കോട്ടയം: ഗവർണർ തന്റെ പദവിയുടെ പ്രാധാന്യം മനസിലാക്കി നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ നടത്തുന്നത് ധൂർത്തല്ലെന്നും അത് ആരാണ് ചെയ്യുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനസിലാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ഗവർണറുടെ സ്ഥാനത്തിരുന്ന് ചെയ്യുന്ന കാര്യങ്ങൾ ശരിയാണോയെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആലോചിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസിനിടെ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഏഴു വർഷം കൊണ്ട് 220 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളതെന്ന് പിണറായി വിജയൻ പറഞ്ഞു.
കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ കേരളത്തിലെ വിവിധ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് ഉൾപ്പെടെ 467 കോടി രൂപയുടെ സഹായമാണ് സർക്കാർ നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് മാത്രം 144 കോടി നൽകി. ശബരിമല സീസണിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി പത്തനംതിട്ട , കോട്ടയം ജില്ലകൾക്ക് 16 ലക്ഷം രൂപയും അനുവദിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.
ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാണ്. ഇവിടെ മണ്ഡല കാലത്തെ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് അനിയന്ത്രിതമായി വർദ്ധിക്കുന്നത് നമ്മുടെ നിയന്ത്രണങ്ങൾക്കപ്പുറത്തെ ചില അപകടങ്ങൾക്ക് കാരണമാകും. അത് മുന്നിൽ കണ്ടുകൊണ്ട് ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. സന്നിധാനത്തെ ഓരോ സമയത്തുമുള്ള ഭക്ത ജനത്തിരക്ക് നോക്കിയാണ് തീർത്ഥാടകരെ മുകളിലേക്ക് കടത്തി വിടുന്നത്.
കഴിഞ്ഞ മണ്ഡല കാലത്തിന്റെ ആദ്യ നാളുകളിൽ ശരാശരി 62,000 പേരായിരുന്നുവെങ്കിൽ ഇത്തവണ ഡിസംബർ ആറുമുതലുള്ള നാല് ദിവസങ്ങളിൽ തന്നെ തീർത്ഥാടകരുടെ എണ്ണം ശരാശരി 88,000 ആയി വർദ്ധിച്ചു. ദേശീയ തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ കേരളത്തിന് പുറത്തുനിന്നുള്ളവർ വലിയ തോതിൽ എത്തുന്നുണ്ട്. ചെന്നൈയിലെ പ്രളയം, തെലങ്കാന തിരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് ആദ്യനാളുകളിൽ വരാൻ കഴിയാതിരുന്നവരും ഇപ്പോൾ കൂട്ടത്തോടെ എത്തുന്നു. ഇത് മനസ്സിലാക്കി ദർശനസമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |