പത്തനംതിട്ട: തീർത്ഥാടകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് കെഎസ്ആർടിസിയ‌്ക്ക് മൈക്ക് അനൗൺസ്‌മെന്റ് സിസ്‌റ്റം ലഭ്യമാക്കാത്തതിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരോട് കയർത്ത് മന്ത്രി ഗണേശ് കുമാർ. മൈക്ക് വാടകയ‌്ക്ക് ഏത്രയും വേഗം ഏർപ്പാടാക്കി നൽകണമെന്നും, അതല്ലെങ്കിൽ ഉത്തരവാദിത്തം ദേവസ്വം ബോർഡിനായിരുക്കുമെന്ന മുന്നറിയിപ്പും ഗണേശ് കുമാർ നൽകി. എഡിജിപി ശ്രീജിത്ത്, കെ.യു ജനീഷ് കുമാർ എംഎൽഎ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിലായിരുന്നു മന്ത്രിയുടെ വിമർശനം.
''നിങ്ങൾ മൈക്ക് തന്നാൽ അനൗൺസ് ചെയ്യാം. അല്ലാതെ കെഎസ്ആർടിസിയുടെ ചെലവിൽ അനൗൺസ് ചെയ്യുന്നില്ല. ഞാൻ ദേവസ്വം ബോർഡ് പ്രസിഡന്റിനെ വിളിക്കാം. നിങ്ങൾ മൈക്ക് വാടകയ‌്ക്ക് എടുത്ത് തരൂ, നോട്ട് എണ്ണുന്ന മെഷീൻ മാത്രം മതിയോ? അനൗൺസ് ചെയ്യാൻ കെഎസ്ആർടിസി ജീവനക്കാർ റെഡിയാണ്. നിങ്ങൾ വാടകയ‌്ക്ക് പോലും മൈക്ക് കൊടുക്കില്ല എന്ന് പറഞ്ഞാൽ. സ്ഥിരമായിട്ട് വാങ്ങിക്കൊടുക്കാനല്ല പറഞ്ഞത്. തീർത്ഥാടകർ അറിയിപ്പ് കിട്ടാതെ അലഞ്ഞോട്ടെ എന്നാണെങ്കിൽ ഉത്തരവാദിത്തം ദേവസ്വം ബോർഡിനായിരിക്കും''. ഇക്കാര്യത്തിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർക്കായിരിക്കും ഉത്തരവാദിത്തമെന്നും ഗണേശ് കുമാർ ഉദ്യോഗസ്ഥരെ അറിയിച്ചു.
''ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞാൽ കേൾക്കാതിരിക്കാൻ കഴിയില്ലെന്നും ഗണശ് കുമാർ സ്വയം വിശേഷിപ്പിച്ചു. മന്ത്രിപറയുന്നതിന് അപ്പുറമല്ലല്ലോ ബോർഡ് പറയുന്നത്. അടിയന്തരമായി മൈക്ക് വാടകയ‌്ക്ക് എടുത്തുകൊടുക്കണം. തിക്കും തിരക്കുമുണ്ടായി പൊലീസിന്റെ നിർദേശം അനുസരിച്ച് കെഎസ്ആർടിസിയ‌്ക്ക് തീർത്ഥാടകർക്ക് അറിയിപ്പ് നൽകാൻ കഴിയാതെ വന്നാൽ അത് കുഴപ്പമാകും''. മൈക്ക് അനുവദിച്ചതിന്റെ പേരിൽ ദേവസ്വം ബോർഡിൽ നിന്ന് പണം അടയ‌്‌ക്കണമെന്ന് പറഞ്ഞാൽ തന്നെ വിളിച്ചാൽ മതിയെന്ന ഉപദേശവും എ.ഒയ‌്ക്ക് നൽകിയാണ് മന്ത്രി വാക്കുകൾ അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |