പാലക്കാട്: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് തിരഞ്ഞെടുപ്പിൽ മത്സരിക്കും. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഷാനിബ്. കൂടുതൽ കാര്യങ്ങൾ ഇന്ന് 10.45ന് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും ഷാനിബ് വ്യക്തമാക്കി. നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ ഷാനിബിനെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു.
കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ കോൺഗ്രസിനെതിരെ ഷാനിബ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 'സ്വതന്ത്ര്യ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. ഷാഫി പറമ്പിലും വി ഡി സതീശനും ഉൾപ്പെടുന്ന വലിയ കോക്കസിനെതിരായുളള പോരാട്ടമാണ്. ഇരുവരുടെയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് മത്സരം. പാലക്കാട് വടകര ആറന്മുള കരാർ കോൺഗ്രസും ആർഎസ്‌എസും തമ്മിലുണ്ട്. ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ. കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നത്. സിപിഎം തുടർഭരണം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയ്യാറല്ല.
പാലക്കാട് ഒരു സമുദായത്തിൽപ്പെട്ട നേതാക്കളെ കോൺഗ്രസ് പൂർണമായും തഴയുകയാണ്. ആ സമുദായത്തിൽ നിന്ന് താൻ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. എതിർ നിലപാട് പറഞ്ഞാൽ ഫാൻസ് അസോസിയേഷൻകാരെക്കൊണ്ട് അപമാനിക്കും. ഷാഫിക്കുവേണ്ടി യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് രീതി തന്നെ മാറ്റി. ഉമ്മൻ ചാണ്ടി അസുഖ ബാധിതനായതോടെയാണ് ഷാഫി പറമ്പിൽ കൂടുതൽ തലപൊക്കിയത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മൻ ചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചു. ഷാഫി അത് അട്ടിമറിച്ച് വിഡി സതീശനൊപ്പം നിന്നു.'- എന്നായിരുന്നു ഷാനിബ് വിമർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |