സുൽത്താൻ ബത്തേരി: ഉപയോഗശൂന്യമായി കട്ടപ്പുറത്ത് കിടക്കുന്ന ബസ് മനോഹരമായ എസി റൂമായി മാറിയപ്പോൾ കെ.എസ്.ആർ.ടി.സിക്ക് ടിക്കറ്റേതര വരുമാനത്തിലൂടെ ലഭിച്ചത് ലക്ഷങ്ങൾ. എന്നാൽ ബസ് താമസത്തിന് മാത്രമല്ല ഭക്ഷണപ്രിയർക്ക് രൂചികൂട്ടുകൾ ഒരുക്കുന്ന ബസ്റ്റോറന്റുകൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് സുൽത്താൻ ബത്തേരിയിലെ കെ.എസ്.ആർ.ടി.സിയുടെ ജില്ലാ ഡിപ്പോ.
രുചിപ്പെരുമായുമായി ബസ്റ്റോറന്റ് പദ്ധതി ആരംഭിച്ചതോടെ ബസ് യാത്രചെയ്ത് എത്തുന്ന യാത്രക്കാർക്ക് അനുഗ്രഹമായി മാറി. ചായയും ഊണും ബിരിയാണിയും രാത്രിഭക്ഷണവുമെല്ലാമായി ആവശ്യക്കാർക്ക് വേണ്ടുന്ന എല്ലാ വിഭവങ്ങളും റെഡിയായിക്കഴിഞ്ഞു. കട്ടപ്പുറത്തായ ബസുകൾ വരുമാനദായകമാക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബസ്റ്റോറന്റ് പദ്ധതിയിലൂടെയാണ് യാത്രക്കാർക്കായി ഇത്തരത്തിലൊരു സംരംഭം കെ.എസ്.ആർ.ടി.സി തുടങ്ങിയത്.
ജില്ലയിലെ സുൽത്താൻ ബത്തേരി ഡിപ്പോവിൽ മാത്രമാണ് ബസ്റ്റോറന്റ് പദ്ധതി ഉള്ളത്. പട്ടിക വർഗ വികസന വകുപ്പാണ് പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ഇതിനായി 8 ലക്ഷം രൂപയാണ് പട്ടികവർഗ വികസന വകുപ്പ് ചെലവഴിക്കുന്നത്. കട്ടപ്പുറത്തായ ബസ് റസ്റ്റോറന്റ് മാതൃകയിലാക്കാനും നടത്തിപ്പിനുള്ള സാധനങ്ങൾ വാങ്ങാനും, ബസ്റ്റോറന്റ് നടത്തിപ്പിന് പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്ക് പരിശീലനത്തിനുമായാണ് തുക വിനിയോഗിച്ചത്.
ഒരു വർഷം മുമ്പാണ് ബസ്റ്റോറന്റ് നടത്തിപ്പിനായി ബസ് രൂപകൽപ്പന ചെയ്ത് ഡിപ്പോയിലെത്തിച്ചത്. ചില സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനം നീണ്ടുപോവുകയായിരുന്നു. ഒരു മാസം മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്. അഞ്ച് ജീവനക്കാരാണുള്ളത്. നിലവിൽ ഉച്ചക്കും രാത്രിയിലേക്കുമുള്ള ഭക്ഷണമാണ് ഇവിടെ നൽകുന്നത്. രാവിലെകൂടി ഭക്ഷണം നൽകാനുള്ള ശ്രമത്തിലാണ്.
നല്ല നാടൻ ഭക്ഷണം കഴിക്കാമെന്നതിനുപരിയായി ഡിപ്പോയിലെത്തുന്ന യാത്രക്കാർക്ക് ശീതികരിച്ച മുറിയിൽ താമസിക്കാനുള്ള സൗകര്യവും ഇവിടുത്തെ സ്ലീപ്പർ ബസുകളിൽ ഒരുക്കിയിട്ടുണ്ട്. 2022ലാണ് ഡിപ്പോയിലെ 5 ബസുകളിലായി ഈ സൗകര്യം ഒരുക്കിയത്. 64പേർക്കുള്ള താമസ സൗകര്യമാണുള്ളത്. ഒരാൾക്ക് 160 രൂപയാണ് ബെഡ് ഒന്നിന്. മൂന്ന്‌പേർക്ക് താമസിക്കാവുന്ന ഫാമിലി റൂമിന് 1000 രൂപയാണ്. വൈകിട്ട് 5 മുതൽ രാവിലെ 9.30 വരെയാണ് സ്ലീപ്പർ ഉപയോഗിക്കാവുന്ന സമയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |