തൃശൂർ: വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ അടാട്ടാണ് സംഭവം. കുഞ്ഞിന്റേത് സ്വാഭാവിക മരണമാണെന്നാണ് കുഞ്ഞിന്റെ അമ്മ പൊലീസിനോട് പറഞ്ഞത്. എന്നാൽ മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു.
പ്രസവ വിവരം മറച്ചുവച്ച 42കാരി കഴിഞ്ഞ ദിവസം വെെകിട്ടാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തസ്രാവത്തിന് ചികിത്സതേടിയത്. ചികിത്സ നൽകിയപ്പോഴാണ് ഇവർ ഗർഭിണിയായിരുന്നുവെന്നും പ്രസവം നടന്നെന്നും ഡോക്ടർമാർ കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് യുവതിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാതശിശുവിനെ മരിച്ചനിലയിൽ കണ്ടത്. കുഞ്ഞിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. വിവാഹമോചിതയായ യുവതി ഗർഭകാലവും പ്രസവവും മറച്ചുവച്ചിരുന്നു. ഇവർക്ക് 18 വയസുള്ള ഒരു മകനുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി പൊലീസിന്റെ നിരീക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |