SignIn
Kerala Kaumudi Online
Friday, 23 February 2024 6.39 PM IST

സൂര്യന്റെ അന്ത്യമടുത്തെന്ന റിപ്പോർട്ടുകൾക്കിടെ പുതിയൊരു കണ്ടെത്തൽ; കൂറ്റൻ ദ്വാരം, ഭൂമി അപകടത്തിലാകുമോയെന്ന് ആശങ്ക

sun

സൂര്യനും അതിൽ ഒളിഞ്ഞിരിക്കുന്ന പല നിഗൂഡതകളും എന്നും ശാസ്‌ത്രലോകത്തിന്റെ പഠനവിഷയമാണ്. എണ്ണിയാലൊടുങ്ങാത്ത പരീക്ഷണങ്ങൾ സൂര്യനുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെങ്കിലും ചിലത് മനുഷ്യന്റെ അറിവിന് അപ്പുറത്ത് തന്നെ നിൽക്കുന്നു. സൂര്യനില്ലെങ്കിൽ ജീവജാലങ്ങൾക്ക് നിലനിൽപ്പില്ലെന്നാണ് നാമെല്ലാവരും പഠിച്ചിട്ടുള്ളത്. സൂര്യൻ മരണത്തിലേയ്ക്ക് അടുക്കുകയാണെന്ന് നാം അടുത്തിടെ കേട്ടിരുന്നു. എന്നാലിപ്പോൾ ആശങ്കപ്പെടുന്ന മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവരികയാണ്.

സൂര്യന്റെ പ്രതലത്തിൽ ഒരു ഭീമൻ ദ്വാരം രൂപപ്പെട്ടതായി ശാസ്‌ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. 60 ഭൂമിയേക്കാൾ വലിപ്പമുള്ള ഈ ദ്വാരം ക്ഷണികമാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. സൂര്യന്റെ മദ്ധ്യരേഖയ്ക്ക് സമീപമായാണ് ദ്വാരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ദ്വാരത്തിൽ നിന്ന് അസാധാരണമായ വേഗത്തിലുള്ളതും അതിശക്തവുമായ വികിരണങ്ങൾ ഭൂമിയിലേയ്ക്ക് പുറന്തള്ളപ്പെടുകയാണ്. സൗരവാതങ്ങൾ (സോളാർ വിൻഡ്‌സ്) എന്നാണ് ഇവ അറിയപ്പെടുന്നത്. സൗരചക്രത്തിന്റെ ഈ ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട ഭീമൻ ദ്വാരം അസാധാരണമാണെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു.

എന്താണ് കൊറോണൽ ദ്വാരം?

സൂര്യനിൽ പ്രത്യക്ഷപ്പെടുന്ന വിടവിനെയാണ് കൊറോണൽ ദ്വാരം എന്ന് വിളിക്കുന്നത്. ഇത് ഏത് സമയവും സൂര്യനിൽ പ്രത്യക്ഷപ്പെടാം. ഒരു സൗരചക്രത്തിന്റെ തുടക്കത്തിലാണ് ഇത്തരത്തിൽ ദ്വാരം സാധാരണയായി ഉണ്ടാകുന്നത്. സൂര്യനെ നിലയുറപ്പിക്കുന്ന മാഗ്നറ്റിക് ഫീൽഡുകൾ പെട്ടെന്ന് തുറക്കുമ്പോഴാണ് ഇത്തരത്തിൽ വിടവുകൾ ഉണ്ടാവുന്നത്. ഇത് സൂര്യന്റെ ഉപരിതലത്തിലെ വസ്‌തുക്കൾ സൗരവാതത്തിന്റെ രൂപത്തിൽ പുറത്തേയ്ക്ക് പോകാനും ഇടയാക്കുന്നുവെന്ന് നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അ‌ഡ്‌മിനിസ്‌ട്രേഷൻ (എൻഒഎഎ) വ്യക്തമാക്കുന്നു.

സൂര്യനിലുള്ള പ്ളാസ്‌മയേക്കാൾ ചൂട് കുറഞ്ഞതും സാന്ദ്രത കുറഞ്ഞതുമായതിനാൽ കൊറോണൽ ദ്വാരം ഇരുണ്ട രൂപത്തിൽ കാണപ്പെടുന്നു. അൾട്രാവയലറ്റ് വെളിച്ചത്തിൽ മാത്രമാണ് ഇവയെ കാണാൻ സാധിക്കുക. സൂര്യന്റെ ഉത്തര, ദക്ഷിണ ധ്രുവങ്ങളിലാണ് കൊറോണൽ ദ്വാരം സ്ഥിതി ചെയ്യുന്നതെങ്കിലും ഇവയ്ക്ക് വികസിക്കാനും സൗര അക്ഷാംശങ്ങളിലേയ്ക്ക് വ്യാപിക്കാനും സാധിക്കും.

ഇവയ്ക്ക് ധ്രുവ ദ്വാരങ്ങളിൽ നിന്ന് മാറി ഒറ്റയ്ക്ക് സ്ഥിതി ചെയ്യാനും സാധിക്കും. കൊറോണൽ ദ്വാരങ്ങൾ ദീർഘകാലം നിലനിൽക്കുന്നത് വളരെ വേഗത്തിൽ സഞ്ചരിക്കുന്ന സൗരവാതങ്ങളുടെ പ്രധാന സ്രോതസായി മാറാനിടയാക്കും. കൊറോണൽ ദ്വാരങ്ങളിൽ നിന്നുള്ള വികിരണങ്ങൾ സാധാരണ സൗരവാതത്തേക്കാൾ വളരെ വേഗമേറിയതും ഭൂമിയുടെ കാന്തിക ഷീൽഡിൽ തകരാർ വരുത്താൻ കെൽപ്പുള്ളവയും ആയിരിക്കും.

സൂര്യനിലെ പുതിയ ഭീമൻ ദ്വാരം എങ്ങനെ ഭൂമിയെ പ്രതികൂലമായി ബാധിക്കും?

സൂര്യനിൽ കണ്ടെത്തിയ ദ്വാരം വളരെ വലിപ്പമുള്ളതാണ് എന്നതാണ് ആശങ്കയുളവാക്കുന്നത്. 800,000 കിലോമീറ്ററാണ് അതിന്റെ അച്ചുതണ്ടിൽ നിന്നുള്ള ദൂരം. അതേസമയം, ഭൂമിയുടെ വ്യാസം 12, 742 കിലോമീറ്ററുകൾ മാത്രമാണ്. ഭീമൻ ദ്വാരത്തിൽ അതിശക്തമായ വികിരണങ്ങൾ പുറത്തുവരുന്നത് ആശങ്കക്കിടയാക്കുന്ന മറ്റൊരു കാരണം. ഈ വികിരണങ്ങൾ ഇപ്പോൾ ഭൂമിയിൽ നിന്ന് മാറി സ‌ഞ്ചരിക്കുകയാണെങ്കിലും കുറച്ച് ദിവസങ്ങൾക്ക് മുൻപുവരെ ഭൂമിയ്ക്ക് നേരെയായിരുന്നു കാണപ്പെട്ടിരുന്നത്.

ഈ ഭീമൻ ദ്വാരം ഭൗമകാന്തിക കൊടുങ്കാറ്റിലേയ്ക്ക് നയിക്കുമെന്ന് ശാസ്‌ത്രജ്ഞർ ആശങ്കപ്പെട്ടിരുന്നു. അങ്ങനെയെങ്കിൽ ഭൂമിയിൽ റേഡിയോ സിഗ്നലുകളുടെ തകരാറുകൾക്കും ആകാശം വർണാഭമാകുന്ന പ്രതിഭാസത്തിനും കാരണമാകുമായിരുന്നു. എന്നാൽ ആശങ്കപ്പെട്ടതുപോലെ സൗരവാതങ്ങൾ തീവ്രമായവ ആയിരുന്നില്ല. അതിനാൽതന്നെ ഭൗമകാന്തിക കൊടുങ്കാറ്റ് ദുർബലമായതും ശാസ‌്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഈ വിടവ് സൂര്യനിൽ എത്രനാൾ നിലനിൽക്കുമെന്നും നിശ്ചയിക്കാനായിട്ടില്ല.

സൂര്യനിൽ വിടവ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സൗരപ്രവർത്തനങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. മാത്രമല്ല സൂര്യൻ തന്റെ പതിനൊന്ന് വർഷത്തെ സൗരചക്രത്തിലേയ്ക്കും അടുക്കുകയാണ് (സോളാർ മാക്‌സിമം). സൗര പ്രവർത്തനങ്ങൾ കൂടി നിൽക്കുന്ന സമയം ഇത്തരം വിടവുകൾ ഉണ്ടാവുന്നത് അസാധാരണമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ദ്വാരങ്ങൾ പ്രത്യക്ഷപ്പെട്ടാലും അവ സാധാരണയായി സൂര്യന്റെ ദ്രുവങ്ങളിലാണ് ഉണ്ടാവേണ്ടത്. എന്നാൽ ഭീമൻ ദ്വാരം ഭൂമദ്ധ്യരേഖയിൽ പ്രത്യക്ഷപ്പെട്ടത് ദുരൂഹമാണെന്നും ശാസ്‌ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ മാർച്ചിലാണ് അവസാനമായി കൊറോണൽ ദ്വാരം പ്രത്യക്ഷപ്പെട്ടത്. ഭൂമിയേക്കാൾ 20 മടങ്ങ് വലിപ്പമുണ്ടായിരുന്ന ദ്വാരം സൂര്യന്റെ ദക്ഷിണധ്രുവത്തിനടുത്തായിരുന്നു കണ്ടെത്തിയത്. ഈ ദ്വാരത്തിൽ നിന്ന് ഭൂമിയിലേക്ക് 2.9 ദശലക്ഷം കിലോമീറ്റർ വേഗതയിൽ സൗരവാതം പുറന്തള്ളപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ആറ് വർഷത്തിലേറെയായി ഭൂമിയിൽ പതിച്ച ഏറ്റവും ശക്തമായ കാന്തിക കൊടുങ്കാറ്റിന് ഇത് കാരണമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUN, SOLAR MAXIMUM, CORONAL HOLE, MASSIVE HOLE, LARGER THAN 60 EARTHS, 10 KILLED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.