പറ്റിയില്ലെങ്കിൽ രാഷ്ട്രപതിക്ക് അയച്ചു കൊടുക്കുക. ഇതിലൊന്ന് ചെയ്തേ പറ്റൂ.
ഇക്കാര്യം വീണ്ടും പറഞ്ഞ് കോടതിയുടെ വിലപ്പെട്ട സമയം കളയാതിരിക്കാൻ പഞ്ചാബ് ഗവർണറുടെ സമാന കേസിലെ വിധിപ്രസ്താവം വായിച്ചിട്ടു വേണം വരാനെന്ന് കേരള ഗവർണറുടെ സെക്രട്ടറിയോട് ശട്ടം കെട്ടുകയും ചെയ്തിരുന്നു. സെക്രട്ടറി അത് വായിച്ചുനോക്കിയോ എന്ന് വ്യക്തമല്ല. വായിച്ചിരിക്കാം. അതാണല്ലോ സുപ്രീംകോടതി കേരളത്തിന്റെ കേസ് എടുത്തതിന്റെ തൊട്ടുതലേന്ന്, ഗവർണർ 'അടയിരുന്ന' 16 ബില്ലുകളിൽ ഒരെണ്ണം ശരവേഗത്തിൽ പാസാക്കുകയും ഏഴെണ്ണം രായ്ക്കുരാമാനം രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുകയും ചെയ്തത്.
ഗവർണറുടെ ചാൻസലർ പദവി തെറിപ്പിക്കുന്നതിനുള്ള ബില്ലും ലോകായുക്തയുടെ ഗളച്ഛേദം നടത്തുന്നതിനുള്ള ബില്ലും രാഷ്ട്രപതിക്ക് അയച്ചുകൊടുത്തതിൽപ്പെടും. ആ ബില്ലുകളുടെ ഗതി നൂലുപൊട്ടിയ പട്ടം പോലെയാണെന്നാണ് പറഞ്ഞു കേൾക്കുന്നത്. പോയതു പോയി. സർക്കാരിന് ഇനി മിണ്ടാനാവില്ല! എപ്പോഴെങ്കിലും തിരിച്ചുകിട്ടിയാൽ ഭാഗ്യം! അപ്പോൾ വെട്ടിലായതാര്?സർക്കാർ തന്നെ... ചിരിയടക്കി രാജ്ഭവനും.
അതേസമയം, നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ കഴിഞ്ഞ രണ്ടുവർഷം കേരള ഗവർണർ എന്തു ചെയ്യുകയായിരുന്നു എന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അദ്ധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന്റെ ചോദ്യം. അതിന്റെ കാരണം ഗവർണറോ ഗവർണർക്കു വേണ്ടി ഹാജരായ അറ്റോർണി ജനറലോ പറയാത്തതിലും കോടതിയുടെ വിമർശനം കേട്ടു. നിയമ നിർമ്മാണ നടപടികളെ തച്ചുടയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് കോടതി ആവർത്തിച്ചതിന്റെ ക്ഷീണവും ചില്ലറയല്ല.
ബില്ലുകളിൽ ഒപ്പിടുന്ന വിഷയത്തിൽ മുഖ്യമന്ത്രി രാജ്ഭവനിൽ തന്നെ വന്നു കാണണമെന്ന് പറയുന്നത് ഗവർണറുടെ മുഖം രക്ഷിക്കാനാണെന്നാണ് സുപ്രീംകോടതിയിൽ സർക്കാരിന്റെ വാദം. മുഖ്യമന്ത്രിയെക്കാൾ മന്ത്രിമാർക്കാണ് ബില്ലുകളെക്കുറിച്ച് കൂടുതൽ ഗ്രാഹ്യമെങ്കിൽ രാജ്ഭവനിലേക്കുള്ള യാത്രയിൽ മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെയും കൂട്ടിക്കോട്ടെയെന്ന് കോടതിയും. കേസ് ഒറ്റയടിക്ക് തീർപ്പാക്കാനുള്ള രാജ്ഭവന്റെയും അറ്റോർണി ജനറലിന്റെയും നീക്കവും പാളി.
ബില്ലുകളിൽ ഗവർണർ ഒപ്പിടുന്നതു സംബന്ധിച്ച് മാർഗ്ഗരേഖ വേണമെന്ന കേരള സർക്കാരിന്റെ ആവശ്യം അംഗീകരിച്ച
സുപ്രീംകോടതി, ഹർജി പരിഷ്കരിച്ചു നൽകാൻ അനുവദിച്ചത് സർക്കാരിന് നേട്ടവും. ബില്ലുകളുടെ
കാര്യത്തിൽ ഗവർണർക്ക് 'താൻ പിടിച്ച മുയലിന് മൂന്നു കൊമ്പ്' എന്ന ഭാവമാണെന്നാണ് മുഖ്യമന്ത്രി നേരത്തേ പറഞ്ഞത്. എന്തായാലും സുപ്രീംകോടതി നിർദ്ദേശിച്ചതുപോലെ താമസിയാതെ രാജ്ഭവനിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ 'ചായ ചർച്ച' പ്രതീക്ഷിക്കാം. അപ്പോൾ അറിയാമല്ലോ ആർക്കാണ് മൂന്നു കൊമ്പെന്ന്! അതേ സമയം, കണ്ണൂർ വി.സിയായുള്ള ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ പിറ്റേ ദിവസത്തെ സുപ്രീംകോടതി വിധിയിൽ തങ്ങൾക്കു കിട്ടിയതിലും വലിയ കൊട്ടു കിട്ടിയ സർക്കാരും അധികം തുള്ളേണ്ടെന്നാണ് രാജ്ഭവന്റെ വാദം!
കന്നിനെ കയം കാണിക്കരുത് എന്നൊരു ചൊല്ലുണ്ട്. അതുപോലെ, സ്കൂൾ കുട്ടികളെ നവകേരള ബസ് കാണിക്കുന്നതും
വലിയ അപകടമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. അതേസമയം, പിള്ളമനസ്സിൽ കള്ളമില്ലെന്നാണ് പിണറായി സഖാവിന്റെ ഓർമ്മപ്പെടുത്തൽ. പണ്ട് സ്വാതന്ത്ര്യസമര കാലത്ത് കേരളത്തിലെത്തുന്ന ഗാന്ധിജിയെയും മറ്റ് ദേശീയ നേതാക്കളെയും കാണാൻ കുട്ടികൾ അദ്ധ്യാപകരുടെ കണ്ണുവെട്ടിച്ച് സ്കൂളുകളിൽ നിന്ന് മുങ്ങിയ ചരിത്രമുണ്ട്. ഇത് അതുപോലെയല്ലല്ലോ.
മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന നവ കേരള ബസ് കാണാൻ സ്കൂളുകളിൽ നിന്ന് കുട്ടികൾ കൗതുകത്തോടെ ചാടി വരുകയല്ലേ എന്നാണ് പിണറായി സഖാവിന്റെ ചോദ്യം. ക്ലാസുകൾ കട്ട് ചെയ്തല്ല, അദ്ധ്യാപകരുടെ സമ്മതത്തോടെയല്ലേ വരവ്. അവരും കാണട്ടെ നവ കേരളം! മുകളിൽ നിന്നുള്ള ഇണ്ടാസ് പ്രകാരമാണ് കുട്ടികളെ അദ്ധ്യാപകർ ബസ് കാണാൻ റോഡരികിലേക്ക് തെളിക്കുന്നതെന്നൊക്കെ പ്രതിപക്ഷം പറയുന്നത് പരിപാടിയുടെ വിജയത്തിലുള്ള അസൂയ കൊണ്ടല്ലേ! കുട്ടികളെ പൊരിവെയിലത്ത് നിറുത്തി പ്രദർശനവസ്തുവാക്കുന്നതിന് എതിരെ ഹൈക്കോടതി വടിയെടുത്തിട്ടുണ്ട്. നിഷ്കളങ്കരായ പാവം കുട്ടികളെ എങ്ങനെ തടയാനാവുമെന്നതാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഇപ്പോഴത്തെ ധർമ്മസങ്കടം!
അതേസമയം, ഓടുന്ന നവ കേരള ബസിനു മുമ്പിൽ യൂത്ത് കോൺഗ്രസുകാർ എടുത്തുചാടുന്നത് കൗതുകം കൊണ്ടല്ല.
അത് 'ചാവേറുകളുടെ' ആത്മഹത്യാശ്രമം തന്നെ. അവരെ ഡി.വൈ.എഫ്.ഐക്കാർ കൈകാര്യം ചെയ്യുന്നത് ജീവൻ രക്ഷാപ്രവർത്തനം ആണെന്നാണ് പിണറായി സഖാവിന്റെ ഭാഷ്യം. ഇനി അഥവാ നവ കേരള ബസ് തട്ടി 'ആത്മഹത്യാ സ്ക്വാഡിലെ' ആർക്കെങ്കിലും അപകടം പറ്റിയാൽ അതിന്റെ പഴിയും കേൾക്കേണ്ടിവരില്ലേ?
കേന്ദ്ര സർക്കാരിന്റ പദ്മ പുസ്കാരങ്ങളുടെ മാതൃകയിൽ കേരളശ്രീ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയ പിണറായി സർക്കാർ, ഇനി ജീവൻ രക്ഷാ പഥക്കുകൾ കൂടി ഏർപ്പെടുത്തുന്നത് നന്നായിരിക്കും. ആദ്യ പുരസ്കാര ജേതാക്കൾ ആരാവുമെന്ന് പറയേണ്ടതില്ലല്ലോ!
നുറുങ്ങ്:
ബില്ലുകൾ ഒപ്പിടുന്ന കാര്യത്തിലെ തർക്കങ്ങൾ ചായയ്ക്കൊപ്പം ഗവർണറും മുഖ്യമന്ത്രിയും കൂടി ചർച്ച നടത്തിയാൽ
തീരാവുന്നതേയുള്ളൂവെന്ന് സുപ്രീംകോടതിയിൽ അറ്റോർണി ജനറൽ ആർ .വെങ്കിട്ടരമണി. കേരളത്തിൽ ചായയെക്കാൾ നല്ലത് കാപ്പിയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ കമന്റ്.
ചായയായാലും കാപ്പിയായാലും വിരോധമില്ല. കടുപ്പം കുറച്ച് ലൈറ്റായി മതി. കൂടെ ഒരു 'കടി'യുമാകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |