കണ്ണൂർ: മോഷ്ടാവ് കവർന്ന 45 പവനു വേണ്ടി 21 വർഷമായി എല്ലാ സെപ്തംബർ രണ്ടിനും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയാണ് റിട്ട. നേവി ഉദ്യോഗസ്ഥനായ രാമകൃഷ്ണൻ. ആ പതിവ് തെറ്റിച്ച് നവംബർ 20ന് വീണ്ടും പൊലീസിനു മുന്നിലെത്തി. നവകേരള സദസിൽ പരാതി നൽകിയതിനെ തുടർന്ന് വിളിപ്പിച്ചതാണ്. തളിപ്പറമ്പ് മണ്ഡലത്തിലെ പരാതി കൗണ്ടറിലെത്തി മൊഴി നൽകിയിരുന്നു.
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് 2013 ഡിസംബർ 17ന് പരാതി നൽകിയപ്പോഴും സ്റ്റേഷനിൽ എത്തി മൊഴി ആവർത്തിച്ചിരുന്നു.
2002 സെപ്തംബർ ഒന്നിന് രാത്രിയാണ് തളിപ്പറമ്പ് കൂവോട്ടെ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നത്. അതിനുശേഷമുള്ള ഒരു സെപ്തംബർ ഒന്നിനും രാമകൃഷ്ണൻ ഉറങ്ങിയിട്ടില്ല. പിറ്റേന്ന് സ്‌റ്റേഷനിൽ എത്തും. എല്ലാ സെപ്തംബർ രണ്ടും പ്രതിഷേധ ദിനമാണ് രാമകൃഷ്ണന്. 592/2002 ക്രൈം നമ്പറായി തെളിയാത്ത ഈ കേസ് ഇന്നുമുണ്ട്. പഴയ പരാതിയായതിനാൽ പൊലീസുകാർ സാരമാക്കാറില്ല.
ഭാര്യ പുഷ്പ ബന്ധുവിന്റെ കല്യാണത്തിന് ബംഗളൂരുവിലേക്ക് പോയപ്പോയിരുന്നു കവർച്ച. ഇന്ത്യൻ നേവിയിലും ശേഷം മസ്കറ്റിലും ജോലി ചെയ്ത് സമ്പാദിച്ചതിന് പുറമേ മൂത്ത മകൻ ജനിച്ചപ്പോൾ രാമകൃഷ്ണന്റെ പിതാവ് സമ്മാനമായി നൽകിയ സ്വർണവും ഭാര്യ പുഷ്പ വിവാഹത്തിന് അണിഞ്ഞ സ്വർണവും നഷ്ടപ്പെട്ടതിന്റെ കൂട്ടത്തിലുണ്ട്. ഗൾഫിൽ നിന്ന് ഡ്യൂട്ടി അടച്ച് കൊണ്ടുവന്ന സ്വർണം രസീത് അടക്കമാണ് കൊണ്ടുപോയത്.
നേവിയിൽ നിന്ന് വിരമിച്ച ശേഷം മസ്‌കറ്റിൽ ഗ്യാസ് ടർബൈൻ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു അന്ന്. വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു.
2002 ലെ എഫ്.ഐ.ആറിൽ 2. 5 ലക്ഷം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ കണക്കിൽ 21 ലക്ഷമാകും. മോഷണശേഷം രാമകൃഷ്ണനും ഭാര്യയും സ്വർണത്തിന്റെ വില നോക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |