# കസ്റ്റഡിയിലെടുത്തവരെ മോചിപ്പിച്ചു
# രാഹുൽ മാങ്കൂട്ടത്തിലിനും പൊലീസ് മർദ്ദനം
തിരുവനന്തപുരം: നവകേരള സദസ് യാത്രയ്ക്കു നേരെ കരിങ്കൊടി കാട്ടിയ പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസ് ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു.
സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ജലപീരങ്കി പ്രയോഗിച്ചു. സമരത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പ്രതിപക്ഷ നേതാവ്
വി.ഡി. സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്തതിനു പിന്നാലെ നവകേരള സദസ്സിന്റെ ബാനറുകൾ തല്ലിത്തകർത്തു. പൊലീസിന്റെ ഷീൽഡുകൾ അടിച്ചുപൊട്ടിച്ചു. സെക്രട്ടേറിയറ്റിന്റെ മതിൽച്ചാടി കടക്കാൻ ശ്രമിച്ചു. പൊലീസ് പ്രതിരോധിച്ചതോടെ കല്ലേറ് നടത്തി. അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോയില്ല. പലവട്ടം നടത്തിയ ലാത്തിച്ചാർജിൽ പലർക്കും പരിക്കേറ്റു. കാൽമുട്ടിന് പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അബിൻ വർക്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിതാ പ്രവർത്തകയുടെ വസ്ത്രം പൊലീസ് വലിച്ചുകീറി.
രോഷാകുലരായ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കി. വീണ്ടും ലാത്തിച്ചാർജായി. അറസ്റ്റുചെയ്ത് നീക്കാൻ വന്ന പൊലീസ് ബസിന്റെ ചില്ല് തകർത്തു. വനിതകളുൾപ്പെടെയുള്ള പ്രവർത്തകരെ അറസ്റ്റുചെയ്ത് കയറ്റിയ ബസ് തടഞ്ഞു. പ്രവർത്തകരെ പുറത്തിറക്കി. ലാത്തിച്ചാർജ് നടത്തി പ്രവർത്തകരെ ഓടിച്ചശേഷം അറസ്റ്റുചെയ്തവരെ സായുധസേന ക്യാമ്പിലേക്ക് കൊണ്ടുപോയി.
വനിതാ പ്രവർത്തകരെ പൊലീസ് ആക്രമിച്ചതിനെതിരെ രാഹുൽ മാങ്കൂട്ടത്തലിന്റെ നേതൃത്വത്തിൽ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം. വിൻസെന്റ് എം.എൽ.എ തുടങ്ങിയ നേതാക്കൾ മാർച്ചിൽ പങ്കെടുത്തു.
പ്രതിപക്ഷനേതാവ് മോചിപ്പിച്ചു
ലാത്തിച്ചാർജിൽനിന്ന് രക്ഷപ്പെടാൻ ഏഴോളം വനിതാ പ്രവർത്തകർ സമീപത്തെ കടയ്ക്കുള്ളിൽ അഭയം പ്രാപിച്ചിരുന്നു. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതോടെ പ്രതിഷേധം കനത്തു. സ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കസ്റ്റഡിയിൽനിന്ന് ഇവരെ മോചിപ്പിച്ച് ഔദ്യോഗിക വാഹനത്തിൽ ഡി.സി.സി ഓഫീസിലേക്ക് കൊണ്ടുപോയി. പൊലീസ് വാഹനം തകർത്തവരെ പിടികൂടാൻ പൊലീസ് ഡി.സി.സി ഓഫീസിൽ എത്തിയെങ്കിലും നേതാക്കൾ അടക്കമുള്ളവർ കനത്ത പ്രതിരോധം തീർത്തു.
എണ്ണിയെണ്ണി തിരിച്ചടിക്കും:
വി.ഡി. സതീശൻ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച പൊലീസുകാരെ തിരിച്ചടിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി.
ശരിയായ വകുപ്പുകൾ ചേർത്ത്
പൊലീസുകാരെ അറസ്റ്റ് ചെയ്യണം. മുഖ്യമന്ത്രിയുടെ ഗൺമാൻ, പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാർ എന്നിവർക്കെതിരെ നിയമനടപടിയെടുക്കണം. അല്ലെങ്കിൽ തിരിച്ചടിക്കും. എണ്ണി എണ്ണി അടിക്കും. ആക്രമിച്ച എല്ലാ പൊലീസുകാരുടെയും പേരും മേൽവിലാസവും കൈയിലുണ്ട്.
സാഡിസ്റ്റ്, ക്രിമിനൽ മനസ്സുള്ളയാളാണ് മുഖ്യമന്ത്രി. ക്രിമിനലുകളെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരായി കൊണ്ടുനടക്കുന്ന ഭീരുവാണ്.
യൂത്ത് കോൺഗ്രസ് സമരം പുതിയ അദ്ധ്യായമാണ്.
സി.പി.എമ്മിനെ ആറടി മണ്ണിൽ കുഴിച്ചിടാനാണ് നവകേരള സദസുമായി മുഖ്യമന്ത്രി വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |