കൊച്ചി: ഓഹരി വിപണിയിലെ ചരിത്രമുന്നേറ്റത്തിന്റെ ചുവടു പിടിച്ച് ചെറുകിട നിക്ഷേപകർ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ളാനുകളിൽ(എസ്.ഐ.പി) മുടക്കുന്ന തുക റെക്കാഡ് ഉയരത്തിലെത്തി. നവംബറിൽ എസ്.ഐ.പികളിലൂടെ 17,073 കോടി രൂപയാണ് ചെറുകിട നിക്ഷേപകർ വിപണിയിലെത്തിച്ചത്. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസക്കാലയളവിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനം (ജി.ഡി.പി) 7.6 ശതമാനം വളർച്ച നേടിയതും മൂന്ന് വലിയ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കേന്ദ്ര ഭരണകക്ഷിയായ ബി. ജെ.പി തകർപ്പൻ വിജയം നേടിയതും നിക്ഷേപകരിൽ ആവേശം സൃഷ്ടിച്ചു. എസ്.ഐ.പികളിലൂടെ വിപണിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണവും തുടർച്ചയായി റെക്കാഡുകൾ പുതുക്കി മുന്നേറുകയാണ്.
കഴിഞ്ഞ വാരം നാല് വ്യാപാര ദിനങ്ങളിലും റെക്കാഡുകൾ പുതുക്കി ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയുംമുന്നേറ്റം നടത്തിയിരുന്നു. ചെറുകിട, ഇടത്തരം ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിലേക്കാണ് വൻതോതിൽ പണം ഒഴുകുന്നത്. നവംബറിൽ മൊത്തം എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 7.4 കോടിയിലെത്തി റെക്കാഡിട്ടു. വിവിധ മേഖലകളിൽ നിക്ഷേപിക്കുന്ന 14 പുതിയ ഫണ്ടുകളാണ് നവംബറിൽ വിപണിയിലെത്തിയത്.
അതേസമയം മ്യൂച്ച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്കിൽ കഴിഞ്ഞ മാസം 22 ശതമാനം ഇടിവുണ്ടായി. ദീപാവലിയും മറ്റ് ആഘോഷങ്ങളും മൂലം നിരവധി അവധി ദിനങ്ങൾ വന്നതാണ് മ്യൂച്ച്വൽ ഫണ്ടുകളുടെ പ്രകടനത്തെ ബാധിച്ചതെന്ന് ബ്രോക്കർമാർ പറയുന്നു. മ്യൂച്ച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തി അൻപത് ലക്ഷം കോടി രൂപയിലേക്ക് അടുക്കുകയാണ്. നിലവിൽ 42 മ്യൂച്ച്വൽ ഫണ്ടുകൾ ചേർന്ന് കൈകാര്യം ചെയ്യുന്ന ആസ്തി 49.04 ലക്ഷം കോടി രൂപയാണ്.
എസ്. ഐ. പികൾ
നിശ്ചിത തുക പ്രതിമാസം ഉപഭോക്താക്കളിൽ നിന്ന് തുടർച്ചയായി സമാഹരിച്ച് ഓഹരി, കടപ്പത്രങ്ങൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കാനായി മ്യൂച്ചൽ ഫണ്ടുകൾ നടത്തുന്ന സ്ക്കീമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ളാനുകൾ അഥവാ എസ്. ഐ.പികൾ. ഒരുമിച്ച് വലിയ തുക മുടക്കുന്നതിന് ചെറുതുകകളായി നിക്ഷേപിച്ച് ദീർഘകാലത്തേക്ക് വലിയ നിക്ഷേപമായി മാറ്റാമെന്നതാണ് പ്രധാന ആകർഷണീയത.
"കുറഞ്ഞ നിക്ഷേപ തുക 250 രൂപയായി കുറയ്ക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കുകയാണ്. കൂടുതൽ നിക്ഷേപകരെ എസ്. ഐ.പികളിലേക്ക് ആകർഷിക്കാൻ ഇതിലൂടെ കഴിയും.
മധാബി പുരി ബുച്ച്, ചെയർപേഴ്സൺ, സെബി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |